ത്രിവർണ്ണ പതാകയിൽ മുങ്ങി ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് അവിസ്മരണീയമായി

ന്യൂയോർക്ക്: 78-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലോറൽപാർക്ക് – ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസോയിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒൻപതാമത് ഇന്ത്യാ ഡേ പരേഡ് ത്രിവർണ്ണ പതാകയാൽ വർണ്ണാഭമായി. ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിൽ 268 – ലാങ്‌ഡെയിൽ സ്ട്രീറ്റിൽ നിന്നും ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച പരേഡ് ലിറ്റിൽ നെക്ക് പാർക്ക്വേയിൽ ക്രമീകരിച്ചിരുന്ന സ്റ്റേജിലേക്ക് എത്തുമ്പോൾ ആ പരിസരപ്രദേശം മുഴുവൻ ഇന്ത്യൻ ത്രിവർണ്ണ പതാകയും അമേരിക്കൻ പതാകയുമേന്തിയ രാജ്യസ്നേഹികളാൽ നിബിഢമായി. “ഭാരത് മാതാ കീ ജയ്” വിളിയുടെ തരംഗങ്ങളാൽ ഫ്ലോറൽ പാർക്ക് അന്തരീക്ഷം ശബ്ദ മുഖരിതമായി.

വിവിധ സംഘടനകളുടെ ബാനറുകൾ വഹിച്ച പ്രവർത്തകരും ഇന്ത്യൻ പതാകയാൽ അതിമനോഹരമായി അലങ്കരിതമായ ഫ്ളോട്ടുകളും ഹിൽസൈഡ് വീഥിയിലൂടെ മന്ദം മന്ദം നീങ്ങിയപ്പോൾ പ്രാദേശികരായ ജനങ്ങളും ധാരാളം ഇന്ത്യൻ ജനതയും റോഡിനു ഇരുവശവുമായി അണിനിരന്ന് അഭിവാദ്യം അർപ്പിച്ചത് നയന മനോഹരമായി. പരേഡിൻറെ മുൻ നിരയിൽ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൻറെ രണ്ട് പോലീസ് കുതിരകളും പോലീസുകാരും, പോലീസ് മോട്ടോർബൈക്ക് ട്രൂപ്പും, ന്യൂയോർക്ക് പോലീസിൽ പ്രവർത്തിക്കുന്ന യൂണിഫോം അണിഞ്ഞ ഇന്ത്യൻ വംശജരുടെ “ദേശി പോലീസ് അസ്സോസ്സിയേഷൻ” അംഗങ്ങളും ഇന്ത്യൻ പതാകയും അമേരിക്കൻ പതാകയുമായി അണിനിരന്നപ്പോൾ പരേഡ് പ്രൗഡ്ഢഗംഭീരമായി.

പരേഡിൽ പങ്കെടുത്ത എല്ലാവരും ലിറ്റിൽ നെക്ക് പാർക്ക്വേയുടെ വടക്കു പടിഞ്ഞാറായി ക്രമീകരിച്ചിരുന്ന ഓപ്പൺ എയർ വേദിയിൽ ഉപവിഷ്ടരായപ്പോൾ ഏകദേശം രണ്ടു മണിയോടുകൂടി പൊതു സമ്മേളനം ആരംഭിച്ചു. പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, ഗ്രാൻഡ് സെലിബ്രിറ്റി കോളീവുഡ്‌ സിനിമാ നടൻ വിജയ് വിശ്വാ, സംഘാടക സമിതി അംഗങ്ങളായ ഡയറക്ടർ ബോർഡ് ചെയർമാൻ ഹേമന്ത് ഷാ, വൈസ് ചെയർമാൻ കോശി ഓ തോമസ്, അസ്സോസ്സിയേഷൻ പ്രസിഡൻറ് ഡിൻസിൽ ജോർജ്, ജനറൽ സെക്രട്ടറി മേരി ഫിലിപ്പ്, മാസ്റ്റർ ഓഫ് സെറിമണിമാരായ ആശാ മാമ്പള്ളി, ഉജ്ജ്വലാ ഷാ, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാരൻമാർ, ഗാനമേള അവതരിപ്പിക്കാനെത്തിയ ശബരീനാഥും ടീം അംഗങ്ങളും എന്നിവരാൽ സ്റ്റേജ് നിറഞ്ഞത് സമ്മേളനത്തിന് കൊഴുപ്പേകി.

ഫ്ലോറൽ പാർക്ക് ഭാഗത്ത് എല്ലാവർക്കും സുപരിചിതനായ കോശി ഓ തോമസ് സ്റ്റേജിൽ അതിഥികളായി എത്തിയ എല്ലാ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെയും സദസ്സിന് പരിചയപ്പെടുത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ്, ക്വീൻസ് ബോറോ പ്രസിഡൻറ് ഡൊണോവൻ റിച്ചാർഡ്‌സ്, ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്സ് കോൺസൽ പ്രഗ്യാ സിംഗ്, ന്യൂയോർക്ക് സ്റ്റേറ്റ് കംപ്ട്രോളർ തോമസ് ദിനാപ്പോളി, യു എസ് കോൺഗ്രസ്സ് മാൻ ടോം സ്വാസി, ന്യൂയോർക്ക് സ്റ്റേറ്റ് അസ്സംബ്‌ളിമാൻ എഡ് ബേൺസ്റ്റീൻ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്ക് സ്റ്റേറ്റ് അസ്സംബ്ലി വുമൺ ജിനാ സില്ലിറ്റി, ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ഹാക്കുൾ കാത്തിയുടെ പ്രതിനിധി ഏഷ്യൻ അഫയേഴ്സ് ഡയറക്ടറും മലയാളിയുമായ സിബു നായർ, ടൌൺ ഓഫ് ഹെംസ്റ്റഡ് ടൌൺ സൂപ്പർവൈസർ രാഗിണി ശ്രീവാസ്തവ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖർ പൊതുയോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ഇന്ത്യൻ കുടിയേറ്റ സമൂഹം ന്യൂയോർക്ക് സംസ്ഥാനത്തിനും ഈ രാജ്യത്തിനും നൽകിക്കൊണ്ടിരിക്കുന്ന വിലയേറിയ സേവനങ്ങളെയും സംഭാവനകളെയും എല്ലാ രാഷ്ട്രീയ നേതാക്കളും പ്രകീർത്തിച്ചു.

ഇന്ത്യൻ നേഴ്സസ് അസ്സോസ്സിയേഷൻ അംഗംങ്ങൾ അവതരിപ്പിച്ച ദേശഭക്തി ഡാൻസ്, സീനിയർ വിമെൻസ് ഹോമിലെ അന്തേവാസികൾ അവതരിപ്പിച്ച ഡാൻസ്, ഗുജറാത്തി സമാജം അംഗങ്ങളുടെ കലാപരിപാടി, സ്പാനീഷ് സമൂഹത്തിന്റെ ഡാൻസ് പരിപാടി, ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ പരേഡിനെ കലാസമ്പുഷ്ടമാക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഓപ്പൺ എയർ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിച്ചതിനാൽ വഴിയാത്രക്കാരായവർക്കും പരിപാടികളൊക്കെ കണ്ടാസ്വദിക്കുവാൻ അവസരം ലഭിച്ചു. അടുത്ത വർഷത്തെ ഇന്ത്യാ ഡേ പരേഡിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ ഈ വർഷത്തെ പരേഡ് വൈകിട്ട് നാലരയോടെ പര്യവസാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News