ബംഗ്ലാദേശ് പ്രതിസന്ധി രൂക്ഷമായതോടെ ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കി

അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടെ രാജ്യം വിട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കി. തിങ്കളാഴ്ച ഉച്ചയോടെ അവര്‍ ഇന്ത്യയിലെത്തിയതോടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുമായി അടുത്ത വൃത്തങ്ങൾ നടപടി സ്ഥിരീകരിച്ചു. യുകെയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായതിനാൽ അവർ ഇപ്പോൾ ഇന്ത്യയിലാണ്.

ബംഗ്ലാദേശിൽ അക്രമം രൂക്ഷമായതിനെ തുടർന്ന് രാജിവെച്ച ഷെയ്ഖ് ഹസീന, സഹോദരി ഷെയ്ഖ് രഹനയ്‌ക്കൊപ്പം
ഇന്ത്യയിലെ ഹിൻഡൺ എയർബേസിൽ വിമാനമിറങ്ങി. ഇന്ത്യന്‍ അധികൃതര്‍ മുൻ പ്രധാനമന്ത്രിയെ അതീവ സുരക്ഷയുള്ള, അജ്ഞാത സ്ഥലത്തേക്ക് മാറ്റി. തുടക്കത്തിൽ ലണ്ടനിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും, യുകെയിലെ നിയമപരമായ സങ്കീർണതകൾ കാരണം ഹസീന ഇപ്പോൾ ബദൽ ഓപ്ഷനുകൾ തേടുകയാണ്. രഹനയ്ക്ക് യുകെ പൗരത്വം ഉണ്ട്, എന്നാൽ ഹസീന അവരുമായി ചേരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഹസീനയുമായി യു എസിന്റെ ബന്ധം അത്ര രസത്തിലല്ല. ജനുവരിയിൽ ബംഗ്ലാദേശിലെ വിവാദമായ തിരഞ്ഞെടുപ്പിന് ശേഷം, സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് യുഎസ് വിമർശിച്ചതോടെയാണ് ബന്ധം വഷളായത്. ജനാധിപത്യ തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതിന് ബംഗ്ലാദേശിൽ സന്തുലിതമായ ഇടക്കാല ഗവൺമെൻ്റ് സ്ഥാപിക്കണമെന്ന് യുഎസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ ആഹ്വാനം ചെയ്തിരുന്നു. “നിയമപരമായ പ്രതിഷേധങ്ങളോടുള്ള പിഎം ഹസീനയുടെ അക്രമാസക്തമായ പ്രതികരണം അവരുടെ തുടർഭരണം അസാധ്യമാക്കി” എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഹസീനയുടെ പാർട്ടി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും അമേരിക്ക വിസ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നിലവിലുള്ള സംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആഭ്യന്തര കലാപത്തെത്തുടർന്ന് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് നേരത്തെ പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു.

ഹസീനയുടെ മകൻ സജീബ് വാസേദ് ജോയ്, അമ്മയുടെ ഈ അവസ്ഥയില്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു. അവർ രാജിയെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും കുടുംബത്തിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് ഉപേക്ഷിച്ചതെന്നും സൂചിപ്പിച്ചു. ഹസീന ഇന്ത്യയിലേക്കുള്ള അടിയന്തര യാത്രാനുമതി അഭ്യർത്ഥിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്ഥിരീകരിച്ചു, ബംഗ്ലാദേശിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് പാർലമെൻ്റിനെ ധരിപ്പിച്ചു. ഹസീനയുടെ അടുത്ത നടപടികൾ തീരുമാനിക്കാൻ ഇന്ത്യൻ സർക്കാർ സമയം അനുവദിക്കുകയാണെന്ന് ജയശങ്കർ ഊന്നിപ്പറഞ്ഞു. “ബംഗ്ലാദേശിലെ സ്ഥിതി ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്നും അദ്ദേഹം കുറിച്ചു.

Print Friendly, PDF & Email

Leave a Comment

More News