രാജാപ്പാര്‍ട്ടു വേഷം കെട്ടി നടക്കുന്ന നേതാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേടില്ലാതെ, തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടത്തപ്പെട്ട ‘പുന്റക്കാനാ ഫോമാ കണ്വന്ഷന്’ ജനപങ്കാളിത്തം കൊണ്ട് ഒരു വന്‍ വിജയമായിരുന്നു എന്നു നിസ്സംശയം പറയാം. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജൂ തോണിക്കടവില്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
താലപ്പൊലിയും ചെണ്ടമേളവും അരങ്ങു കൊഴുപ്പിച്ച ഉദ്ഘാടന ഘോഷയാത്ര അതിഗംഭീരമായി. ഉദ്ഘാടന വേദിയും മിതത്വം കൊണ്ട് മികവുറ്റതായി.
ജനറല്‍ ബോഡിയിലും തെരഞ്ഞെടുപ്പു വേളയിലും ചില പൊട്ടലും ചീറ്റലും ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും പരിചയസമ്പന്നരായ ചുമതലക്കാര്‍ അതെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.
പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനും അദ്ദേഹത്തിന്റെ പാനലില്‍പ്പെട്ട എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
തന്റെ ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും ഫോമയിലും സമൂഹത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തോമസ് ടി. ഉമ്മന്‍ മാന്യമായി പ്രസ്താവിച്ചത് അദ്ദേഹത്തോടുള്ള മതിപ്പ് ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളോട് ഒരു അഭ്യര്‍ത്ഥന, ദയവായി കണ്വന്ഷന് അമേരിക്കയില്‍ എവിടെയെങ്കിലും നടത്തണം.
കഴിഞ്ഞതവണ കാണ്‍കൂണ്‍!
ഇത്തവണ പുന്റക്കാനാ!!
എന്നെപ്പോലെയുള്ളവര്‍ ഈ സ്ഥലപ്പേരുകള്‍ മലയാളീകരിച്ച് ഉച്ചരിക്കുമ്പോള്‍ ഒരു അശ്ലീലച്ചുവയുണ്ട്. അമേരിക്കയില്‍ അംഗ്രേസി സംസാരിക്കുന്ന അന്‍പതു സംസ്ഥാനങ്ങളുണ്ടല്ലോ! അവിടെയെല്ലാം കണ്വന്ഷന് സെന്ററുകളുമുണ്ട്.
“വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന്
നാട്ടില്‍ തേടി നടപ്പൂ…?”
ഇവിടെ വന്നപ്പോഴാണ് മറ്റൊരു പ്രശ്നം. ഒരൊറ്റയെണ്ണത്തിന് ഇംഗ്ലീഷ് അറിയില്ല. ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായിട്ടുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇംഗ്ലീഷിനു വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് എന്നെ അത്ഭുതപ്പെടുത്തി.
പ്രിയ സുഹൃത്ത് സണ്ണി കല്ലൂപ്പാറ കൂടെനിന്ന് രജിസ്ട്രേഷനും ചെക്കിന് പ്രോസസും എളുപ്പത്തില്‍ നടത്തിത്തന്നത് വളരെ സഹായകരമായി.
റൂം തുറന്ന് കയറിയപ്പോള്‍ സന്തോഷം തോന്നി. അടിപൊളി സെറ്റപ്പ്. ബാല്‍ക്കണിയില്‍ നിന്നാല്‍ സുന്ദരശീതളമായ കടല്‍ക്കാറ്റ്. കാറ്റില്‍ ഇളകിയാടുന്ന തെങ്ങോലകള്‍. നീലാകാശത്തിനു താഴെ വട്ടമിട്ടു പറക്കുന്ന കടല്‍പ്പക്ഷികള്‍, സൂര്യ കിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്ന തിരമാലകള്‍, തിരമാലകളില്‍ നീന്തിത്തുടിക്കുന്ന അല്പവസ്ത്രധാരികളായ തരുണീമണികള്‍… എന്റെ പൊന്നോ!
“സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നിര്‍ത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെയൊന്നു ചേര്‍ന്നലിഞ്ഞതോ”
ഭൂമി ഇത്ര സുന്ദരമോ?
“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്ന് അറിയാതെ പാടിപ്പോയി.
എന്നാല്‍, ഇനി ഒരു കുളി പാസ്സാക്കിയിട്ട് അടുത്ത കാര്യപരിപാടികളിലേക്കു കടക്കാമെന്നു കരുതി ബാത്തുറൂമില്‍ കയറി.
എവിടെയോ എന്തോ ഒരു പന്തികേട്!
ഷവര്‍ റൂമിനു ഒരു ഹാഫ് ഡോറേയുള്ളൂ, അതും ഗ്ലാസ് ഡോര്‍. മുന്നിലും പിറകിലുമെല്ലാം കണ്ണാടി. നോ പ്രൈവസി!
“നിവൃത്തിയില്ലെങ്കില്‍ നീതിമാന് എന്തു ചെയ്യും?” രണ്ടും കല്പിച്ച് ഷവര്‍ ഓണ്‍ ചെയ്തു. വെള്ളത്തിന് ഉപ്പുരസം.
കുറച്ചു കഴിഞ്ഞപ്പോള്‍ അടക്കിപ്പിടിച്ച ഒരു ചിരി. മറ്റാരുമല്ല എന്റെ ഭാര്യ തന്നെ. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവള് എന്നെ പിറന്നപടി കാണുന്നത്. എന്നെ ആകപ്പാടെ അടിമുടി ഒന്നു നോക്കിയിട്ട് അവളൊരു വിലയിരുത്തല്‍ നടത്തി.
“ആളങ്ങു തീരെ പോക്കായല്ലോ!”
“എന്നാ കോപ്പാ നീ ഇപ്പറയുന്നത്” എനിക്ക് ദേഷ്യം വന്നു.
“ചന്തിയൊക്കെ ചുളുങ്ങിയിരിക്കുന്നു. മുന്‍വശമൊക്കെ ചുരുങ്ങിയിരിക്കുന്നു…”
അപ്പോള്‍ മാത്രമാണ് ആപ്പിളു തിന്ന ആദാമിനെപ്പോലെ ഞാന്‍ നഗ്നനാണെന്നുള്ള തിരിച്ചറിവുണ്ടായത്. എന്നേപ്പോലെയുള്ള കിളവന്മാരൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് സഹജീവിയെ ഏദന്‍തോട്ടത്തിലെ ഹവ്വായുടെ രൂപത്തില്‍ കാണുന്നത്.
കുടുംബസമേതം എത്തുന്നവര്‍ക്ക് ഈ ബാത്ത്റൂം സെറ്റപ്പ് അത്ര പന്തിയല്ല.
പിറ്റേദിവസം പ്രാതലിന് കണ്ടുമുട്ടിയ പല സുഹൃത്തുക്കള്‍ക്കും മുഖത്തൊരു വൈക്ലബ്യം. സ്ത്രീകളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുമുണ്ട്.
സുമുഖനും സുന്ദരനും എന്റെ സുഹൃത്തുമായ അനിയന് മൂലയിലിന്റെ മുഖത്തൊരു മ്ളാനത.
“എന്തു പറ്റി അനിയാ? മുഖത്തൊരു ചമ്മല്?”
“എന്തു പറയാനാ രാജു. ഇവന്മാരുടെ ഒടുക്കത്തെ ഒരു കുളിമുറി. അവളു അതു കണ്ടെന്നാ തോന്നുന്നത്.”
“എന്നിട്ട് എന്തു പറഞ്ഞു?” അനിയന്റെ സഹധര്‍മ്മിണി ഒരു റിയല്‍ മെഡിക്കല്‍ ഡോക്ടറാണ്.
“സാരമില്ല. മരുന്നിന്റെ സൈഡ് എഫക്റ്റ് ആയിരിക്കുമെന്നു പറഞ്ഞു.” അതു പറഞ്ഞിട്ട് അനിയന് ഒരു ദീര്‍ഘശ്വാസം വിട്ടു.
“സാരമില്ല അനിയാ, എന്റെ ഗതി ഇതുതന്നെയാ!”
“പുഷ്പ എന്തു പറഞ്ഞു?”
“പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. അവള് ഇന്നലെ തുടങ്ങിയ ചിരി ഇതുവരെ നിര്‍ത്തിയിട്ടില്ല.”
ഞാന്‍ അനിയന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
പകല്‍ നേരത്തെ പരിപാടികളിലെല്ലാം ജനപങ്കാളിത്തം വളരെ കുറവായിരുന്നു. ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇഷ്ടം പോലെ തീനും കുടിയും, പലരും കുടി കിടപ്പുകാരായി മാറി. തിന്നുക, കുടിക്കുക, കിടക്കുക, കുടിക്കുക, കിടക്കുക.
യേശുക്രിസ്തു ഒരുതവണ മാത്രമേ വെള്ളത്തിനു മുകളില്‍കൂടി നടന്നുള്ളൂ. പൂന്റകാനായില് എന്നും വെള്ളത്തിലായിരുന്നു പലരുടെയും നടപ്പ്.
ജീവിതം ഇങ്ങനെ ആനന്ദലഹരിയില്‍ ആറാടുമ്പോള്‍, ഗൗരവമുള്ള ചര്‍ച്ചകള്‍ക്ക് എവിടെയാണ് സ്ഥാനം? സദസ്യരുടെ അഭാവം കൊണ്ട് ചില പരിപാടികള്‍ ക്യാന്‍സല്‍ ചെയ്യേണ്ട ദുരവസ്ഥയുമുണ്ടായി.
ഈയുള്ളവനായിരുന്നു ‘ചിരിയരങ്ങിന്റെ’ സാരഥി. ‘കര്‍ത്താവേ! ഇതുപോലെ ഗതികെട്ടവര്‍ മറ്റാരെങ്കിലുമുണ്ടോ!’ എന്നു ഞാന്‍ സ്വയം വിലപിച്ചു.
മാര്‍ ക്രിസോസ്റ്റം തിരുമേനി, മക്കാറിയോസ് തിരുമേനി, ഡോ. ബാബു പോള്‍, സനല്‍കുമാര്‍ ഐഎഎസ്, സുകുമാര്‍ സാര്‍, ചെമ്മനം ചാക്കോ, ഡോ. എം.വി, പിള്ള, ഡോ. റോയി തോമസ്, അംബാസഡര്‍ ടി.പി. ശ്രീനിവാസന് തുടങ്ങിയ മഹാരഥന്മാര് നിറഞ്ഞ സദസ്സില്‍, ചിരിയുടെ പൂരപ്പറമ്പ് തീര്‍ത്തിട്ടുള്ള പരിപാടിയാണ്.
അവിടെയാണ് ഈയുള്ളവന് തനിയെ….
ഉള്ളതുകൊണ്ട് ഓണംപോലെ, അനിയന് മൂലയിലായിരുന്നു സഹകാര്മ്മികന്.
വനിതകള്‍ സ്വമേധയാ വേദിയിലെത്തി തമാശകള്‍ പറഞ്ഞത് കൗതുകമുണര്‍ത്തി. അനിതാ നായര്‍, സുജ ജോസ്, സിസി അനിയന് ജോര്‍ജ് തുടങ്ങിയവരെ കൂടാതെ ഡോ. ജോസ് കാനാട്ട്, റോയി ചെങ്ങന്നൂര്‍ തുടങ്ങിയവരും പങ്കെടുത്തു. ഫോമായുടെ തലതൊട്ടപ്പന് ശശിധരന് നായരും ചടങ്ങില്‍ പങ്കെടുത്തു. പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ ഞാന്‍ മുങ്ങിയതു കൊണ്ട് ദേഹോപദ്രവം ഒന്നും ഏറ്റില്ല.
നോബിള്‍ എന്ന യുവപ്രതിഭ സംഘടിപ്പിച്ച ‘ഫാമിലി നൈറ്റ്’ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നല്കി.
തികച്ചും അരോചകമായ, മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന ഒരു ഇനമാണ് സമീപകാലത്ത് തുടങ്ങിയ intro videos. ഓരോരുത്തരും സ്റ്റേജിലേക്കു വരുന്നതിനു മുന്‍പ്, അവരുടെ ‘കോണക കാലം’ മുതലുള്ള വീരകൃത്യങ്ങളുടെ ഒരു വിവരണം വീഡിയോ ക്ലിപ്സിന്റെ അകമ്പടിയോടെ, കാതടപ്പിക്കുന്ന സ്വരത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ‘താന്‍ ഇത്ര വലിയ ഒരു സംഭവമാണോ?’ എന്നു അവര്‍ക്കുപോലും തോന്നിപ്പോകും. ഒന്നോ രണ്ടോ പേരുടെയാണെങ്കില്‍ സഹിക്കാം. ഇതതല്ല. സകല പുംഗവന്മാരുടെയും ചരിത്രം കാണിച്ച് നമ്മളെ പീഡിപ്പിക്കും. ഈ പ്രഹസനം ഉദ്ഘാടന വേദിയിലും സമാപന സമ്മേളനത്തിലുമെല്ലാം ആവര്‍ത്തിക്കും.
ഒരു സ്പോണ്‍സറുടെ വീഡിയോയില്‍
“എന്നോടുള്ള നിന് സര്‍വ നന്മകള്‍ക്കായ്
ഞാന്‍ എന്തു ചെയ്യേണ്ടു നിനക്ക് യേശുപരാ” എന്ന ഗാനം ചേര്‍ത്തിട്ടുണ്ട്. അതു കേട്ട്, കണ്വന്ഷന് പന്തലിലെപ്പോലെ സ്തോത്രകാഴ്ച എടുക്കുവാനുള്ള പുറപ്പാടാണെന്നാണ് ഞാന്‍ കരുതിയത്.
ബാങ്ക്വറ്റ് പരിപാടിക്ക് പ്രതീക്ഷിച്ച നിലവാരമുണ്ടായില്ല. ഓഡിറ്റോറിയത്തിന്റെ മുന്‍ഭാഗം പൗരപ്രമുഖര്‍ക്കു വേണ്ടി വടംകെട്ടി തിരിച്ചിരുന്നു. സാധാരണ ബാങ്ക്വറ്റില്‍ കാണാറുള്ളതു പോലെ ടേബിളില്‍ ബ്രെഡോ, സാലഡോ മറ്റ് ആപ്പിറ്റൈസറുകളോ ഒന്നുമുണ്ടായിരുന്നില്ല.
സ്റ്റേജിലാണെങ്കില്‍ പരിപാടികള്‍ തകര്‍ക്കുകയാണ്. അവാര്‍ഡുകള്‍ വാരി വിതറുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഒന്ന് ഒന്നര പരിപാടി ആയിപ്പോയി. അന്‍പതോളം ആളുകളെക്കൊണ്ട് ഒരു വറോല വലുപ്പത്തില്‍ എഴുതി പിടിപ്പിച്ചിരിക്കുന്ന സത്യപ്രതിജ്ഞ പ്രത്യേകം പ്രത്യേകം ചൊല്ലിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് പദവി ഏറ്റെടുക്കുന്ന ഗൗരവത്തിലാണ് ഓരോരുത്തരും നെഞ്ചത്തു കൈ വെച്ചു പ്രതിജ്ഞയെടുത്തത്.
ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഫോമാ ട്രഷറര്‍ ബിജു തോണിക്കടവില്‍. നൂറിലധികം ആള്‍ക്കാര്‍ക്ക് പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു. ആരേയും പിണക്കരുതല്ലോ! തീര്‍ച്ചയായും ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തേണ്ട ഒരു ഇനമാണത്.
ഇത്രയും ആയപ്പോഴേയ്ക്കും ചിലര്‍ കരഞ്ഞുപോയി. മറ്റു ചിലര്‍ മയങ്ങി താഴെവീണു, വിശന്നിട്ട്!
ഞാന്‍ സൈഡ് ഡോര്‍ വഴി ഒന്നു പുറത്തിറങ്ങി. അവിടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരത്തി വെച്ചിരിക്കുന്നു. വരുന്നതു വരട്ടെ എന്നു കരുതി ഞാന്‍ ഒരു കഷണം ചീസ് കേക്ക് എടുത്തു.
“No toques nada” സ്പാനിഷ് ഭാഷയില്‍ ഒരു ഗര്‍ജ്ജനം. ഞാനൊന്നു പതറി. എങ്കിലും ‘ഭയം വേണ്ട, ജാഗ്രത മതി’ എന്ന കേരള സര്‍ക്കാരിന്റെ സന്ദേശം എനിക്കു കരുത്തു പകര്‍ന്നു.
“തൊട്ടു പോകരുത്” എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം.
“Me poor Indian-very hungry” ഞാന്‍ എന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തി.
അതിനു മറുപടിയായി, കൈ ചൂണ്ടി ഒരുത്തന്
“San mandigo” (പോടാ, തെണ്ടി) എന്നു പറഞ്ഞു.
ഏതായാലും മൂന്നാലു പീസുകളുമായി വീര യോദ്ധാവിനെപ്പോലെ ഞാന്‍ തിരിച്ചെത്തി.
ഇതാ, നിങ്ങള്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന കലാപരിപാടികള്‍ തുടങ്ങുകയായി.
അല്പവസ്ത്രധാരിയായ ഒരു പെങ്കൊച്ച്, മാറിടം കുലുക്കിക്കൊണ്ട് ‘ഹമ്മാ-ഹമ്മാ’ എന്നൊരു ഗാനം പാടിക്കൊണ്ട് ഓടി നടക്കുകയാണ്. ഏതു ഭാഷയാണ് ആ lyrics എന്ന് എനിക്കും എന്റെ അടുത്തിരുന്നവര്‍ക്കും മനസ്സിലായില്ല. ഇതിനെയൊക്കെ ഗായിക എന്ന പേരില്‍ കൊണ്ടുവന്നവരെ നമിക്കണം.
ഒരു ‘മാണിക്യ വീണയോ, അല്ലിയാമ്പല്‍ കടവിലോ’ ഒന്നു കേള്‍ക്കുവാന്‍ എന്നിലെ പഴമക്കാരന്‍ ആഗ്രഹിച്ചുപോയി.
എന്നാല്‍, ടിനി ടോം സ്റ്റേജിലെത്തിയപ്പോള്‍ രംഗമൊന്നു കൊഴുത്തു. അദ്ദേഹത്തിന്റെ ഒരു സ്പാനിഷ് പാട്ടു കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ പരിസരം മറന്ന് സ്റ്റേജില്‍ കയറി നൃത്തച്ചുവടുകള്‍ വെച്ചത്, അതുവരെയുള്ള പോരായ്മകളെ ഒരളവു വരെ നികത്തി. വിടവാങ്ങല്‍ രംഗമാണല്ലോ ഓര്‍മ്മയിലെന്നും നിലനില്‍ക്കുന്നത്. ടിനി ടോമിന് ഒരു ബിഗ് സല്യൂട്ട്!
“കഥകളിലങ്ങനെ പലതും പറയും
അതുകൊണ്ടാരും പരിഭവമരുതേ!”
തികച്ചും ജനാധിപത്യ രീതിയില്‍, വലിയ ജനപങ്കാളിത്തത്തോടെ, യാതൊരു അലോസരവുമില്ലാതെ, ഒരു വലിയ ഫോമാ കണ്വന്ഷന് നടത്തുവാന്‍ നേതൃത്വം നല്കിയ ഡോ. ജേക്കബ് തോമസിന്റെ തോളില്‍ ഒരു നക്ഷത്രം കൂടി!