ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 65-ാമത് ജന്മദിനം ഇന്ന്

തിരുവല്ല: മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 65-ാംമത് ജന്മദിനം ഇന്ന്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ആയി ഉയർത്തപെട്ടതിന് ശേഷം ഉള്ള ആദ്യ ജന്മ ദിനം കൂടിയാണ് ഇന്ന്.

പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ ഗ്രാമത്തിൽ കൈതപ്പതാലിൽ (ഒറേത്ത്) കുടുംബത്തിലെ മത്തായി മത്തായിയുടെയും മേരിക്കുട്ടി മത്തായിയുടെയും ഏഴു മക്കളിൽ ആറാമനായി ജനിച്ച സാമുവൽ മാത്യു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അടുത്ത ആറ് വർഷം, ദരിദ്രരെ സേവിക്കുന്നതിനും ഉത്തരേന്ത്യയിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി ജീവിതം സമർപ്പിച്ചു.

1987-ൽ ദൈവശാസ്ത്രത്തിൽ ബിരുദവും 1992- ൽ ബിരുദാനന്തര ബിരുദവും 2007-ൽ ഡോക്റേറ്റും നേടി.1993 മുതൽ 2003 വരെ സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.

1997-ൽ ഡീക്കനായും 2003-ൽ ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയിൽ നിന്നും കശീശാ പട്ടവും സ്വീകരിച്ചു. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിൻ്റെ ജനറൽ സെക്രട്ടറിയായി 3 വർഷം സേവനമനുഷ്ഠിച്ച ശേഷം 2006-ൽ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ കൈവെപ്പിനാൽ സാമുവൽ മോർ തെയോഫിലോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി.പിന്നീടുള്ള വർഷങ്ങൾ അദ്ദേഹം സഭയുടെ മംഗലാപുരം – ചെന്നൈ ഭദ്രാസന ബിഷപ്പായും പിന്നീട് പരിശുദ്ധ സിനഡിൻ്റെ സെക്രട്ടറിയായും 2017-ൽ ചെന്നൈ ആർച്ച് ബിഷപ്പായും ഉയർത്തപ്പെട്ടു. അവിടെ മംഗലാപുരം, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ ഭദ്രാസനങ്ങളുടെ മേൽനോട്ടത്തിൽ തുടർന്നു. 2015 ലും 2021 ലും ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും സമയത്ത്, ദുരിതബാധിതരായ ആളുകളെ സേവിക്കാൻ അദ്ദേഹം തൻ്റെ ഭദ്രാസനങ്ങളിൽ നിന്ന് സന്നദ്ധപ്രവർത്തകരുടെ ടീമുകളെ സംഘടിപ്പിച്ച് രക്ഷാപ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും ഏർപ്പെട്ടു.

സഭയുടെ സ്ഥാപകൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ നിര്യാണത്ത തുടർന്ന് 2024 ജൂൺ 22ന് ആണ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് ആഗോള സഭയുടെ പരമാധ്യക്ഷൻ ആയി മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തത്.

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ആത്മീയ പിതാവുമായ അഭിവന്ദ്യ മോറാൻ മോർ സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് സഭയെ മുൻപോട്ടു നയിക്കുവാൻ സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹ ആശിർവാദങ്ങളും ലഭിക്കട്ടെയെന്ന് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ആശംസിച്ചു.

Print Friendly, PDF & Email

Leave a Comment

More News