തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് പുറത്തുവിടേണ്ടതെന്നും, എന്തിനാണ് ഇതിൽ കോലാഹലമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചോദിച്ചു. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും റിപ്പോർട്ട് പുറത്തുവിടുന്നതില്‍ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി റിപ്പോർട്ട് സർക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടാത്തതെന്ന് അവരോട് ചോദിക്കണമെന്നും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സർക്കാരിന് പങ്കില്ലെന്നും പറഞ്ഞു.
വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു എന്നും സർക്കാർ അതിനെ എതിർത്തിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം സർക്കാർ അതിനോട് യോജിക്കുകയാണ് ചെയ്തത് എന്നും പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ അദ്ദേഹം സിനിമ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ് കമ്മിറ്റിയെ വെച്ചത് എന്നും റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്വം തങ്ങൾക്കല്ല എന്നും പറഞ്ഞു.
റിപ്പോർട്ടിലെ നിരീക്ഷണങ്ങളും നിഗമനങ്ങളും നിർദ്ദേശങ്ങളും വകുപ്പുമായി ബന്ധപ്പെട്ട നടപ്പിലാക്കുമെന്ന് പറഞ്ഞ സജി ചെറിയാൻ റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്വം എസ് പി ഐഒക്ക് ആണെന്നും എസ് പി ഐഒ ആണ് പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും പുറത്തുവിട്ടില്ലെങ്കിൽ കോടതിയിൽ ആർക്കും ചോദ്യം ചെയ്യാം എന്നും പറഞ്ഞു. കോടതി നൽകിയ ഒരാഴ്ച സമയപരിധി ആയിട്ടില്ല എന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
അതേസമയം വിവരാവകാശ കമ്മീഷൻ ഹേമ കമ്മിറ്റി റിപ്പോർട്ട് കിട്ടിയില്ലെന്ന മാധ്യമപ്രവർത്തകരുടെ പരാതിയിൽ സർക്കാറിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.