മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ല; ശക്തിപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയൊന്നുമുണ്ടാകുകയില്ല: ഇ. ശ്രീധരൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും, അവിടെ വെള്ളം ശേഖരിക്കാൻ ചെറിയ അണക്കെട്ടുകൾ നിർമിക്കണമെന്നും
അദ്ദേഹം നിർദ്ദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിന് ഒരു ഭീഷണിയുമുണ്ടാകില്ല. ഇത് ശക്തിപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഒരു ഭീഷണിയും ഉണ്ടാകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിലേക്ക് നാല് കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും തുരങ്കം നിർമിക്കാമെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം, അണക്കെട്ട് നിർമാണം ചെലവേറിയതാണെന്നും ചൂണ്ടിക്കാട്ടി. ജലനിരപ്പ് 100 അടിയായി നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദേശം തമിഴ്‌നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീം കോടതിക്ക് എതിർപ്പുണ്ടാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിന് ശേഷം മുല്ലപ്പെരിയാറിൻ്റെ സുരക്ഷയെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ പരമാവധി സംഭരണശേഷി 152 അടിയും അനുവദനീയമായ സംഭരണശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്.

അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കമെന്നാണ് കേരളത്തിൻ്റെ നിലപാട്. 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് നിര്‍മിക്കുമെന്നും ഇതിനായി ഡിപിആര്‍ തയാറാക്കിയെന്നും രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പരിമിതികൾ ഉണ്ടെന്നും റോഷി അഗസ്റ്റിൻ ചൂണ്ടികാട്ടി.

അതേസമയം അണക്കെട്ട് ഉയർത്തുന്ന ഭീതി സംബന്ധിച്ച എല്ലാത്തരം വാദങ്ങളെയും നിരാകരിക്കുന്നതാണ് കേന്ദ്ര ജല കമ്മീഷൻ നിലപാട്. ബലക്ഷമത പരിശോധിക്കുന്നതിനൊപ്പം, 1980കൾ മുതൽ ഡാമിന് അറ്റകുറ്റ പണികൾ നടത്തിയിട്ടുണ്ടെന്ന കാര്യവും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിന്റെ ചരിവുകൾ കോൺക്രീറ്റ് ആവരണമിട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. ധാരാളം ഇരുമ്പ് കേബിളുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കേരളത്തിൽനിന്നുള്ള പ്രതിനിധി ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 136ൽനിന്ന് 142 അടിയായി ജലനിരപ്പ് ഉയർത്തുവാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഉൾപ്പെടുന്ന മൂന്നംഗ ഡാം സുരക്ഷാ നിരീക്ഷണ സമിതി യഥാസമയം അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. മാത്രമല്ല, ഭൂകമ്പത്തെ തുടർന്നോ അല്ലാതെയോ അണക്കെട്ട് തകർന്നാൽ, മൂന്നോ നാലോ മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. 70.5 ദശലക്ഷം ഘനയടിയാണ് ഇടുക്കി ഡാമിന്റെ സംഭരണ ശേഷി. അനുവദനീയമായ പരമാവധി സംഭരണ ശേഷി 51.5 ഘനയടിയും. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ഒഴുകിയെത്തുന്ന 11 ദശലക്ഷം ഘനയടി വെള്ളത്തെ സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Print Friendly, PDF & Email

Leave a Comment

More News