ഹേമ കമ്മിറ്റിയുടെ പൂര്‍ണ്ണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ബിജെപി നേതാക്കളുടെ പരാതിയിലാണ് ദേശീയ വനിതാ കമ്മീഷൻ്റെ ഇടപെടൽ. ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതി, പിആർ ശിവശങ്കരൻ എന്നിവരാണ് പരാതി നൽകിയത്.

റിപ്പോർട്ടിൽ വെളിപ്പെടുത്താത്ത പേജുകൾ ഉൾപ്പടെ ഹാജരാക്കണമെന്നാണ് ആവശ്യം. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വെളിപ്പെടുത്തലുകളിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും മലയാള സിനിമാ മേഖലയിലെ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു. വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ 233 പേജുകള്‍ മാത്രമാണ് സർക്കാർ പുറത്തുവിട്ടത്.

290 പേജുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെ ആരോപണവുമായി നടിമാർ രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലുകളിൽ സംവിധായകൻ രഞ്ജിത്ത്, ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം, ഇതൊരു രാഷ്‌ട്രീയ പ്രേരിതമായ നീക്കമാണെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. ബിജെപി നേതാക്കളുടെ നീക്കം സദുദ്ദേശത്തോടെയല്ലെന്ന് ഇടതുനേതാക്കള്‍ ആരോപിച്ചിരുന്നു

 

Print Friendly, PDF & Email

Leave a Comment

More News