ന്യൂഡൽഹി: തെലങ്കാനയിലെ ഷംഷാബാദിലുള്ള ഒരു ഹോട്ടലിൽ എല്ലാ മുറികളിലും ടോയ്‌ലറ്റുകളിലും ഒളിക്യാമറ സ്ഥാപിച്ചതായി പോലീസ് കണ്ടെത്തി. ഹോട്ടലില്‍ താമസിക്കാനെത്തുന്ന ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ ഹോട്ടല്‍ ജീവനക്കാര്‍ രഹസ്യമായി റെക്കോർഡു ചെയ്യുകയും, ഈ വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ത് വലിയ തുകകൾ തട്ടിയെടുക്കുന്നതായും ചെയ്തിരുന്നതായി പോലീസ് പറയുന്നു.
ഈ നിയമവിരുദ്ധ പ്രവർത്തനം കുറച്ചുകാലമായി തുടര്‍ന്നു വന്നിരുന്നു. സാമൂഹിക അപമാനം ഭയന്ന് ദമ്പതികൾ പലപ്പോഴും ഹോട്ടല്‍ ജീവനക്കാരുടെ ഭീഷണിക്ക് കീഴടങ്ങുന്നു. എന്നാൽ, ഇത്തവണ ഹോട്ടൽ ജീവനക്കാര്‍ക്ക് പിടി വീണു. ഏറ്റവും പുതിയ ഇരകളായ, ഹോട്ടലിൽ താമസിച്ച ദമ്പതികൾ, അവരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വിവരം അറിയാതെയാണ് ചെക്ക് ഔട്ട് ചെയ്തത്. എന്നാല്‍, ഹോട്ടൽ ജീവനക്കാർ അവരുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും അവരുടെ ഫോണുകളിലേക്ക് അയച്ച് ഒരു വലിയ തുക ആവശ്യപ്പെടുകയായിരുന്നു. തുക നൽകിയില്ലെങ്കിൽ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ആദ്യം ഞെട്ടിയ ദമ്പതികൾ ഹോട്ടൽ ജീവനക്കാരുമായി ചർച്ച നടത്താൻ ശ്രമിച്ചു. ദൃശ്യങ്ങൾ നശിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ അഭ്യര്‍ത്ഥന നിരസിച്ചു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ചെയ്ത പ്രവൃത്തി ക്രിമിനല്‍ കുറ്റമാണെന്ന് പറഞ്ഞു നോക്കിയെങ്കിലും പണം നല്‍കിയില്ലെങ്കില്‍ വീഡിയോകളും ഫോട്ടോകളും പരസ്യമാക്കുമെന്ന് ഹോട്ടൽ മാനേജർ ഭീഷണിപ്പെടുത്തി.
ബ്ലാക്ക്‌മെയിലിംഗിന് വഴങ്ങാൻ വിസമ്മതിച്ച ദമ്പതികൾ ഹോട്ടൽ മാനേജർക്കെതിരെ പോലീസില്‍ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ഹോട്ടലിലെ വിവിധ മുറികളിലും കുളിമുറികളിലും നിരവധി ഒളിക്യാമറകള്‍ കണ്ടെത്തി. ഓങ്ങല്ലൂർ സ്വദേശി ഗണേഷ് എന്ന ഹോട്ടൽ മാനേജർ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റിലായി. ഇയാളിൽ നിന്ന് നിരവധി അശ്ലീല വീഡിയോകളും പോലീസ് കണ്ടെടുത്തു. തുടർ നിയമനടപടികൾ പ്രതീക്ഷിക്കുന്നതിനാൽ അന്വേഷണം പുരോഗമിക്കുകയാണ്.