മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്‌ക്ക് മാധ്യമങ്ങളെകാണും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയിലെ കൂട്ട രാജിക്കു ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്.

ഇന്നു രാവിലെയോടെ അദ്ദേഹം തിരുവനന്തപരത്ത് എത്തി. മൂന്നു പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ വരവ്. ഇന്ന് ഉച്ചയോടെ അദ്ദേഹം മാധ്യമങ്ങളെ കാണും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചോ, വെളിപ്പെടുത്തലുകളെ കുറിച്ചോ ഇതുവരെ മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് കേരളം.

ഉച്ചയ്‌ക്ക് 12 മണിക്ക് വഴുതക്കാട്ടെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിക്കും. അതിനു ശേഷമാകും അദ്ദേഹം മാധ്യമങ്ങളെ കാണുക. കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ലാല്‍. ടീമുകളെ പരിചയപ്പെടുത്തല്‍, ട്രോഫി അനാവരണം തുടങ്ങിയ ചടങ്ങുകളും നടക്കും.

അതിനു ശേഷം ഉച്ചയ്‌ക്ക് 2.30ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നടക്കുന്ന ബേബി ജോണ്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള സ്മരണതീരം എന്ന പരിപാടിയില്‍ മഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ശ്രീകുമാരന്‍ തമ്ബിയുടെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെ നടിമാരുടെ ലൈംഗികാരോപണങ്ങളും കേസുകളുമൊക്കെയായി മലയാള സിനിമ കലുഷിതമായിട്ടും മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം അദ്ദേഹം രാജിവയ്‌ക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് അദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിയത്.

Print Friendly, PDF & Email

Leave a Comment

More News