ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ഹിന്ദു സംഘടനയുടെ ആക്രമണം

ഗാസിയാബാദ്: ഹിന്ദു രക്ഷാ ദൾ (എച്ച്ആർഡി) നേതാവ് ഭൂപേന്ദ്ര തോമർ എന്ന പിങ്കി ചൗധരിയുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം ഗാസിയാബാദിലെ ഗുൽധാർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള കവി നഗർ പ്രദേശത്തെ ചേരികളിൽ താമസിക്കുന്ന മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി.

ആക്രമണത്തിൻ്റെ രണ്ട് വീഡിയോകൾ – സംഘടനയുടെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആദ്യം പ്രചരിച്ചത് – അക്രമികള്‍ ഒരു കൂട്ടം കൂടാരങ്ങൾ നശിപ്പിക്കുന്നതും താമസക്കാരുടെ സാധനങ്ങൾക്ക് തീയിടുന്നതും മുസ്ലീങ്ങളെ വടികൊണ്ട് ആക്രമിക്കുന്നതും ആവർത്തിച്ച് മതപരമായ അധിക്ഷേപങ്ങൾ ചെയ്യുന്നത് കാണാൻ കഴിയും. ഈ ആഴ്ച ഈ സംഘടന നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.

അക്രമികൾ കുടിലുകൾ കത്തിക്കുക മാത്രമല്ല മുസ്‌ലിംകളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ച ശേഷം അവരുടെ വസ്ത്രങ്ങളും സാധനങ്ങളും കത്തിക്കുകയും ചെയ്തു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി നൽകണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്ന സാഹചര്യത്തിലാണ് ഈ ആക്രമണങ്ങൾ അരങ്ങേറിയത്. ഇവരിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ നിതീഷ് റാണെ, മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപി കങ്കണ റണാവത്ത് എന്നിവർ പ്രമുഖരാണ്.

“ബംഗ്ലാദേശിൽ ഹിന്ദുക്കളെ ടാർഗെറ്റു ചെയ്‌ത് കൊലപ്പെടുത്തുകയാണെങ്കിൽ, ഒരു ബംഗ്ലാദേശിയെപ്പോലും ഇവിടെ താമസിക്കാന്‍ ഞങ്ങൾ എന്തിന് അനുവദിക്കണം? ഞങ്ങളും അവരെ ലക്ഷ്യമാക്കി ആക്രമിക്കും, കൊല്ലും,” റാണെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി.

“ഇന്ത്യ തീവ്രവാദികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വാളുകൾ സൂക്ഷിക്കുക, എല്ലാ ദിവസവും ചില പോരാട്ട ശൈലികൾ പരിശീലിക്കുക. സ്വയം പ്രതിരോധത്തിനായി ദിവസവും 10 മിനിറ്റ് നൽകുക,” ഇന്ത്യയെ ഇസ്രായേലുമായി താരതമ്യപ്പെടുത്തി കങ്കണ റണാവത്ത് എഴുതി.

ഈ ആക്രമണത്തിന് ഒരു ദിവസം മുമ്പ്, മറ്റൊരു എച്ച്ആർഡി അസോസിയേറ്റ് ദക്ഷ് ചൗധരി ഡൽഹിയിലെ ശാസ്ത്രി നഗറിലെ ഒരു ചേരി ആക്രമിക്കുകയും അവിടെ താമസിക്കുന്നവർ അനധികൃത ബംഗ്ലാദേശികളാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

വിദ്വേഷ പ്രസംഗങ്ങളുടെയും ആക്രമണങ്ങളുടെയും ചരിത്രമാണ് ചൗധരിക്കുള്ളത്. അടുത്തിടെ സമാപിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവും വടക്കുകിഴക്കൻ ഡൽഹി സ്ഥാനാർത്ഥിയുമായ കനയ്യ കുമാറിനെ ആക്രമിച്ച രണ്ടുപേരിൽ ഒരാളാണ് അയാള്‍. തെരഞ്ഞെടുപ്പിന് ശേഷം, അയോദ്ധ്യയിലെ ബിജെപിയുടെ തോൽവിക്ക് ശേഷം അയോദ്ധ്യ നിവാസികളെ അധിക്ഷേപിച്ചതിനും അവരെ രാജ്യദ്രോഹികൾ എന്ന് വിളിച്ചതിനും
ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ആക്രമണത്തെ പിന്തുണച്ച് പിങ്കി ചൗധരി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിപ്പിക്കുകയും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കരുതെന്നും എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്യണമെന്നും ഡൽഹി പോലീസിന് മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അക്രമങ്ങൾക്ക് മറുപടിയായാണ് ഈ ആക്രമണങ്ങളെന്നും അവകാശപ്പെട്ടു.

ആഗസ്റ്റ് 7 ന് പുറത്തിറങ്ങിയ മറ്റൊരു വീഡിയോയിൽ പിങ്കി പറഞ്ഞു, “ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുന്ന രീതിയിലും സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുന്നതിലും ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നതിലും ലോകം മുഴുവൻ നിശബ്ദമാണ്. ആരും ഒന്നും പറയാൻ തയ്യാറല്ല. അതിക്രമങ്ങൾ അവസാനിച്ചില്ലെങ്കിൽ ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശികൾ ഞങ്ങളുടെ റഡാറിലാണ്. അവർ താമസിക്കുന്ന എല്ലാ സ്ഥലങ്ങളും എനിക്കറിയാം, ഞാൻ അവരെ വെറുതെ വിടില്ല… അവസാനം വരെ ഞാൻ പോരാടും.”

ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന ധാക്കയിൽ നിന്ന് പോയതിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നിരവധി ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നുമുതൽ, ഇന്ത്യയിലെ വലതുപക്ഷ സോഷ്യൽ മീഡിയ ക്യാമ്പ് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള പ്രചരണങ്ങളും വിദ്വേഷ പ്രസംഗങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യൻ മുസ്ലീങ്ങളെ ആക്രമിക്കാൻ ചൗധരിയും മറ്റുള്ളവരും ഈ അവസരം ഉപയോഗിച്ചു.

പ്രസ്തുത ചേരിയിലെ ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കുറിച്ചുള്ള പിങ്കിയുടെ തെറ്റായ അവകാശവാദങ്ങൾ ഗാസിയാബാദ് പോലീസ് തള്ളിക്കളഞ്ഞു. ആക്രമണത്തിനിരയായവർ വിദേശികളല്ലെന്നും ഇന്ത്യൻ പൗരന്മാരും ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ താമസിക്കുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ലോക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2014 ൽ ആം ആദ്മി പാർട്ടി ഓഫീസ് തകർത്തതിന് ശേഷമാണ് പിങ്കി ചൗധരി ആദ്യമായി ശ്രദ്ധ നേടിയത്. 2020 ജനുവരിയിൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

2021 ഏപ്രിലിൽ, പിങ്കിയുടെ ഒരു വീഡിയോയില്‍ “ഞങ്ങൾ ഖുറാൻ കീറുകയും അത് വായിക്കുന്നവരെ ഇല്ലാതാക്കുകയും ചെയ്യും” എന്ന് പറഞ്ഞിരുന്നു.

2021 ഏപ്രിൽ 8 ന് പുറത്തുവിട്ട മറ്റൊരു വൈറൽ വീഡിയോയിൽ, ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ്റെ തലവെട്ടുന്നവർക്ക് 51 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ചൗധരി വാഗ്ദാനം ചെയ്തിരുന്നു.

2021 ഓഗസ്റ്റിൽ, ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന വിദ്വേഷ റാലിയുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ആ റാലിയിൽ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.

“ഞങ്ങൾ നമ്മുടെ യുവത്വത്തെ ഉണർത്താനുള്ള ശ്രമത്തിലാണ്. ഞങ്ങൾ മുല്ലമാരെ അവരുടെ ശവകുടീരങ്ങളിൽ നിന്ന് പുറത്തെടുത്ത് പൂർണ്ണമായും ഇല്ലാതാക്കും. ഏപ്രിൽ 2 വരെ കാത്തിരിക്കൂ, മുസ്ലീങ്ങൾ ഒന്നുകിൽ ഹിന്ദുമതത്തിലേക്ക് മാറുകയോ പാക്കിസ്താനിലേക്ക് നാടുകടത്തപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഞങ്ങൾ സൃഷ്ടിക്കുന്നത് നിങ്ങൾ കാണും,” ഒരു വലതുപക്ഷ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ പിങ്കി ചൗധരി പറഞ്ഞു.

വലതുപക്ഷ അക്രമികൾ അസദുദ്ദീൻ ഒവൈസിയെ വധിക്കാൻ ശ്രമിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ലോക്‌സഭാ എംപി ഒവൈസിയുടെ തലവെട്ടാൻ പിങ്കി തൻ്റെ അനുയായികളോട് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു.

2023ൽ പോലീസിനോട് മോശമായി പെരുമാറുന്ന വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News