“ഉണ്ണ്യേട്ടാ, എന്നാ എന്നെ കല്യാണം കഴിക്കുന്നേ?” റിട്ടയർമെന്റ് പ്രായവും കഴിഞ്ഞ് കവിളുകൾ ചീർത്തു തൂങ്ങിയ കിളവൻ നായകനോട് പേരക്കുട്ടിയുടെ പ്രായത്തിലുള്ള പതിനേഴ് തികയാത്ത കിളുന്തു നായികയുടെ പ്രേമോദാരമായ കൊഞ്ചൽ.
” അതിനിനി അധികം താമസമില്ലാ മോളെ” വിപ്രലംഭ ശ്രംഗാര രതി മൂർച്ചയിൽ നായകന്റെ മറുപടി.
ഉടൻ പാട്ട്. വയലാറിനെയും, ഗിരീഷ് പുത്തഞ്ചേരിയേയും പോലുള്ള മഹാരഥന്മാരുടെ വരികൾ യേശുദാസിനെയും, ജയചന്ദ്രനേയും പോലുള്ള പ്രതിഭാശാലികൾ പാടിയപ്പോൾ, കേരളവും, കേരളത്തനിമയും, ജീവിതവും, ജീവിതത്തനിമയും അതിലൂടെ മിന്നിമറഞ്ഞിരുന്നൂ പണ്ട്…. അത് പണ്ട്. (വികടസരസ്വതി വിളയാടുന്ന വളിപ്പൻ വരികളും, അരയും, തലയും അവയവങ്ങളും കുലുക്കി പുറത്തേക്ക് തെറിപ്പിക്കുന്ന അഡാറൺ മുക്രകളുമായി നമ്മെ വട്ടു പിടിപ്പിക്കുന്നശബ്ദ വിസ്പോടനങ്ങൾ നമ്മുടെ ന്യൂജെൻ സിനിമയിൽ ഇന്നും നമുക്ക് ചുറ്റുമുണ്ട്).
ഇതിനിടയിൽ കേരളത്തിന് വെളിയിലായിരുന്ന വില്ലൻ കവിളിൽ പൂടയും, കൈയിൽ കാശുമായി പടപടപ്പൻ മോട്ടോർ ബൈക്കിലോ, റൂഫ് ലെസ്സ് സ്പോർട്സ് കാറിലോ പറന്നെത്തുന്നു. രാഷ്ട്രീയക്കാരും, സ്ത്രീപീഠനക്കാരുമായ ഗുണ്ടകളുമൊത്തുള്ള വെള്ളമടി പോലും അയാൾ ഉത്സവമാക്കുമ്പോൾ പെണ്ണിന്റെ അഴ കൊഴമ്പൻ തന്ത പതുക്കെ അങ്ങോട്ട് ചായുന്നു.
“മാനസ മൈനേ വറൂ” എന്ന് പാടി നടക്കാൻ ഇത് പഴയകാല സിനിമ അല്ലാത്തത് കൊണ്ടാവണം, പുതിയകാല നായകൻ തന്റെ കൂട്ടുകാരായ കലിങ്കിൻമേലേ കഞ്ചാവടി സംഘവുമായി കൂട്ടു ചേർന്ന് കല്യാണം മുടക്ക്, പോലീസിനെ ആക്രമണം, പച്ചത്തെറിവിളി, കരാട്ടെ ബ്ലാൿബെൽറ്റ് മുതലായ പ്രകടനങ്ങളിലൂടെ വില്ലനെയും, വില്ലന്റെ തമിഴ് ഗുണ്ടകളെയും, ഇടിച്ചു വീഴ്ത്തി, രാഷ്ട്രീയ ചക്രവ്യൂഹം തകർത്തെറിഞ്ഞു, കള്ളക്കാപ്രികളെ പോലീസിലേൽപ്പിച്ചുകൊണ്ട്, വിജയശ്രീലാളിതനായി പെണ്ണിന്റെ കൈയും പിടിച്ചു നടന്നു വരുമ്പോൾ തീയറ്ററുകളിൽ നിലക്കാത്ത കൈയ്യടികൾ …..സ്റ്റാറുകൾ സൂപ്പറും മെഗായുമാകുന്നു,..നിർമ്മാതാവിന്റെ കള്ളപ്പണം വെളുക്കുന്നു,… സംവിധായകർക്ക് താടി വളരുന്നു,.. മലയാള സിനിമ വളരുന്നു,… ശുഭം,..ശുഭായസ്യ…..? ഇത്ഇടക്കാലം.
അക്കാലത്ത്, ഏതോ വിദേശ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനെത്തിയ ഒരു മലയാള സിനിമയെപ്പറ്റി കേട്ടിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ചിത്രങ്ങൾ എത്തിയിരുന്നു. മനുഷ്യ വേദനകളെയും, ജീവിതസാഹചര്യങ്ങളെയും ആഴത്തിൽ സ്പർശിക്കുന്നതും, മനുഷ്യാവസ്ഥയുടെ മറ്റൊലിഛേദങ്ങളുമായ അത്തരം ചിത്രങ്ങൾക്കിടയിൽ നമ്മുടെ ഉണ്യേട്ടൻ സിനിമയും പ്രദര്ശിപ്പിക്കപ്പെട്ടപ്പോൾ, ജഡ്ജിംഗ് പാനലിലെ ഏതോ സാധു ജീവി നമ്മുടെ താടി സംവിധായകനോട് അത്യത്ഭുതത്തോടെ ചോദിച്ചുവത്രെ: “നിങ്ങളുടെ നാട്ടിൽ കല്യാണം കഴിക്കുന്നത് ഇത്രയേറെ കഷ്ടപ്പെട്ടിട്ടാണില്ലേ ?” എന്ന്.
സാക്ഷരതയിൽ നൂറു ശതമാനത്തിലെത്തി നിൽക്കുന്ന കേരളം ! പട്ടിണിയെങ്കിലും പത്രം വായിക്കാൻ മറക്കാത്ത ഒരു ജനത !ചരിത്രത്തിലാദ്യമായി അര നൂറ്റാണ്ടിനും മുമ്പേ ബാലറ്റ് പെട്ടിയിലൂടെ കമ്യൂണിസത്തെ അധികാരത്തിലേറ്റിയ പ്രബുദ്ധത ! ലോകത്താകമാനമുള്ള മനുഷ്യത്താവളങ്ങളിൽ ഇടിച്ചു കയറി സ്വന്തം തൊഴിലിടങ്ങളും, ജീവിതവും കരുപ്പിടിപ്പിക്കുന്ന കർമ്മ കുശലത !
എന്നിട്ടും ഈ ജനതക്കെന്തു പറ്റി? കേവലമായ മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ സാഹിത്യവും, മറ്റു സാംസ്കാരിക സമ്പന്നതകളും ലോക നിലവാരത്തിലേക്കുയർത്തി നിന്ന കേരളം, പാമ്പും, കോണിയും കളിയിലെ പാമ്പിൻ വാലിൽ വീണു കിടക്കുന്ന ദയനീയ ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഈ ദയനീയാവസ്ഥ നമുക്ക് സമ്മാനിച്ചതിൽ ജനപ്രിയ മാധ്യമങ്ങളായ ബിഗ് സ്ക്രീനിനും, മിനി സ്ക്രീനിനും കുറ്റകരമായ വലിയ പങ്കുണ്ടെന്നു ചിന്താ ശേഷിയുള്ള ഒരാൾക്ക് നിസ്സംശയം കണ്ടെത്താവുന്നതാണ്.
പൊതുവായ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഏറെ അകലെ നിൽക്കുന്നതും, ഊതിവീർപ്പിച്ച ഒരു സാമൂഹ്യാവസ്ഥയെ പ്രതിനിധീകരിക്കുന്നതും, നിയമവാഴ്ച പോലും നടപ്പിലാവാത്ത ഒരു പട്ടിക്കാടാണ് കേരളമെന്നു തോന്നിപ്പിക്കുന്നതുമായ ഒരവിൽപ്പൊതി സംസ്ക്കാരത്തിന്റെ ആസ്വാദന പ്രതിനിധികളായി സ്വയം മാറിക്കൊണ്ട്, ജനങ്ങളുടെ റോൾ മോഡലുകൾ ആയി വർത്തിക്കേണ്ട ജനപ്രിയ കലാകാരൻമാർ കൊടും ക്രിമിനലുകളെപ്പോലെ മുഖപ്പട്ട കെട്ടി നിൽക്കുമ്പോൾ, ജീവിതത്തിലും, സിനിമയിലും കവല ചട്ടമ്പികളായ കഥാനായകന്മാരോടുള്ള വീരാരാധനയിൽ, മൂന്നാം കിട ചിത്ര നിർമ്മാതാക്കളുടെ മടിശീലയിൽ പണമെറിഞ്ഞ്, അവരെ താങ്ങി നിർത്തുന്ന സാംസ്കാരിക ഷണ്ഡന്മാരായി അധഃപതിച്ചിരിക്കുകയല്ലേ നമ്മൾ മലയാളികൾ?
സിനിമ കല മാത്രല്ല, കച്ചവടം കൂടിയാണ് എന്ന സിനിമാ പ്രവർത്തകരുടെ വാദം നമുക്ക് അംഗീകരിക്കാം. കച്ചവടത്തിൽ വേഗം വിറ്റഴിയുന്ന വസ്തുക്കളെയാണ് അവർ നിരത്തി വയ്ക്കുന്നത്. ക്വാളിറ്റി പരിശോധിക്കാതെ വാങ്ങാനെത്തുന്ന നമ്മളാണ് കുറ്റക്കാർ. അവർ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചുകൊണ്ട് അവരുടെ മൂന്നാംകിട ചരക്കും വാങ്ങി മടങ്ങുമ്പോൾ, ആ ചീഞ്ഞ ശവത്തിന്റെ നാറ്റം കുറച്ചെങ്കിലും നമ്മളും പേറുകയാണെന്ന ഒളിഞ്ഞ സത്യം മനസ്സിലാക്കാതെ ഏതോ വലിയ കാര്യം നിർവഹിച്ച സംതൃപ്തിയോടെ നാം ചടഞ്ഞിരിക്കുകയാണ് ?
ഇതിനുള്ള ഏറ്റവും വലിയ തെളിവുകളായി ചൂണ്ടിക്കാട്ടാവുന്നവയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അവാർഡ് തിളക്കങ്ങളോടെ പുറത്തു വന്ന കശാപ്പും, മോഷണവും ഒക്കെ കഥാതന്തുക്കൾ ആക്കി വച്ച് കൊണ്ടും, കോടി ക്ലബ്ബിൽ അംഗത്വം നേടി എടുത്തുവെന്ന മേലെഴുത്തുകളോടെയും പുറത്തു വന്ന ജീവിത ഗന്ധികളല്ലാത്ത, സാമൂഹ്യ പ്രതിബദ്ധതകളില്ലാത്ത കുറേ അടിപൊളിയൻ നാറ്റ സിനിമകൾ ?
മലയാള സിനിമയുടെ ചരിത്ര പരിശോധനക്ക് ഇവിടെ പ്രസക്തിയില്ല. കലാമൂല്യമുള്ള, മനുഷ്യാവസ്ഥയുടെ മഹാസാധ്യതകളെ അന്വേഷിക്കുന്ന, ലോക സിനിമയിലെ ഏതു മുന്നേറ്റത്തോടും കിട പിടിക്കാനാവുന്ന ചിത്രങ്ങളുംനമുക്കുണ്ടായിട്ടുണ്ട്. പക്ഷെ, അവ കൈവിരലിൽ എണ്ണിത്തീർക്കാവുന്ന എണ്ണങ്ങൾ മാത്രം. ജനസംഖ്യാനുപാതത്തിൽ പരിശോധിക്കുമ്പോൾ, ഒരുപക്ഷെ, ലോകത്തിലേറ്റവുമധികം സിനിമ നിർമ്മിക്കുന്ന ഒരുപ്രദേശത്താണിത് സംഭവിക്കുന്നത് എന്നറിയുമ്പോളാണ് നമ്മുടെ ദയനീയമായ പാപ്പരത്തം എത്രവലുതായിരുന്നുവെന്ന് നമ്മൾ പോലും തിരിച്ചറിയുന്നത് !
ഏറ്റവും വലിയ ജനകീയ മാധ്യമം എന്ന നിലയിൽ സിനിമ എന്നും പ്രസക്തമാണ്. തിരശീലയിലെ മുഖങ്ങൾ പ്രേക്ഷകന്റെ ആരാധനാ മൂർത്തികൾ കൂടിയാണ്. നമ്മുടെ നെഞ്ചിൽ അവർക്കൊരു മാന്യമായ സ്ഥാനം നാം നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമൂഹത്തോട് അവർക്ക് ഉത്തരവാദിത്വവും, കടപ്പാടുമുണ്ട്. തങ്ങൾ ഭാഗഭാക്കാവുന്ന കലാരൂപങ്ങൾ ഏതെങ്കിലും തരത്തിൽ സമൂഹത്തിനു ഗുണപരമാവുന്നുണ്ടോ എന്ന് അവർ തന്നെ വിലയിരുത്തണം. മാത്രമല്ലാ, തങ്ങൾ കൂടി ഉൾപ്പെട്ട കലാ രൂപങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സാമൂഹ്യ റവന്യൂ സ്വന്തം ജീവിത വേദിയിൽ നടപ്പിൽ വരുത്തുന്നതിനുള്ള ഉത്തരവാദിത്വവും കലാകാരനുണ്ട്. നാലണ കിട്ടിയാൽ ആരുടെ മുന്നിലും നാണമുരിയുന്ന തെരുവ് പെണ്ണിന്റെ നിലവാരത്തിലേക്ക് കലാകാരൻ തരം താഴാൻ പാടില്ല.
തന്റെ സ്വകാര്യ ജീവിതത്തിലും നീതിപൂർവകമായ ഒരു നിലപാട് സ്വീകരിക്കുവാൻ കലാകാരൻ ബാധ്യസ്ഥനാണ്. ഇതൊന്നും പാലിക്കാത്തവൻ എത്ര ഉന്നതനായാലും മാനത്തു വിടരുന്ന മത്താപ്പ് പോലെ നിമിഷങ്ങൾക്കകം കത്തിയമർന്ന്, കാല സാഗരത്തിൽ ഒരു കുമിള പോലും അവശേഷിപ്പിക്കാതെ അവസ്സാനിക്കും എന്ന് സമകാലീന ചരിത്രം പോലും നമ്മോടു പറയുന്നു. മറിച്ച്, നിങ്ങൾ ദൈവീക വരദാനമുള്ള കലാകാരനാണെങ്കിൽ നിങ്ങൾ പ്രസരിപ്പിക്കുന്ന വെളിച്ചം നിങ്ങൾക്ക് സൗജന്യമായി ലഭിച്ചിട്ടുള്ളതാകയാൽ, അത് വിലപേശി വിൽക്കുവാൻ നിങ്ങൾക്കവകാശമില്ല. നിങ്ങൾക്കർഹമായതു നിങ്ങൾക്ക് കിട്ടും. നിങ്ങൾക്കെതിരെ എറിയപ്പെട്ടേക്കാവുന്ന കല്ലുകൾ നിങ്ങളെ സ്പർശിക്കാതെ വഴിയോരങ്ങളിൽ കാത്തുകിടന്ന് നാളെ നിങ്ങൾക്ക് വേണ്ടി പാടും !!
ഏറ്റവും ചുരുങ്ങിയത്, താൻ എന്താണെന്നും, എന്തിനു വേണ്ടിയാണെന്നും ഒരു കലാകാരൻ അറിഞ്ഞിരിക്കണം. ആയിരത്തിൽ ഒരുവനാണ് നീ ? നിന്നെ നിയന്ത്രിക്കുന്ന നിയോഗത്തിന്റെ ഒരുചരടുണ്ട്. വെളിച്ചത്തിന്റെ പ്രതിനിധിയാണ് നീ ? അത് പ്രസരിപ്പിക്കാൻ നിനക്ക് സാധിക്കുന്നില്ലെങ്കിൽ നിന്റെ ജന്മം കാലത്തിന്റെ കണക്കിലെ ഒരു നഷ്ടക്കച്ചവടത്തിന്റെ ബാക്കിപത്രം ആയിപ്പോകും.?
നിശ്ചലസ്പടികമായ തടാക ജലത്തിൽ പ്രതിഫലിച്ചു കാണുന്ന നിഴൽ ചിത്രമാണ് കവിത എന്നാരോ പറഞ്ഞിട്ടുണ്ട്. എല്ലാ കലാരൂപങ്ങൾക്കും ഇത് ബാധകമാണെന്നാണ് എന്റെ എളിയ അഭിപ്രായം. ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരമല്ല സിനിമ. ജീവിത സംസ്കൃതിയുടെ പുനരാവിഷ്ക്കാരമാണ്. ഇതിലൂടെ ജനസാമാന്യത്തിന്റെ തിരുമുമ്പിൽ കലാകാരൻ വരച്ചു വയ്ക്കുന്ന വർണ്ണചിത്രങ്ങൾക്ക് ജീവിതത്തിന്റെ മിഴിവുണ്ടാവണം, സ്വപ്നങ്ങളുടെ നിറമുണ്ടാവണം, മെച്ചത്തേക്കുറിച്ചുള്ള ലക്ഷ്യമുണ്ടാവണം.
നമുക്ക് മെച്ചപ്പെട്ട കഥകളില്ലെന്ന് സിനിമാക്കാർ പരാതിപ്പെടുന്നുണ്ട്. ചില്ലുമേടകളിൽ കള്ളടിച്ചിരുന്നാൽ ഒന്നും കാണുകയില്ല. തുറന്ന മനസ്സും, വിടർന്ന കണ്ണുകളുമായി പുറത്തേക്ക് വരണം. ചുറ്റുമുള്ള ജനജീവിതത്തിന്റെ ഊഷര ഭൂമികകളിലേക്ക്. വൈവിദ്ധ്യവും, വൈരുധ്യവുമാർന്ന എത്രയെത്ര ജീവൽ സ്പന്ദനങ്ങളാണ്ദൈവത്തിന്റെ സ്വന്തം നാടായ ആ കൊച്ചു ദേശത്തു തുടിച്ചു നിൽക്കുന്നത്?
* വൈക്കത്തെ തൊണ്ടഴുക്കുന്ന ചളിക്കുളങ്ങൾ….അറയ്ക്കുന്ന ദുർഗ്ഗന്ധം അടിച്ചുപരത്തി ചകിരി വേർതിരിക്കുന്ന സുന്ദരികൾ…. തവളയെപ്പോലെ മുങ്ങിപ്പൊങ്ങി കായലിൽ കക്ക വാരുന്നവർ….കശാപ്പു ശാലകളിൽ കാലങ്ങളായി ശേഖരിക്കുന്ന എല്ലിൻ കുന്നുകൾ, എല്ലുപൊടി കമ്പനികൾക്ക് വേണ്ടി കുഴിയിലിറങ്ങി വാരുന്നവർ…. എത്ര കുളിച്ചാലും മാറാത്ത അവരുടെ ദുർഗ്ഗന്ധത്തിന്റെ ഓരം ചാരാൻ കാത്തുകാത്തിരിക്കുന്ന ഒരു കുടുംബം….. ആ മടിയിലിരുന്ന് അഴുകിയ അസ്ഥിയുടെ കഥ കേട്ടുറങ്ങുന്ന പിഞ്ചു ബാല്യങ്ങൾ….?
* വലിയ പാലങ്ങളുടെ കോൺക്രീറ്റോരങ്ങളിൽ, തക്കാളിപ്പെട്ടിച്ചാളകളിൽ അന്തിയുറങ്ങുന്ന സൗന്ദര്യത്തിടമ്പുകൾ….അവർക്കു ചുറ്റും പണമെറിഞ്ഞും, പദവിയെറിഞ്ഞും കടിച്ചു കീറാൻ കാക്കുന്ന കാമവെറി പൂണ്ടകഴുകന്മാർ …..?
* നെഞ്ചിൽ അരിവാളിന്റെ മൂർച്ചയുമായി, മുടി മാടിക്കെട്ടി, മുണ്ട് മടക്കിക്കുത്തി, ചളിപ്പാടങ്ങളിൽ കതിർക്കുലകൾ കൊയ്തടുക്കുന്ന കർഷകത്തൊഴിലാളി സ്ത്രീകൾ…. ഉളുമ്പ് നാറുന്ന മീൻ കുട്ടയേന്തി, കാൽനടയായി കാതങ്ങൾ താണ്ടി, അകത്തളങ്ങളിലെ ചുണ്ണാമ്പ് കൊച്ചമ്മമാർക്ക് വിലപേശി മീൻ വിൽക്കുന്ന മീൻ മിഴിയാളുകൾ….. കാറ്റോളവും, കഴുക്കോലുമായി നീങ്ങുന്ന കടത്തുവള്ളക്കാർ…..?
* വയനാട്ടിൽ നിന്ന് വണ്ടിയിറങ്ങി കോഴിക്കോട്ടെ പാതിരാത്രികളിൽ രണ്ടു കെട്ടിടങ്ങളുടെ പുറം ചുവരുകൾക്കിടയിൽ വലിച്ചു കെട്ടിയ തുണി മറയ്ക്കപ്പുറെ സ്വന്തം ശരീരം വിറ്റ് സ്വയം തൊഴിൽ കണ്ടെത്തുന്നവർ….രാത്രി യാത്രക്കാരുടെ പിന്നാലെ കൂടി തങ്ങളുടെ ചരക്കുകളെ പ്രദർശിപ്പിച്ചു വിറ്റ് കമ്മീഷൻ വാങ്ങുന്ന ടീനേജ് കഴിയാത്ത പിമ്പുകൾ …..?
* മാനാഞ്ചിറയുടെ ഓരത്തെ സിമന്റു ബഞ്ചുകളിൽ, സ്വന്തം മുല പ്രദർശിപ്പിക്കാൻ വേണ്ടി മാത്രം കൊച്ചുകുട്ടിയെക്കൊണ്ടതു കുടിപ്പിച്ചു കാത്തിരിക്കുന്ന പ്രസവിക്കാത്ത യുവതികൾ….. അങ്ങോട്ടാഗ്രഹത്തോടെ നോക്കിപ്പോയാൽ അതിനു വില പറഞ്ഞു വിൽക്കാൻ വേണ്ടി അൽപ്പം ദൂരെ മാറി നിൽക്കുന്ന അവരുടെ സംരക്ഷകർ…..?
ഇവിടെയെല്ലാം കഥകളുറങ്ങുന്നു. അത് കണ്ടെത്താൻ കണ്ണ് വേണം. കലാകാരന്റെ കണ്ണ്; കാലത്താൽ നിയോഗിക്കപ്പെട്ട കണ്ണ്.
( ***** തർക്കം വേണ്ട, ഏതാനും ദശകങ്ങൾക്ക് മുമ്പ് എന്റെ സ്വന്തം കണ്ണുകൾ കണ്ട് ബോധ്യപ്പെട്ടിട്ടുള്ളകാര്യങ്ങളാണ് മേൽ എഴുതിയിട്ടുള്ളത്)
അനുഗ്രഹീത കലാകാരനായ ശ്രീ ലോഹിതദാസ് ‘ഭൂതക്കണ്ണാടി ‘ എന്ന അദ്ദേഹത്തിന്റെ സിനിമയിൽ അന്ധഗായകരായ ഒരു തെണ്ടിക്കുടുംബത്തിന്റെ കഥ പറയുന്നുണ്ട്. നിസ്സഹായരായ അവരുടെ അവശേഷിക്കുന്ന ഏക സ്വപ്നമായ കിളുന്തു മകളെ നിയമപാലകർ കടിച്ചുകീറി കൊല്ലുന്നത് ചിത്രീകരിക്കുമ്പോൾ ലോഹി ഒന്നും നമ്മോടു പറയുന്നില്ല. പക്ഷെ, നമ്മുടെ മനസ്സിൽ പ്രതികരണത്തിന്റെ ഒരഗ്നിക്കാറ്റ് അദ്ദേഹം കൊളുത്തി വിടുന്നുണ്ട്.
സമാന സാഹചര്യങ്ങളിൽ രാഷ്ട്രീയക്കാരാൽ കശക്കി എറിയപ്പെടുന്ന ‘വാസന്തിയും, ലക്ഷ്മിയും’ നഷ്ടമാവുമ്പോൾ, അവരുടെ സഹോദരനും, കാമുകനുമായ നായകനെക്കൊണ്ട് അന്ധതക്കതീതമായ ആർജ്ജവത്തോടെ അക്രമിയെ കൊന്നു കളയിക്കുന്ന സംവിധായകൻ വിനയൻ, പ്രേക്ഷകൻ ചെയ്യേണ്ടത് സ്വയം ചെയ്തു കൊണ്ട് ഇവിടെ സംവേദന സാധ്യതക്ക് തിരശീലയിടുന്നു. ലോഹിയാവട്ടേ, സംവേദന സാധ്യതകളുടെ യാഗാശ്വത്തെ കെട്ടഴിച്ചു വിട്ടുകൊണ്ട്, അക്രമികളുടെ പിന്നിൽ ഊരിപ്പിടിച്ച ചോര വാളാക്കി പ്രേക്ഷകനെ സജീവമാക്കി നിലനിർത്തുന്നതിലൂടെ, സാമൂഹിക പ്രതിബദ്ധതക്ക് ഉതകുന്ന കുറ്റമറ്റ ക്രാഫ്റ്റായി കലാരൂപത്തെ ആവിഷ്ക്കരിക്കുന്നു !
മരവിപ്പിക്കപ്പെട്ട മനസ്സുള്ള ഒരു സമൂഹത്തിൽ ഇതൊന്നും എളുപ്പം വിറ്റഴിയുന്നില്ല. തമിഴ്നാട്ടിലും, തെലുങ്കാനയിലും നിന്നിറക്കുമതി ചെയ്യുന്ന മുഴുത്ത അവയവങ്ങളുള്ള പെൺകുട്ടികളെ മറയ്ക്കേണ്ടതൊക്കെ വേണ്ടത്ര മറയ്ക്കാതെ തുറന്നു കാണിക്കുമ്പോൾ, ഏതോ ഭഗ്ന മോഹങ്ങളുടെ ഉൾപ്രേരണയാൽ നാം നമ്മുടെ മടിശീലയാഴിച്ചു വാരി വിതറുന്നൂ നാണയങ്ങൾ. കുന്നിൻ പുറത്തെ തകർന്ന കൂട്ടിൽ, ചുറ്റും ആളിക്കത്തുന്ന അഗ്നിയിൽ അലിഞ്ഞു ചേരുന്ന നിലവിളിയിൽ കാക്കിയാൽ കശക്കിയ കിളുന്തു ജീവിതം എരിഞ്ഞടങ്ങുമ്പോൾ, അഗ്നിയെ ഭേദിച്ച് അങ്ങോട്ടടുക്കാൻ പോലുമാവാതെ “മോളേ , മോളേ” എന്ന് നെഞ്ചു പൊട്ടി വിളിച്ച് കേഴുന്ന ആ അന്ധ ദമ്പതികളുടെ ദയനീയ ശബ്ദം നമ്മളിൽ എത്ര പേർ ഏറ്റുവാങ്ങി അതിന് തീ കൊളുത്തുന്നുണ്ട്എന്നതിലാണ്, സംവേദന ക്ഷമതയിലൂടെ സാധ്യമാക്കാനാവുന്ന സാമൂഹ്യ മാറ്റങ്ങൾ.?
സുദീർഘമായ ഒരു കാലഘട്ടത്തിനുമപ്പുറം കേരളം കുഴിച്ചുമൂടിയ ഫ്യൂഡൽ സാമൂഹ്യാവസ്ഥയെ തേച്ചു മിനുക്കി കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് വന്ന ചിത്രങ്ങളായിരുന്നു നരസിംഹവും, വല്യേട്ടനും, പിന്നെ കോടികൾ കൊണ്ട് അമ്മാനമാടുന്ന നമ്മുടെ പുലിമുരുകനും, ലൂസിഫറും. മസിലുരുട്ടിയും, മീശപിരിച്ചും, അഭ്യാസം കാണിച്ചും കാര്യം നേടുന്ന ഈ കഥാപാത്രങ്ങൾ എന്ത് സാമൂഹ്യ മാറ്റത്തിനാണ് കേരളത്തിൽ വഴിമരുന്ന് ഇട്ടതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എന്നിട്ടും ഈ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളാവുന്നതിന്റെ പിന്നിലെ പ്രേരണയെന്ത് എന്നത് സമർത്ഥമായ മനഃശാസ്ത്ര വിശകലനത്തിന് വിധേയമാക്കേണ്ട വിഷയമാണെന്ന് എനിക്ക്തോന്നുന്നു.
ഭാരതീയന്റെയും, അതിലൂടെ കേരളീയന്റേയും രക്തത്തിൽ അടിമത്വത്തിന്റെ അണുക്കൾ തന്നെയാണ് ഏറെയുള്ളത് എന്നതാവാം ഇതിന്റെ പ്രചോദക രഹസ്യം എന്നും എനിക്ക് തോന്നുന്നുണ്ട്. ചരിത്രപരമായ ഒരു സാഹചര്യത്തിൽ നാമറിയാതെ സംഭവിച്ചുപോയ ഒരു ദുരന്തമായിരുന്നൂ ഇത്. ഹൂണന്മാരും, മുഗളന്മാരും, പോർച്ചുഗീസുകാരും, ബ്രിട്ടീഷുകാരും നമ്മെ ആക്രമിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. ആരെയും അംഗീകരിക്കാത്ത മലയാളി നിവൃത്തിയില്ലാതെ അവർക്ക് ഏറാൻ മൂളിയെങ്കിലും നമ്മുടെ മനസ്സ് രഹസ്യമായി പ്രതിഷേധിക്കുകയായിരുന്നു. അകത്തു കത്തിയും, പുറത്ത് പത്തിയുമായി നാം അടങ്ങിക്കിടന്നു ?
സ്വാതന്ത്ര്യം വന്നപ്പോൾ നാം രക്ഷപ്പെട്ടുവെന്ന് കരുതി. അതും നീണ്ടുനിന്നില്ല. വെളുത്ത യജമാനന്മാർ പിൻവാങ്ങിയപ്പോൾ ഗോതമ്പ് നിറമുള്ള യജമാനന്മാർ നമുക്ക് വേണ്ടി എത്തി. അവർ അവരുടെ നുകം നമ്മുടെ കഴുത്തുകളിൽ വച്ചു തന്നു. മറ്റു നിവൃത്തികളില്ലാതെ ഇപ്പോൾ നാം അതും ചുമക്കുന്നു. ഉള്ളിൽ നമ്മുടെ പ്രതിഷേധം ആളുന്നുണ്ട്. പക്ഷെ, നാം നിസ്സഹായരാണ്; നിസ്സഹായരായ അടിമകൾ !
ഈ അടിമകളുടെ രഹസ്യ പ്രതിഷേധത്തിന്റെ മുന്നിലേക്കാണ്, കലയുടെ പേരിൽ കച്ചവട സിനിമാക്കാർ ‘ചാടിക്കളിക്കെടാ കൊച്ചുരാമാ’ എന്നു പാടിക്കൊണ്ട് നരസിംഹത്തെയും, വല്യേട്ടനെയും, പുലിമുരുകനെയും, ലൂസിഫറിനെയും ഇറക്കി വിടുന്നത്. ഈ കഥാപാത്രങ്ങളെല്ലാം യജമാന വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെ ആണെങ്കിലും, നമ്മുടെ കഴുത്തിൽ നുകം വച്ചു തന്ന മറ്റേ യജമാന വർഗ്ഗത്തെ അവർ അടിച്ചു തകർക്കുന്നു. കാലങ്ങളായി ഇത് ചെയ്യാൻ നമ്മുടെ കൈകൾ തരിക്കുകയായിരുന്നുവെങ്കിലും, നിസ്സഹായരായ നമുക്കതിന് സാധിക്കുന്നില്ല. ഈ പാത്രങ്ങൾ കഥയിലെങ്കിലും അത് ചെയ്യുമ്പോൾ നാം സന്തോഷിക്കുന്നു. “ശത്രുവിന്റെ ശത്രു മിത്രം” എന്ന മനഃശാസ്ത്ര സിദ്ധാന്തത്തിലൂടെ സ്വാഭാവികമായും ഇവർ അംഗീകാരം നേടുന്നു. തീയറ്ററുകൾ നിറയുന്നു; കളക്ഷൻ റിക്കാർഡുകൾ ഉയരുന്നു !?
ആത്യന്തികമായി ഇത്തരം ചിത്രങ്ങൾ ലക്ഷ്യം നേടുന്നുണ്ടോ ? ഇല്ലാ എന്ന് തന്നെയാണ് ശരിയുത്തരം. ഒരു പെഗ്ഗ് കള്ളടിച്ചപ്പോൾ കിട്ടിയ അതേ ഭ്രമം മാത്രമേ ഇവിടെ നമുക്ക് അനുഭവപ്പെടുന്നുള്ളു. ഒരു കലാരൂപത്തിൽ നിന്ന് ഉത്ഭവിക്കേണ്ടുന്ന യഥാർത്ഥ റവന്യൂ ഇതല്ല. ‘ എഴുത്ത് സംസ്കാരത്തിന്റെ സഹ യാത്രികനാണ് ‘ എന്ന സക്കറിയായുടെ വാക്കുകൾ ഞാൻ അംഗീകരിക്കുന്നില്ല. എഴുത്ത് മാത്രമല്ലാ, എല്ലാ കലാരൂപങ്ങളും സംസ്കാരത്തിന്റെ സൃഷ്ടാക്കൾ കൂടിയാണ് എന്നതാണ് എന്റെ കണ്ടെത്തൽ. വ്യക്തിയുടെ മനസ്സിലുദിച്ച വിപ്ലവാശയങ്ങളാണ് പിൽക്കാല സംസ്ക്കാരങ്ങളായിപരിണമിച്ചത് എന്ന് അന്വേഷിച്ചാൽ കണ്ടെത്താവുന്നതാണ്. ക്രിസ്തുവിന്റെ മനസ്സിലെ വിപ്ലവം ക്രിസ്തീയ സംസ്ക്കാരമായും, മാർക്സിന്റേത്, കമ്യൂണിസ്റ്റു – സോഷ്യലിസ്റ്റു സംസ്ക്കാരമായും പരിണമിച്ചത് ഇങ്ങിനെയാണ്.
ഏറ്റവും വലിയ ജനകീയ മാധ്യമമായ സിനിമയിൽ നിന്ന് എന്താണ് നാം പ്രതീക്ഷിക്കുന്നത് ? മാറ്റം. മാറ്റത്തിന്റെ മനോഹര ശംഖൊലി.! നൂറ്റാണ്ടുകളായി അടിമത്വത്തിന്റെ ഭാരനുകം പേറുന്ന ഒരു ജനതയ്ക്ക് തെളിഞ്ഞു പൊലിയുന്ന ഒരു കൊള്ളിയാൻ മിന്നലല്ലാ ആവശ്യം; മുനിഞ്ഞു കത്തുന്ന ഒരു മുട്ട വിളക്കാണ്. അതിൽനിന്നൂറുന്ന നറും വെളിച്ചത്തിൽ അവന് വഴിനടക്കാൻ സാധിക്കണം, വളർന്നു വികസിക്കാൻ സാധിക്കണം.
രണ്ടു മഹായുദ്ധങ്ങളിലൂടെ മനോവീര്യം നശിച്ച പാശ്ചാത്യ ജനതയെ വീണ്ടും കർമ്മോൽസുകാരാക്കുന്നതിൽ ഹെമിങ്വേയുടെ ‘കിഴവനും കടലും’ വഹിച്ച പങ്ക് വളരേ വലുതായിരുന്നുവെന്ന് ചരിത്ര ചിന്തകർ പറയുന്നു. ഭാരതം മാത്രമല്ലാ, ലോകം തന്നെയും ഒരു രക്ഷകനെ കാത്തിരിക്കുകയാണ്. മാനസികമായും, സാമൂഹികമായുംതകർന്നു കഴിഞ്ഞ ഒരു വലിയ കൂട്ടം വിമോചനത്തിന്റെ വിപ്ലവ ഗാനം കാതോർക്കുകയാണ്.
അതാദ്യം പാടാൻ കരളുറപ്പുള്ളവനാര് ? സത്യത്തിന്റെയും, ധർമ്മത്തിന്റെയും ചവിട്ടുപടികളിൽ കാലുറപ്പിച്ചു നിന്ന്കൊണ്ട് അവനത് പാടുമ്പോൾ, ഉയിർത്തെഴുന്നേൽക്കുന്ന ജനകോടികൾ ഉശിരോടെ അതേറ്റു പാടും…..!!
സിനിമക്ക് വലിയ സാധ്യതകളുണ്ട്. സിനിമ ജനഹൃദയങ്ങളിലേക്ക് മനസ്സ് തുറക്കുന്നു. ഈ മനസ്സിൽ എന്തെങ്കിലും ഉണ്ടായിരിക്കണം.! ഇരുട്ടിന്റെ വേദനയിൽ അലയുന്നവന് ഒരു തിരിവെട്ടം.? വഴിയിൽ തളരുന്നവന് ഒരു ഊന്നുവടി …? ഇതൊന്നും ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത സിനിമകളാണ് പടച്ചുണ്ടാക്കുന്നതെങ്കിൽ അവകളെ ചരിത്രം ചവറ്റുകൊട്ടയിൽത്തന്നെ എറിഞ്ഞു കളയുമ്പോൾ, ഒരുണക്ക സിംഹം ഓടിയത് കൊണ്ടോ, കറുത്ത ആന കരയുന്നത് കൊണ്ടോ, വരയൻ പുലി അലറുന്നത് കൊണ്ടോ ഒന്നും ഒരു മാറ്റവും കൊണ്ട് വരാൻ ആർക്കും സാധിക്കുകയില്ല.
മനുഷ്യ വംശ ചരിത്രത്തിന്റെ മണിമുറ്റത്ത്, മഹത്തായ മാറ്റത്തിന്റെ മാറ്റൊലിയുമായി കലാരൂപങ്ങളുടെ കമലദളങ്ങൾ വിരിഞ്ഞിറങ്ങുമ്പോൾ, ദളപുടങ്ങളിൽ കിനിഞ്ഞുനിൽക്കുന്ന സംസ്കാരത്തിന്റെ നറുംതേൻതുള്ളികൾ ശേഖരിക്കുവാൻ സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും തേനീച്ചകൾ പറന്നു വരും ! ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളേയുടെ തേനറകളിൽ അവ ശേഖരിക്കപ്പെടും !ആയതിനായി പരിശ്രമിക്കുന്ന എല്ലാ സിനിമാപ്രവർത്തകർക്കും അഭിവാദനങ്ങൾ !!
* ഫൊക്കാനയുടെ 2024 ലെ സുകുമാർ അഴീക്കോട് അവാർഡ് ലഭിച്ച ‘അഗ്നിച്ചീളുകൾ ‘ എന്ന ലേഖന സമാഹാരത്തിൽ നിന്ന്. ഒരു ഗ്രീൻബുക്സ് പ്രസിദ്ധീകരണം.