ഏതു വമ്പരായാലും കൊമ്പരായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം (ലേഖനം): എ.സി.ജോർജ്

ഇത് ഓണക്കാലമാണ്. ഐതിഹ്യമാണെങ്കിൽ തന്നെയും മനുഷ്യരെല്ലാം ഒന്നുപോലെ നീതി നിഷ്ഠയോടെ കള്ളവും ചതിയും വഞ്ചനയും പീഡകരും പീഡിതരും ഇല്ലാതെ സമത്വ സുന്ദരമായി ജീവിച്ചിരുന്ന ഒരു കാലഘട്ടം നമ്മൾ ഓർക്കുന്ന ഓണക്കാലമാണ് ഇത്. അപ്പോൾ, ആണ് നാം കേൾക്കുന്നത് മലയാള സിനിമ മേഖലയിലെ ചീഞ്ഞുനാറിയ പീഡന, പീഡിത കഥകൾ, അനീതിയും അഴിഞ്ഞാട്ടവും കാലങ്ങളായി കൊടികുത്തി മലയാള സിനിമ മണ്ഡലം ആകെ മലീമസമാക്കി കൊണ്ടിരുന്ന ചോട്ടാ ബഡാ സൂപ്പർ മെഗാ മൈക്രോ താര രാജാക്കന്മാരുടെയും, താര റാണിമാരുടെയും നാറ്റിക്കുന്ന പിന്നാമ്പുറ കഥകളും ആരോപണങ്ങളും, പ്രത്യാരോപണങ്ങളും. പ്രജകൾക്ക് ഗുണമല്ലാതെ ഒരു കുറ്റവും ചെയ്യാത്ത മഹാനായ മഹാബലി ചക്രവർത്തിയെ വാമനൻ വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി ശിക്ഷിച്ചു എന്നാണല്ലോ ഓണ മഹോത്സവത്തിന്റെ ഒരു ഐതിഹ്യ കഥ. അപ്പോൾ പിന്നെ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, നീതിന്യായ വ്യവസ്ഥയിലൂടെ അത് തെളിയിക്കപ്പെട്ടാൽ ഏതു കൊലകൊമ്പരോ കൊമ്പത്തികളോ, അരികൊമ്പനോ, പടയപ്പയോ ആയാൽ പോലും തിരുത്തപ്പെടണം ശിക്ഷിക്കപ്പെടണം.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷവും ഭരിക്കുന്ന സർക്കാർ അതിലെ വിവരങ്ങൾ പുറത്തുവിടാതെ കുറെ അധികകാലം അടയിരുന്നു. പുറത്ത് വിട്ടതാണെങ്കിലോ, ആ റിപ്പോർട്ടിലെ കുറെയധികം ഭാഗങ്ങൾ വെട്ടി നീക്കിയ ശേഷം മാത്രം. അത് പുറത്തുവിടാൻ ഉണ്ടായ കാലതാമസവും, അത് വെട്ടി നീക്കിയ വരികളെ പറ്റിയുള്ള അന്വേഷണവും തുടരുമ്പോൾ ഉത്തരവാദപ്പെട്ട വരിൽനിന്ന് കിട്ടുന്നത് വെറും മുടന്തൻ ന്യായങ്ങൾ മാത്രം.

ഭാഗികമായിട്ടെങ്കിലും പുറത്തുവന്ന റിപ്പോർട്ട് വെളിച്ചത്തിൽ, കുറച്ചൊക്കെ ധൈര്യം ഉൾക്കൊണ്ട്, കുറെ സിനിമ നടികൾ അനുഭവിക്കേണ്ടിവന്ന ലൈംഗിക യാതനയും വേദനയും വെളിച്ചത്തു വന്നപ്പോൾ പല സിനിമ താരവിഗ്രഹങ്ങളുടെയും ദൈവങ്ങളുടെയും ഛായയും പ്രതിച്ഛായയും പൊയ്‌മുഖങ്ങളും വലിച്ചു കീറപ്പെട്ടു, അല്ലെങ്കിൽ വീണുടഞ്ഞു. പീഡകരെയും അഴിമതിക്കാരെയും പിന്തുണയ്ക്കുന്ന ഒരു പറ്റം സർക്കാർ മെഷിനറിയും, അമ്മയെന്ന താരസംഘടനയിലെ ഭൂരിഭാഗം പേരും താങ്കളുടെ കുറ്റകൃത്യങ്ങളെ പൂർണ്ണമായി മറച്ചുവെക്കാൻ ന്യായങ്ങൾ ഉന്നയിച്ചുകൊണ്ട് നിലത്ത് കിടന്നു ഉരുളുകയാണ്. എല്ലാവരും കുറ്റക്കാരാണ് എന്നൊരിക്കലും പറയുന്നില്ല. എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നില്ല.

അതുപോലെതന്നെ കുറ്റാരോപണങ്ങൾ നടത്തുന്ന എല്ലാവരും ശരിയാണെന്ന് ഈ ലേഖനത്തിൽ പറയുന്നില്ല. എന്നാൽ ഡെന്മാർക്കിൽ എന്തോ ഒന്നല്ല അവിടത്തെ ഭൂരിഭാഗവും ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്ന ദുഃഖസത്യം ഇവിടെ പറയേണ്ടിയിരിക്കുന്നു. ഇതിൽ നിന്ന് തലയൂരാനായി സർക്കാർ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു എന്ന് അറിയുന്നു. അതുകൊണ്ട് എന്ത് ഫലം? ആ അന്വേഷണ കമ്മീഷന്റെ ഫലം എത്രകാലം കാത്തിരുന്നാലാണ് അറിയാൻ പറ്റുക? ഹേമകമ്മീഷൻ പോലും നാലരകൊല്ലം എടുത്തില്ലേ? ഓരോ കമ്മീഷൻ നിയമിക്കുമ്പോഴും അതിൻറെ നടത്തിപ്പിനും ചെലവിലേക്കുമായി നികുതി ദായകരുടെ പോക്കറ്റിൽ നിന്ന് എത്ര കോടി രൂപയാണ് നഷ്ടപ്പെടുന്നത്? ഏത് കമ്മീഷന്റെ റിപ്പോർട്ട് വന്നാലും, അത് ബാധിക്കപ്പെടുന്നത് അല്ലെങ്കിൽ ശിക്ഷിക്കപ്പെടുന്നത് പണവും പിന്തുണയും ഇല്ലാത്ത ചില ദുർബലർ, കൊച്ചു മീനുകൾ മാത്രം.

വലിയ മീനുകൾ എന്ത് കുറ്റം ചെയ്താലും അഴിമതി ചെയ്താലും അവർ വളരെ എളുപ്പം ഊരിപ്പോരും. എത്ര വ്യക്തമായ തെളിവുകൾ, കൺമുൻപേ നിരത്തിയാലും വമ്പന്മാരുടെ കാര്യം വരുമ്പോൾ ആ തെളിവ് പോരെന്നു പറയും അവരെ കുറ്റവിമുക്തരാക്കും. എന്നാൽ ദുർബലരുടെയും സാധുക്കളുടെയും പിന്തുണ ഇല്ലാത്തവരുടെയും കാര്യങ്ങൾ വരുമ്പോൾ അവരെ എളുപ്പം പിടിച്ചു വിസ്തരിച്ച് കുറ്റക്കാർ ആക്കി ശിക്ഷിക്കും. അത്തരം ആൾക്കാരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി, കള്ള തെളിവ് ഉണ്ടാക്കി അവരെ ഇടിച്ചു പഞ്ചറാക്കി സ്വയം കുറ്റങ്ങൾ സമ്മതിപ്പിക്കും. അത്തരം ചില രാഷ്ട്രീയക്കാരുടെയും നീതി പാലകരുടെയും തികച്ചും പൈശാചിക പ്രവർത്തികളെ പറ്റി ഇവിടെ കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ?

സിനിമ മേഖല മാത്രമല്ല ഇവിടെ അശുദ്ധമായി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മതമണ്ഡലങ്ങളിലും പീഡനങ്ങളും അനീതികളും അഴിമതികളും നടക്കുന്നുണ്ടെന്നുള്ള വസ്തുത എല്ലാവർക്കും അറിയാവുന്നതാണ് അത് മറച്ചുവെക്കേണ്ട കാര്യവുമില്ല. ഓരോ സമയത്തും ഓരോ മേഖലയിലും നടക്കുന്ന അനീതികളെ പറ്റിയും അഴിമതികളെപ്പറ്റിയും ഉള്ള കഥകൾ നമ്മൾ കേൾക്കാറുണ്ട്. കുറച്ചുകാലം അത് പത്രമാധ്യമങ്ങളിലും ജനങ്ങളിലും ചർച്ചാ വിഷയമാകും.

പിന്നീട് അവ പിന്നാമ്പുറത്തേക്ക് തള്ളപ്പെടും, വിസ്മരിക്കപ്പെടും. വിദ്യാഭ്യാസരംഗത്ത്, അധ്യാപകരെ നിയമിക്കുന്നത് മുതലുള്ള, അവരുടെയൊക്കെ യോഗ്യതയെ പറ്റിയുള്ള, നിയമന അഴിമതികൾ സ്വജനപക്ഷ ഭാഗം എല്ലാം എത്രയോ നമ്മൾ കേട്ടിരിക്കുന്നു. പലതിനും യാതൊരു നടപടിയും ഇല്ലാതെ തെറ്റ് ചെയ്തവർ ഇവിടെ വിലസി വിരാജിക്കുന്നു. മതമേഖലയിലെ തന്നെ വലിയ പൂജാരികളും, ആചാര്യന്മാരും, മുട്ടൻ തിരുമേനിമാരും വലിയ കുറ്റങ്ങൾ ചെയ്തിട്ടും, ശിക്ഷിക്കപ്പെടാതെ അവർ സുഖമായി വീണ്ടും അവരുടെ അതാത് സിംഹാസനങ്ങളിൽ കുത്തിയിരുന്ന് വാണരുളിന്നില്ലേ?

ഇപ്പോഴത്തെ സ്ഫോടക വിഷയം മലയാള സിനിമയും അതിലെ താരങ്ങളും ആണല്ലോ? ഈ ഹേമ കമ്മീഷൻ തട്ടിക്കൂട്ടാൻ ഉണ്ടായ ഒരു കാരണം തന്നെ ഒരു മഹാനടൻ ഒരു നടിയെ നിഷ്ക്കരുണം കൊട്ടേഷൻ കൊടുത്ത് പീഡനത്തിന് ഇരയാക്കി എന്ന് പറയുന്നതാണല്ലോ. എന്നിട്ടെന്തായി? ആ മഹാനടൻ ഇപ്പോഴും പലരുടെയും ആരാധനാപാത്രമായി സിനിമയിൽ അഭിനയിച്ച് തിന്നു കുടിച്ച് മദിച്ചു രസിച്ച് സമൂഹമധ്യത്തിൽ വിരാജിക്കുന്നു. ധാരാളം പണം എറിഞ്ഞ്, നീതിന്യായവ്യവസ്ഥയും നോക്കുകുത്തിയാക്കി താരമല്ലൻ ജനത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. അതാണ് കേരള ലോകം, അല്ലെങ്കിൽ പണ്ടത്തെ മാവേലി തമ്പുരാൻറെ നാട്. വിശപ്പടക്കാൻ ഒരു കഷണം റൊട്ടി മോഷ്ടിച്ച മധു എന്ന പാവപ്പെട്ടവനെ തല്ലിക്കൊന്ന ദുഷ്ടന്മാരുടെ നാടാണ് ഇത്. അതിലെ ഭൂരിഭാഗം തലയെടുപ്പും പണക്കൊഴുപ്പും ഉള്ള കുറ്റക്കാർ വളരെ എളുപ്പം ഒരു ശിക്ഷയും അനുഭവിക്കാതെ ഊരി പോരുകയും ചെയ്തു.

വയനാട്ടിലെ നാശനഷ്ടങ്ങൾ ഉൾപ്പെടെ മറ്റ് അടിയന്തിരമായ ജനക്ഷേമ പദ്ധതികളെ പറ്റിയും പരിപാടികളെ പറ്റിയും ചർച്ച ചെയ്യേണ്ട ഈ സമയത്താണ് സിനിമാലോകത്തെ നാറ്റക്കേസുകളെ പറ്റി ഭരണാധികാരികളും മാധ്യമങ്ങളും അനവധി പൊതു ജനങ്ങളും ചിന്തിക്കുന്നത്. സിനിമയും സീരിയലും താരങ്ങളും മെഗാ താരങ്ങളും ഇല്ലെങ്കിലും ഇവിടെ പൊതുജനത്തിന് ജീവിക്കാം. എന്നാൽ ആഹാരം വസ്ത്രം പാർപ്പിടം ഇല്ലാതെ പൊതുജന ജീവിതം സാധ്യമല്ല. അതിനാൽ അടിസ്ഥാനപരമായ ഈ കാര്യങ്ങൾക്ക് സർക്കാർ ഊന്നൽ നൽകണം. അതുപോലെ കുറ്റങ്ങൾ ചെയ്ത ഏതു താരമായാലും താര രാജ റാണി ആയാലും നിഷ്പക്ഷമായി അവരെ വിസ്തരിച്ചു ശിക്ഷിക്കാൻ, നീതി നടപ്പാക്കാൻ നീതിന്യായ വ്യവസ്ഥയും സർക്കാരും തയ്യാറാകണം. ഇക്കാര്യത്തിൽ വെറും പൊള്ളയായ വാഗ്ദാനങ്ങളും അധര വ്യായാമങ്ങളും മാത്രം പോരാ.

എല്ലുമുറിയെ പണിയെടുക്കുന്ന കർഷകർ, മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾ, ശാരീരികമായി വിയർപ്പൊഴുക്കി വെയിലത്തും മഴയത്തും എല്ലാ വിപരീത കാലാവസ്ഥയിലും പണിയെടുക്കുന്ന, ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികളുടെ സേവനം ഇല്ലാതെ ജീവിതം അത്യന്തം പൊതുജനങ്ങൾക്കു ദുഷ്കരമാണ്. മേക്കപ്പ് പൗഡർ ഇട്ട് വെട്ടിത്തിളങ്ങുന്ന വിവിധ കർട്ടനുകൾക്കും മറ്റുള്ളവർ വെച്ച് പിടിപ്പിച്ച പ്രകൃതി ദൃശ്യങ്ങൾക്കും മുമ്പേ നടിനടന്മാർ തമ്മിൽ മുട്ടിയും ഉരുമ്മിയും കെട്ടിപ്പിടിച്ചും ചുംബിച്ചും ഉള്ള രംഗങ്ങൾ അടങ്ങിയ സിനിമ ഇല്ലാതെ അത്തരം സിനിമാതാരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന അത്തരം മെഗാ പ്രകടനങ്ങൾ കാണാതെ സാധാരണക്കാരന് ജീവിക്കാൻ പറ്റും.

എന്നാൽ അത്തരം കൺകെട്ട് സിനിമ മായാജാലങ്ങൾ കാണിച്ച്. മോഹിപ്പിച്ചു പ്രലോഭിപ്പിച്ചു സാധാരണക്കാരെയും പണമുള്ളവരെയും ഇല്ലാത്തവരെയും, ചിലരെയൊക്കെ ഇമ്മോറളായി വഴിതെറ്റിച്ചും അവരുടെ പോക്കറ്റ് കൊള്ളയടിച്ചു സമൂഹത്തിലെ ഏറ്റവും വലിയ ആളുകളായി, മിന്നും മെഗാ താരങ്ങളായി അവർ തിളങ്ങുകയാണ്. ഒരർത്ഥത്തിൽ പാവപ്പെട്ട കഴുതകളായ പൊതുജനം അവരെ തോളിലേറ്റി ദൈവത്തേക്കാൾ വലുതായി പൂജിക്കുന്നു. ഓരോ സിനിമയിലും പ്രത്യേകിച്ച് മെഗാതാരങ്ങളുടെ പ്രതിഫലം കേട്ടാൽ സാധാരണക്കാരും അവരെ പൂജിക്കുന്നവരും ദരിദ്രനാരായണന്മാരും ഞെട്ടിപ്പോകും. ആമേഖലയിൽ ഉണ്ടെന്ന് പറയപ്പെടുന്ന കള്ളപ്പണം ഇടപാടുകളും ഡ്രഗ് ട്രാഫിക്കും ഒരു ഗവൺമെൻറ് പോലീസ് ഏജൻസിക്കും നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമാണ് എവിടെയും ഉള്ളത്.

ഇവരെയൊക്കെ മറുനാടൻ മലയാളികളും ഒരുതരം ഗ്രഹാതുര ചിന്തയോടെ അവരുടെ മറുനാട്ടിലെത്തിയാൽ എയർപോർട്ട് മുതൽ അവരുടെ പെട്ടിയും ഭാണ്ഡങ്ങളും തോളിലേറ്റി കഴുതകൾ മാതിരി ചുവന്നു പൂവിട്ടു പൂജിക്കുന്നു. അന്ധമായ താരാരാധന വിദേശ മലയാളികൾ എങ്കിലും നിർത്തേണ്ടിയിരിക്കുന്നു. അവർക്കും സാധാരണക്കാർക്ക് കൊടുക്കേണ്ടതായ ഒരു ആതിഥ്യ മര്യാദകൾ മാത്രം കൊടുത്താൽ മതി എന്ന് ഓരോ മറുനാടൻ മലയാളിയും ചിന്തിക്കണം. അവർ വന്നിവിടെ സംഘടിപ്പിക്കുന്ന താരനിശകളെക്കാൾ എത്രയും മനോഹരവും മൂല്യമേറിയതുമായ കലാപരിപാടികളാണ് നമ്മുടെ മറുനാട്ടിൽ വളരുന്ന കുട്ടികളും കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്നത്.

കയ്യിലെ കാശും മുടക്കി എന്തിന് നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ താരങ്ങൾക്ക് അമിതമായ പ്രാധാന്യം കൊടുത്ത്, അമിതമായ തുകയും കൊടുത്ത് താരനിശകൾ ഇവിടെ സംഘടിപ്പിക്കുന്നു. നിങ്ങൾക്ക് കൂടുതൽ പണം കൈവശമുണ്ടെങ്കിൽ അത് സാധുക്കൾക്ക് ദാനം ചെയ്യൂ. അമേരിക്കയിലെ സംഘടനകൾ ആയ ഫോമാ ഫൊക്കാനാ, വേൾഡ് മലയാളി, മറ്റു വിവിധ സാഹിത്യ സാംസ്കാരിക ഭാഷ സംഘടനകൾ മത വേദികൾ ഇത്തരം താരങ്ങളെ നാട്ടിൽനിന്ന് ഇറക്കുമതി ചെയ്‌തു കാര്യമായ ഒരു കലാമൂല്യവും ഇല്ലാത്ത സിനിമ സ്റ്റാർ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നു. അതുകൊണ്ട് ആർക്ക് നേട്ടം? കുറച്ചൊക്കെ കോട്ടമല്ലാതെ ആർക്കും പറയത്തക്ക നേട്ടം ഉണ്ടാകുന്നില്ല. ചില ഭാരവാഹികളും അല്ലാത്തവരും തൊട്ടുരുമ്മി, കൊക്കുരുമ്മി കുറച്ചു ഫോട്ടോകൾ എടുത്ത് പത്രമാധ്യമങ്ങളിൽ വാർത്ത കൊടുത്തു

, ടിവി ചാനലുകളിൽ അന്താരാഷ്ട്ര മഹാസംഭവ വാർത്ത കൊടുത്തു സ്വയം സായൂജ്യം അടയുന്നു. അവരൊക്കെ ആയിരിക്കും നമ്മുടെയൊക്കെ പരിപാടികളുടെ മുഖ്യാതിഥികളും ഉദ്ഘാടകരും. അവരുടെ പ്രസംഗത്തിൽ മറുനാടൻ മലയാളികളായ നമുക്ക് കുറച്ചു ഉപദേശങ്ങളും തരുന്നു. കൂടാതെ നാട്ടിലെ ഇപ്പോൾ തുരുമ്പ് പിടിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മതങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ചില വികടിത ആർഷഭാരത സംസ്കാരവും വിളമ്പിയിട്ട് പോകുന്നു.

അമേരിക്കയിലും മറ്റും നെറ്റിപ്പട്ടം കെട്ടിയ ആനകൾ കിട്ടാൻ പ്രയാസം ഉള്ളതുകൊണ്ട് ആകാം ഒരുപക്ഷേ ഇവിടെ അവരെ സ്വീകരിക്കാൻ നെറ്റിപ്പട്ടം കെട്ടിയ ആനകളെ കൊണ്ടുവരാത്തത്. എന്നാൽ അവരെ സ്വീകരിക്കാൻ വിയർത്തൊഴുകി നമ്മുടെ പ്രിയപ്പെട്ട അമേരിക്കൻ മലയാളി ചെണ്ടക്കാർ കൂട്ട ചെണ്ടയടി നടത്തുന്നത് കാണാം. അതുപോലെ തന്നെ താലപ്പൊലിയേന്തിയ നമ്മുടെ സുന്ദരികളായ പെണ്മണികൾ നിരനിരയായി വരിവരിയായി നിന്ന് അവരെ സ്വീകരിച്ചു സ്റ്റേജിലേക്ക് ആനയിക്കുന്നതും കാണാം.

അമേരിക്കയിലെ സാധാരണക്കാരായ ഇന്ത്യക്കാകാർ അല്ലാത്ത പൗരന്മാർക്ക് പ്രത്യേകിച്ച് പബ്ലിക് റോഡ് തടസ്സം സൃഷ്ടിച്ചുകൊണ്ട് നടത്തുന്ന ഇത്തരം സ്വീകരണങ്ങളും മേളക്കൊഴുപ്പുകളും തീർത്തും അരോചകമായി തോന്നിയേക്കാം. അതിൻറെ ലക്ഷണങ്ങൾ ഇവിടത്തുകാർ പലയിടത്തും പ്രകടിപ്പിച്ചതിനെ പറ്റിയും അറിയാം. അമേരിക്കൻ സന്ദർശനത്തിന് എത്തിയ പല താരങ്ങളും ഇവിടെ പലയിടത്തും കാട്ടിക്കൂട്ടിയ പേക്കൂത്തുകളും അഹങ്കാര ചെയ്തികളും ധാരാളം ഈ ലേഖകന്റെ ദൃഷ്ടിയിൽ പെട്ടിട്ടുണ്ട്.

അതിനെപ്പറ്റി ഇപ്പോൾ വിവരിക്കുന്നില്ല. അതല്ല ഈ ലേഖനത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യവും. അവരെ ഇവിടെ തീർത്തും വേണ്ട എന്നല്ല ഈ ലേഖകൻ പറയുന്നത്. എല്ലാം ഒരു മിതമായ തോതിൽ മാത്രം മതി എന്നാണ് ഉദ്ദേശിക്കുന്നത്. അവരെ മിനി ദൈവങ്ങൾ ആക്കി പൊക്കി വിടേണ്ട ഒരാവശ്യവും നമ്മൾക്ക് ആർക്കുമില്ല. അവരും നമ്മളും എല്ലാ അർത്ഥത്തിലും തുല്യരാണ്.

പിന്നീട് ഏത് തെറ്റ് ചെയ്യുന്നവരും അഴിമതി കാണിക്കുന്നവരും നാട്ടിലായാലും വിദേശത്തായാലും തിരുത്തപ്പെടേണ്ടവരാണ് അല്ലെങ്കിൽ ശിക്ഷകൾ അർഹിക്കുന്നവരാണ്. പ്രത്യേകിച്ച് ഒരു സൈഡും പിടിക്കാതെ, ഒരിക്കലും വേട്ടക്കാർക്ക് ഒപ്പം നിൽക്കാതെ, അവശർക്കും ദുർബലർക്കും ഒപ്പം നിന്നുകൊണ്ട് ഇരകൾക്ക് ഒപ്പം നിന്നുകൊണ്ട് നീതിക്കുവേണ്ടി യാതൊരുവിധത്തിലുള്ള പൊളിറ്റിക്കൽ അഫിലിയേഷനും ഇല്ലാതെ നമ്മൾ ചിന്തിക്കുകയാണ്, പ്രവർത്തിക്കുകയാണ് വേണ്ടത് എന്നുള്ള അഭിപ്രായത്തോഡെ ഈ ചെറിയ ലേഖനം ഉപസംഹരിക്കുകയാണ്.

വ്യക്തിപരമായി ആരെയും, ഒരു പ്രസ്ഥാനത്തെയും അടച്ചു ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ഒന്നുമല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം മറിച്ച് പുഴുക്കുത്തുകൾ ചൂണ്ടിക്കാണിക്കുക എന്നത് മാത്രമാണ് ഉദ്ദേശം. ഉപ്പ് തിന്നുന്നവർ എവിടെയാണെങ്കിലും വെള്ളം കുടിച്ചല്ലേ പറ്റുകയുള്ളൂ. വീഴ്ചകൾ പാളിച്ചകൾ ഈ ലേഖകൻ ഉൾപ്പെടെ ആർക്കും എപ്പോൾ വേണമെങ്കിലും പറ്റാം. എന്നാൽ അത് തിരുത്തുക. തിരുത്തൽ പ്രക്രിയയുടെ ഭാഗമായ, കറക്ഷൻ, ശിക്ഷ അനുഭവിക്കുക അതാണ് നീതി. ഇന്ത്യൻ ജനാധിപത്യത്തിനും നീതി ന്യായ വ്യവസ്ഥയ്ക്കും അനുദിനം ഒത്തിരി ഒത്തിരി പാളിച്ചകൾ വരുന്നതായി നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. അവകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ, അല്ലെങ്കിൽ പോസിറ്റീവായ ഒരു മാറ്റം സംഭവിക്കാൻ, എല്ലാവർക്കും ഇവിടെ മാധ്യമങ്ങൾക്ക് കൂടെ പരമമായ ഒരു കർത്തവ്യം ഉണ്ടെന്നുള്ള വസ്തുത മറക്കരുത്.

Print Friendly, PDF & Email

Leave a Comment

More News