കൊല്ലം: നടനും കൊല്ലം എം എല്‍ എയുമായ മുകേഷിനെതിരെ #MeToo ആരോപണം വീണ്ടും ഉയർന്നതിനെ തുടർന്ന് രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഞായറാഴ്ച അദ്ദേഹത്തിൻ്റെ വസതിയിലേക്ക് മാർച്ച് നടത്തി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ രഞ്ജിത്തും മലയാള സിനിമാ കലാകാരന്മാരുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും രാജിവെച്ച സാഹചര്യത്തിൽ മുകേഷ് സ്വമേധയാ രാജിവയ്ക്കുന്നതാണ് നല്ലതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ഇരുവര്‍ക്കുമെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇടതുമുന്നണി ദുരുപയോഗം ചെയ്യുന്നവരുടെ അഭയകേന്ദ്രമായി മാറിയെന്നും പരാതിക്കാരിയുടെ മൊഴി സർക്കാർ ഉടൻ രേഖപ്പെടുത്തണമെന്നും എംഎൽഎയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിഷ്ണു സുനില്‍ പന്തളം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാരിൻ്റെ വീഴ്ച ന്യായീകരിക്കാവുന്നതല്ലെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എം.എൽ.എയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയും പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻ്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ അസൈൻ പള്ളിമുക്ക്, ശരത് മോഹൻ, നേതാക്കളായ ആദർശ് ഭാർഗവൻ, കൗശിക് എം. ദാസ് എന്നിവരും പങ്കെടുത്തു.
2018 ൽ മീ ടൂ ക്യാമ്പയിൻ്റെ ഭാഗമായാണ് കാസ്റ്റിങ് ഡയറക്‌ടർ ടെസ് ജോസഫ് എക്‌സിലൂടെ ആരോപണം ഉന്നയിച്ചത്. അന്നത്തെ ടെസ് ജോസഫിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:
“കൃത്യമായി പറഞ്ഞാൽ 19 വർഷം മുമ്പാണ് താൻ കോടീശ്വരൻ അടക്കമുള്ള ജനപ്രിയ പരിപാടികൾ ചെയ്‌തുകൊണ്ടിരുന്ന ഡെറക് ഒബ്രിയൻ അസോസിയേറ്റ്‌സിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. മുകേഷ് ഭാഗമായ കോടീശ്വരൻ പരിപാടിക്കിടെ അദ്ദേഹത്തിൻ്റെ അവതരണം മികച്ചതാണെന്ന് തോന്നിയപ്പോൾ നേരിട്ട് അഭിനന്ദിച്ചു. അന്നേദിവസം മുകേഷ് അടക്കം പരിപാടിയുടെ അണിയറ പ്രവർത്തകർ എല്ലാവരും ഡിന്നറിന് ഒത്തുകൂടി. സന്തോഷത്തോടെ സൗഹാർദപരമായി പിരിഞ്ഞ ഡിന്നറിനു ശേഷം അന്ന് രാത്രി മുകേഷ് തന്നെ വീണ്ടുമൊരു ഡിന്നറിന് റൂമിലേക്ക് ക്ഷണിച്ചു. മുകേഷിൻ്റെ ആവശ്യം നിരസിച്ചതോടെ തൻ്റെ മുറിയിലേക്ക് മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി കൊണ്ടിരുന്നു. മുകേഷിൻ്റെ നിരന്തരമായുള്ള ഫോൺകോൾ തന്നെ ശല്യം ചെയ്യുന്നു എന്ന് ബോധ്യമായതോടെ സുഹൃത്തിൻ്റെ മുറിയിലാണ് അന്നേ ദിവസം കഴിച്ചുകൂട്ടിയത്. അടുത്ത ഷെഡ്യൂളിൽ തനിക്ക് താമസിക്കാൻ ഏർപ്പെടുത്തിയ മുറി മുകേഷിൻ്റെ തൊട്ടടുത്തായിരുന്നു. മുകേഷിന് താനുമായി അടുക്കാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് അത്തരമൊരു പ്രവർത്തി എന്ന് മനസിലാക്കിയ താന്‍, ഡെറക് ഒബ്രിയനോട് ഫോണിൽ കാര്യം അവതരിപ്പിച്ചു. മുകേഷ് തന്നെ വീണ്ടും ശല്യം ചെയ്യും എന്ന് മനസിലാക്കിയ ഡെറിക്, തനിക്ക് തിരികെ പോകാനുള്ള സൗകര്യങ്ങൾ ഒരുക്കി തന്നു.” അക്കാലത്ത് ടെസ് ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.
ടെസ് ജോസഫിൻ്റെ ഈ വാക്കുകളാണ് മുകേഷിനെതിരെയുള്ള ആരോപണമായി ഇപ്പോൾ ഉയർന്നുവരുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവായ ഡെറക് ഒബ്രിയൻ ഇപ്പോൾ രാജ്യസഭാംഗം കൂടിയാണ്.
Hi Tess, is this the Malayalam actor Mukesh?
— Suresh Mathew (@Suresh_Mathew_) October 9, 2018
Yes it is. Mukesh Kumar actor / politician. pic.twitter.com/SGJmeSqg1I
— Tess Joseph (@Tesselmania) October 9, 2018