ഓരോ ഭാരതീയന്റെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയ പാരീസ് ഒളിമ്പിക്സിലെ ഗുസ്തി താരത്തിന്റെ അയോഗ്യത രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭാ ചെയര്മാന് നിരോധിച്ചത്, എം.പിമാര്‍ സഭ ബഹിഷ്ക്കരിച്ചതോടെ രാഷ്ട്രീയ നിറവും കൈവന്നിരിക്കുന്നു. ഒരു ജനതയുടെ സ്വപ്നസാക്ഷത്ക്കാരമാണ് ഓരോ ഒളിപിക്സ്. ഓരോ ഒളിമ്പിക്സിന്റെ ലക്ഷ്യം പുതിയ ഉയരം, പുതിയ വേഗം, പുതിയ മുഖം ഇതൊക്കെയാണ്.
2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സ് മാധ്യമം പ്രതത്തിന് വേണ്ടി ഒരു മാസക്കാലം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഈ വിസ്മയങ്ങളുടെ വാതായനം ഞാന്‍ തിരിച്ചറിഞ്ഞത്. അന്നും അല്ലറ ചില്ലറ കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ലോക കായിക മാമാങ്കത്തിന്റെ പാരമ്പര്യ പ്രൗഢിക്ക് വെളിച്ചത്തിന്റെ നഗരമായ പാരീസ് മിഴി തുറന്നപ്പോള്‍ ആ വെളിച്ചം നിഴലുകളായി മാറുമെന്ന് പ്രതീക്ഷിച്ചില്ല. ഒളിമ്പിക്സ് ഗുസ്തി സ്വര്‍ണ്ണം അല്ലെങ്കില്‍ വെള്ളി മെഡല്‍ ഇന്ത്യയിലേക്ക് വിനേഷ് ഫോഗാട്ട് കൊണ്ടുവരാതെ “ഞാന്‍ തോറ്റു. ഗുസ്തി ജയിച്ചു” എന്ന വിങ്ങുന്ന വാക്കുകള്‍ കണ്ണീരോടെ പറയുമ്പോള്‍ ആരുടെയും മിഴികള്‍ നിറഞ്ഞുതുളുമ്പും. ഇന്ത്യയിലെ 142 കോടി ജനങ്ങളുടെ പ്രവാസി ഇന്ത്യക്കാരുടെ ഹൃദയത്തിനേറ്റ ഉണങ്ങാത്ത മുറിവ്. ഇത് ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഒരു ചോദ്യം അവശേഷിക്കുന്നത് ആരാണ് വിനേഷിനെ വീഴ്ത്തിയത്? ഒറ്റ ദിവസം കൊണ്ട് വിനേഷിന്റെ ശരീരഭാരം കൂട്ടിയത് ആരാണ്?
ലോകം മുഴുവന്‍ ഭാരതീയരടക്കം പാരിസിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് നമ്മുടെ മനം കവര്‍ന്ന കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ ജേതാവ്, പാരീസ് ഗുസ്തിയില്‍ ജപ്പാന്റെ ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ച, 2018-ലെ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് അങ്ങനെ എത്രയോ മെഡല്‍ നേടിയ വിനേഷ് ഫൈനലില്‍ ഇടം നേടി ഇപ്പോള്‍ വെള്ളി മെഡലിന് വേണ്ടി കായിക കോടതിയെ സമീപിച്ചിരിക്കുന്നു. കാരണം 50 കിലോഗ്രാം വിഭാഗത്തില്‍ ശരീര ഭാരം 100 ഗ്രാം കൂടിപ്പോയി. ഈ ഒറ്റ കാരണത്തിനാണ് ലോക റെസ്ലിങ് അയോഗ്യത കല്പിച്ചത്. ഇപ്പോഴാണ് നമ്മള് മനസ്സിലാക്കുന്നത് ഗ്രാം എന്ന സാധനത്തിന് ഇത്ര വിലയോ? അമേരിക്ക ഐക്യ രാഷ്ടസഭയിലൂടെ ഓരോ രാജ്യത്തെ വരുതിയിലാക്കുന്നതുപോലെ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ ബ്രാന്റിനെ നേരിടാനിരിക്കുമ്പോഴാണ് ഈ തിരിച്ചടി നേരിടുന്നത്. ഇതില്‍ അമേരിക്കന്‍ കായിക രംഗത്തുള്ളവരുടെ ഇടപെടലുണ്ടായോ? അതോ കായിക താരങ്ങള്‍ ഡല്‍ഹിയില്‍ ഒരു എം.പി.ഏഴ് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയപ്പോള്‍ സമര പോരാട്ട പ്രതിഷേധവുമായി വിനേഷ് എന്ന ധീരവനിത രംഗത്ത് വന്നതിന്റെ പ്രതികാര നടപടിയോ? നീതി ലഭിക്കില്ലെങ്കില്‍ അവര്‍ക്ക് കിട്ടിയ കായിക മെഡല്‍ ഗംഗയില്‍ വലിച്ചെറിയുമെന്നുവരെ പ്രഖ്യാപിച്ചു. കായിക താരങ്ങളോട് അതിക്രമം നടത്തുന്നവര്‍ സാധാരണ പെണ്‍കുട്ടികളെ വെറുതെ വിടുമോ? അവരുടെ പരാതി എന്തായി? കുറ്റവാളികളെ ശിക്ഷിച്ചോ?
ഇന്ത്യയുടെ കായിക ചരിത്രം മാറ്റിയെഴുതാന്‍ വന്ന കായിക താരത്തോട് ഇത്ര ക്രുരത മനുഷ്യത്വമുള്ളവര്‍ കാട്ടുമോ? താമര നമ്മുടെ ദേശീയ പുഷ്പമാണ്. മനുഷ്യര്‍ താമരയെ പോലെ ശിരസ്സുയര്‍ത്തി ജീവിക്കണമെന്നാണ് അടിസ്ഥാന പ്രമാണം. അതിന്റെ മഹത്വം നമ്മില്‍ ഇല്ലാത്തതുപോലെയാണ് ഓരോ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എന്ന് പറഞ്ഞാല്‍ കണക്കപ്പിള്ളയുടെ വീട്ടില്‍ വറുക്കലും പൊരിക്കലും, കണക്കു നോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും മാത്രം. ഇതാണ് ഇന്ത്യയുടെ സാമൂഹിക ചിത്രം. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, അനീതി, മതസ്പര്‍ദ്ധ തുടങ്ങി കലാ സാഹിത്യ രംഗത്തും ഇതൊക്കെയാണ് സംഭവിക്കുന്നത്. ഗംഗയില്‍ കായിക മെഡല്‍ വലിച്ചെറിയുമെന്ന് പറഞ്ഞതുപോലെ പല പ്രമുഖ സാഹിത്യ പ്രതിഭകള്‍ എഴുത്തുകാരെ കൊന്നൊടുക്കിയതിനും, ഈ രംഗത്ത് നടക്കുന്ന അനീതിക്കെതിരെ അവര്‍ക്ക് കിട്ടിയ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്.
സംസ്കാര സമ്പന്നമായ ഒരു ജനത കലാ സാഹിത്യ ശാസ്ത്ര കായിക രംഗങ്ങളില്‍ രാഷ്ട്രീയ നിറം നോക്കി പദവികള്‍, പുരസ്കാരങ്ങള്‍, നിയമനം നടത്തുക എത്ര ബാലിശമാണ്. കേരളത്തില്‍പ്പോലും ഇത് സംഭവിക്കുന്നു. ഒരാളുടെ യോഗ്യതയല്ല അളവ്കോല് അതിലുപരി രാഷ്ട്രീയ നിറമാണ്. ഇതിലൂടെ എത്രയോ യോഗ്യതയുള്ളവര്‍ അയോഗ്യരാകുന്നു. ഈ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീര്‍ണ്ണത, വൈകൃതം എത്ര ദയനീയമാണ്. ഇതൊക്കെ എന്നവസാനിക്കും? സത്യം എത്രനാള്‍ മൂടിവെക്കും, വളച്ചൊടിക്കും. ഇന്നല്ലെങ്കില്‍ നാളെ ഈ കൂട്ടര് യാഥാര്‍ത്ഥ്യത്തിന്റെ പരുപരുത്ത മുഖങ്ങളെ നേരിടേണ്ടി വരും. വിനേഷിനെ കണ്ണീരിലാഴ്ത്തിയത്,വറുക്കലും പൊരിക്കലും നടത്തിയത് രാഷ്ട്രീയ ലോബിയാണോ? വിനേഷിന്റെ ഭാരം കൂട്ടുന്നതില്‍ പരിശീലകന്, ഡയറ്റിഷ്യന്‍, അവരുടെ മെഡിക്കല്‍ സംഘം തുടങ്ങിയവരുടെ പങ്ക് എന്താണ്?
ഇത് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെ മനസ്സിലെ നീറുന്ന വിങ്ങലാണ്. ഇവിടെ നിരുത്തരവാദപരമായ ഒരു സമീപനമല്ല വേണ്ടത്. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒരു ഭരണകൂടത്തിനും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. പ്രശ്നങ്ങളുടെ യഥാര്‍ത്ഥ മുഖത്തെ കണ്ടെത്തുകയാണ് വേണ്ടത്. സംഗീത സാഹിത്യ രംഗം ജാതിമത രാഷ്ട്രീയ സേവ നടത്താത്ത ഭരണ വര്‍ഗ്ഗ താല്പര്യമില്ലാത്ത ദല്ലാളന്മാരാകാത്തതുകൊണ്ട് പാര്‍ട്ടി പങ്കാളിത്വമില്ലാത്തതുകൊണ്ട് അവരെ ബോധപൂര്‍വ്വം തള്ളിക്കളയുന്നു. രാഷ്ട്രീയ നിറമുള്ള സ്വാര്‍ത്ഥമതികള്‍ ഭരണ വര്‍ഗ്ഗത്തിന്റെ അപ്പക്കഷണങ്ങള്‍ തിന്നു ജീവിക്കുന്നു. നിസ്സഹായരായ കലാകായിക രംഗത്തുള്ളവര്‍ വിനേഷിനെപോലെ വേദനിക്കുന്നുണ്ട്. ഭരണകൂടങ്ങള്‍ സ്ഥാപിത താല്പര്യക്കാരുടെ കരവലയത്തിലായാല്‍ ഫലപ്രദമായി പ്രശ്നങ്ങളുടെ ശരിയായ പൊരുള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല.
ആത്മാഭിമാനത്തോടെ പാരീസിന്റെ മടിത്തട്ടില്‍ ഇന്ത്യന്‍ പതാകയേന്തി കായിക താരങ്ങള്‍ നടന്ന് കണ്ടവര്‍ ഇന്ന് നിരാശരാണ്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ പിന്തുണച്ചതും, ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് അപ്പീല്‍ നല്‍കിയത്, ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി പലരും വേദനയും നിരാശയും പങ്കുവെച്ചു. ആഭ്യന്തര മന്ത്രി പറഞ്ഞതുപോലെ ഇത് ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ത്ത നടപടിയാണ്. സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷിച്ച വിനേഷിന്റെ പിതാവ് പറഞ്ഞത് അന്‍പത് നൂറു ഗ്രാം കൂടിയാല്‍ സാധാരണയായി അയോഗ്യരാക്കില്ലെന്നാണ്. ഹരിയാനയുടെ മകള്‍ക്ക് സര്‍ക്കാര്‍ സ്വര്‍ണ്ണ മെഡലിന്റെ എല്ലാ ബഹുമതികളും കൊടുക്കുമെന്നറിയിച്ചു. അങ്ങനെ എല്ലാവരും ആ ധീരവനിതയുടെ പിന്നില്‍ അണിനിരക്കട്ടെ. അടുത്ത ഒളിമ്പിക്സില്‍ ആരും വീഴ്ത്താതെ മെഡല്‍ കൊണ്ടുവരാന്‍ ഇടവരട്ടെ. ഇതിന്റെ പിന്നിലെ കറുത്ത കൈകളെ കണ്ടെത്തേണ്ടത് ഭരണകൂടമാണ്. അതവര് ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു.