കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പ്രകാരം ഇനിയും കണ്ടെത്താനുള്ളത് 119 പേരെ. 128 പേരാണ് ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെ കാണാതായവരുടെ എണ്ണം 119 ആയി.
അതേസമയം, ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ 20-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവര ശേഖരണം മോട്ടോർ വാഹന വകുപ്പ് തുടങ്ങി. വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട പണവും സഹിതം കാണാതായവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. അഗ്നിശമനസേനയും എൻഡിആർഎഫും തിരച്ചിലിന് നേതൃത്വം നൽകുന്നു.
നാട്ടുകാരോ ദുരന്ത ബാധിതരോ ആവശ്യപ്പെട്ടാല്‍ ആ മേഖലയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് തീരുമാനം. ദുരുന്ത ബാധിത മേഖലയിലെ വീടുകളും കടകളും ശുചീകരിക്കുന്ന പ്രവർത്തികളും തുടരുകയാണ്. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉണ്ട്. ചാലിയാറിലെ മണല്‍തിട്ടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും. ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. ഉപയോഗശൂന്യമായ നോട്ടുകള്‍ മാറിയെടുക്കാന്‍ എസ്ബിഐ കോട്ടപ്പടി ബ്രാഞ്ചില്‍ നാളെ മുതല്‍ സൗകര്യവുമൊരുക്കും.