ആറ് ലക്ഷം രൂപ ജീവനാംശം ചോദിച്ച യുവതിയോട് ജഡ്ജി പറഞ്ഞു “സ്വയം സമ്പാദിച്ച് ചെലവഴിക്കുക”

ബംഗളൂരു:  ജീവനാംശമായി പ്രതിമാസം ആറ് ലക്ഷം രൂപ ഭർത്താവിൽ നിന്ന് ലഭിക്കണമെന്ന യുവതിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിയുടെ “സ്വയം സമ്പാദിച്ച് ചെലവഴിക്കുക” എന്ന പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചെരിപ്പുകൾ, വസ്ത്രങ്ങൾ, വളകൾ തുടങ്ങിയവയ്ക്ക് പ്രതിമാസം 15,000 രൂപയും വീട്ടിലെ ഭക്ഷണത്തിന് 60,000 രൂപയും വേണമെന്നാണ് രാധ മുനുകുന്ത്ല എന്ന യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കൂടാതെ, കാൽമുട്ട് വേദനയ്ക്കും ഫിസിയോതെറാപ്പിയ്ക്കും മറ്റ് മരുന്നുകൾക്കുമായി 4-5 ലക്ഷം രൂപ വേറെ വേണമെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇത് കോടതി നടപടിയെ ചൂഷണം ചെയ്യുന്നതാണെന്ന് വാദത്തിനിടെ ജഡ്ജി പറഞ്ഞു. അത്രയും പണം ചെലവാക്കണമെങ്കിൽ അത് “സ്വയം സമ്പാദിക്കണമെന്നും” ജഡ്ജി പറഞ്ഞു. “ഒരു വ്യക്തിക്ക് ഒരു മാസം ഇത്രമാത്രം ചെലവ് വരുമെന്ന് കോടതിയിൽ പറയരുത്. അതും പ്രതിമാസം 6,16,300 രൂപ. ആരെങ്കിലും അത്രയും ചിലവാക്കുന്നുണ്ടോ? അതും ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ?,” ജഡ്ജി ചോദിച്ചു.

അത്രയും പണം ചെലവാക്കണമെങ്കിൽ അവൾ സ്വയം സമ്പാദിക്കട്ടെയെന്നും ജഡ്ജി പറഞ്ഞു. നിങ്ങൾക്ക് മറ്റ് കുടുംബ ഉത്തരവാദിത്തങ്ങളൊന്നുമില്ല, നിങ്ങൾക്ക് കുട്ടികളെ പരിപാലിക്കേണ്ട ആവശ്യമില്ല, നിങ്ങൾ ആ പണം നിങ്ങളുടെ ആവശ്യത്തിനായി ആഗ്രഹിക്കുന്നു, നിങ്ങൾ ബുദ്ധി ഉപയോഗിക്കണം. ന്യായമായ തുക ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം ഹർജി തള്ളുമെന്നും ജഡ്ജി യുവതിയുടെ അഭിഭാഷകനോട് പറഞ്ഞു.

ചെലവ് വിവരങ്ങൾ നൽകാത്ത കേസിൽ വാദം കേൾക്കൽ ഓഗസ്റ്റ് 20-നാണ് നടന്നത്. 2023 സെപ്തംബർ 30 ന്, ബംഗളൂരു കുടുംബ കോടതിയിലെ അഡീഷണൽ ചീഫ് ജസ്റ്റിസ്, ഭർത്താവ് എം നരസിംഹയിൽ നിന്ന് പ്രതിമാസ മെയിൻ്റനൻസ് തുകയായ 50,000 രൂപ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ഇടക്കാല മെയിൻ്റനൻസ് തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അവർ കര്‍ണ്ണാടക  ഹൈക്കോടതിയെ സമീപിച്ചത്.

Print Friendly, PDF & Email

Leave a Comment

More News