നമ്മളെപ്പോലെ സാധാരണ മനുഷ്യർ മാത്രമാണ് സിനിമയിൽ അഭിനയിക്കുന്ന നടീനടന്മാർ എന്ന ബോധ്യം നമുക്കുണ്ടായൽ തന്നെ സിനിമാമേഖലയിലെ പ്രശ്നങ്ങൾക്കും സിനിമാക്കാരെക്കൊണ്ട് നാട്ടുകാർക്കുണ്ടാകുന്ന പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.
സിനിമ മാത്രം ദൃശ്യമാദ്ധ്യമമായി ഉണ്ടായിരുന്ന ഒരു കാലത്ത് സിനിമയിൽ അഭിനയിക്കുന്നവർ അത്ഭുത മനുഷ്യരായിരുന്നു. അക്കാലത്ത് അവരെ അതിശയത്തോടെ ഇഷ്ടപ്പെട്ടാണ് പാവം മനുഷ്യർ അവരുടെ ആരാധകരായത്. നമുക്ക് യഥാർത്ഥ ജീവിതത്തിൽ സാധിക്കാൻ കഴിയാത്ത കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുന്ന അമാനുഷരായി കണ്ടാണ് പാവങ്ങൾ സിനിമാക്കാരുടെ ഫാൻസ് ആയത്.
കാലക്രമേണ ടെലിവിഷനും കമ്പ്യൂട്ടറും സ്മാർട്ട് ഫോണും സമൂഹമാധ്യമങ്ങളുമൊക്കെ സാധാരണമായപ്പോൾ സിനിമ ഒരു അതിശയമല്ലാതെയായി. മൊബെൽ ഫോണിൽ മുഴുവൻ സിനിമയും എടുക്കാവുന്ന ഇക്കാലത്ത് സിനിമാക്കാരും അതിശയമല്ല. പോരെങ്കിൽ നല്ല നടന്മാരും നടിമാരും ധാരാളം. ഇതിനിടയിൽ പിടിച്ചു നിൽക്കാനാണ് കൂട്ടത്തിലെ ബലവാന്മാരായ ‘താരങ്ങൾ’ സ്വന്തം പണമിറക്കി ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കിയത്. അതിൻ്റെ കേന്ദ്രക്കമ്മിറ്റിയാണ് A.M.M.A. അതിലപ്പുറമൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കരുത്. അതൊരു ഭരണഘടനാ സ്ഥാപനമൊന്നുമല്ല. സംഘബലം കൊണ്ട് ബലവാന്മാർ മറ്റുള്ളവരെ ഒരുക്കുന്ന രീതി എല്ലായിടത്തും ഉണ്ട്. അത് സിനിമയിലും ഉണ്ട്. അത്ര തന്നെ.
സിനിമാക്കാരൻ ആയതുകൊണ്ട് ഒരാൾ മോശക്കാരനാകുന്നില്ല. അതേപോലെ സിനിമാക്കാരനായതുകൊണ്ട് ഒരാൾ മഹാനുമാകുന്നില്ല. നമ്മുടെ സങ്കല്പത്തിലെ സൗന്ദര്യവും അഭിനയശേഷിയും മാത്രമാണ് പ്രശസ്ത സിനിമാ നടീനടന്മാരെ സൃഷ്ടിക്കുന്നത്. സിനിമയിലെ സാന്നിദ്ധ്യം ബുദ്ധിയുടെയോ ചിന്താശേഷിയുടെയോ രാഷ്ട്രീയ ബോധത്തിൻ്റെയോ നിലപാടുകളുമായോ പ്രതിഫലനമല്ല. സാധാരണ സമൂഹത്തിലേത് പോലെ അതി ബുദ്ധിമാന്മാരും തനി മണ്ടന്മാരും സിനാമാക്കാർക്കിടയിലുമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഓണ ദിവസങ്ങളിലെ ടെലിവിഷൻ പരിപാടികളിൽ പ്രധാനം വലിയ സിനിമാ നടന്മാരുമായുള്ള അഭിമുഖങ്ങളായിരുന്നു. ഈയിനത്തിലെ ഒന്നോ രണ്ടോ പരിപാടികൾ ചെറുപ്പകാലത്ത് കാണാനിടയായി. മുഴുവൻ കാണാൻ കഴിഞ്ഞില്ല. ‘താരങ്ങൾ’ പറയുന്ന മണ്ടത്തരങ്ങൾ കേട്ടിരിക്കാൻ കഴിഞ്ഞില്ല എന്നതാണ് കാരണം. ഇവർ പറയുന്ന മണ്ടത്തരങ്ങൾ ചില മനുഷ്യർ ആരാധനയോടെ വിശ്വസിക്കുമല്ലോ എന്ന ഭയവും ഉണ്ടായി. സിനിമാക്കാരെല്ലാം മഹാന്മാരല്ല എന്ന ധാരണ നമുക്ക് വേണ്ടതിൻ്റെ ആവശ്യകതയാണ് പറഞ്ഞത്.
സൗന്ദര്യവും അഭിനയ ശേഷിയും ഉള്ള പല പ്രശസ്തർക്കും ബാക്കി കഴിവുകൾ ഇല്ലാതെ വരുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത പലതും അവരിൽ നിന്നുണ്ടാകും. അത് സ്വാഭാവികമാണ്. സിനിമയിൽ അവർ അഭിനയിച്ച ധിഷണാശാലിയുടെയോ ശാസ്ത്രജ്ഞൻ്റെയോ നന്മമരത്തിൻ്റെയോ ഒക്കെ ഗുണങ്ങൾ യഥാർത്ഥ ജീവിതത്തിൽ കാണിക്കാൻ കഴിയാത്തവരാണ് ഭൂരിഭാഗവും. അതിനാൽ അവരിൽ നിന്നും വൃത്തികെട്ട പെരുമാറ്റങ്ങൾ ഉണ്ടാകുമ്പോൾ വേറേ ഏതൊരാളെയും കൈകാര്യം ചെയ്യുന്ന രീതിയിൽ തന്നെ അവരെയും കൈകാര്യം ചെയ്യണം.
സിനിമാനടന്മാരെ കണ്ട് എല്ലാം മറന്ന് വാപൊളിച്ച് നിൽക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷേ അതേ നിൽപ് ഒരു മുഖ്യമന്ത്രിയിൽ നിന്നോ സർക്കാരിൽ നിന്നോ നമ്മൾ പ്രതീക്ഷിക്കുന്നില്ല. അവിടെയും ഒരു കാര്യം പറയാനുണ്ട്. ഈ രാഷ്ട്രീയക്കാരൊക്കെ അവർ സ്റ്റേജിൽ പ്രസംഗിക്കുന്നത് പോലെ തന്നെ നല്ലവരും മാന്യന്മാരുമാണെന്ന നമ്മുടെ ധാരണ ശരിയാണെങ്കിൽ മാത്രമേ അവർക്ക് കൃത്യമായ നടപടികൾ സ്വീകരിക്കാൻ കഴിയൂ. നടപടിയെടുക്കാത്തതിന് കാരണം ഇതല്ലെങ്കിൽ കൂടുതൽ ഗുരുതര കാരണങ്ങൾ വേറേ ഉണ്ടാകും. സർക്കാരിന് വേണ്ടപ്പെട്ടവരും കുറ്റവാളികൾക്കിടയിൽ കാണും.
നമ്മളെപ്പോലെ സാധാരണ മനുഷ്യരാണ് സിനിമാ നടന്മാരും നടിമാരും. ഈ ബോധ്യം നമുക്ക് വേണം. നമ്മുടെ പ്രവൃത്തികളിലൂടെ അത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. അവരെ കാണുമ്പോൾ വാപൊളിച്ച് നിൽക്കുന്നവർ ആരായാലും മണ്ടന്മാരാണെന്ന ധാരണയും വേണം.
ഡോ: എസ്. എസ്. ലാൽ