ഹ്യൂസ്റ്റണ്‍: ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം. ക്ഷേത്രത്തിൽ നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി. 2024 ഓഗസ്റ് 24ന് ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് ഭഗവാൻ ശ്രീ കൃഷ്ണന്റെ ജന്മദിനം ആഘോഷിച്ചത് .
ഭാരതത്തിൽ അങ്ങോളമിങ്ങോളം ജന്മാഷ്ടമി, അഷ്ടമിരോഹിണി, ശ്രീ കൃഷ്ണ ജയന്തി എന്നീ വിവിധ പേരുകളിൽ ശ്രീ കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്നു. ഹ്യുസ്റ്റണിൽ വർഷങ്ങളായി ആഘോഷിച്ചുവരുന്ന ഈ ആഘോഷം ഓരോ വർഷം കഴിയുംതോറും ജനപ്രീതി ഏറിവരുകയാണ്. ഹ്യൂസ്റ്റനിലെ നിരവധി ഹിന്ദു സമൂഹങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത മഹാ ശോഭയാത്ര ആഘോഷങ്ങളുടെ മറ്റു കൂട്ടി.നൂറുകണക്കിന് ഭക്തജനങ്ങൾ ശോഭയാത്രയുടെ ഭാഗമായി.താലപ്പൊലികളുടെ അകമ്പടികളോടെ കൃഷ്ണ വേഷം കെട്ടിയ ഉണ്ണിക്കണ്ണന്മാർ ശോഭയാത്രയിൽ അണിനിരന്നു. ഉണ്ണി കണ്ണന്മാരുടേയും കുട്ടി രാധമാരുടെയും നീണ്ട നിര ശോഭയാത്രയെ ആർഭാടമാക്കി. ക്ഷേത്ര പരിസരം അക്ഷരാർഥത്തിൽ അമ്പാടിയായി മാറി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ശ്രീകോവിലിൽ നിന്നും എഴുന്നള്ളിച്ചെത്തിച്ച കൃഷ്ണ വിഗ്രഹം തങ്ക രഥത്തിൽ ശോഭയാത്രയെ അനുഗമിച്ചു.നൂറുകണക്കിന് ഭക്തജനങ്ങൾ ശോഭയാത്രയെ അനുഗമിച്ചു. നാമജപങ്ങളാൽ മുഖരിതമായിരുന്നു ക്ഷേത്ര പരിസരം. ഉണ്ണികണ്ണന്മാരുടെ ഉറിയടിയും, ഗോപികമാരുടെ ദാണ്ടിയയും ശോഭയാത്രയുടെ മനോഹാരിത കൂടി.തുടർന്ന് വേദിയിൽ ഹ്യൂസ്റ്റനിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ആദരിച്ചു.അതിനുശേഷം കലാപരിപാടികളും വേദിയിൽ അരങ്ങേറി.