തൃശ്ശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടി; സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ മുരളീധരന്‍

തൃശൂർ: തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം അലങ്കോലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നതു പോലെ പൂരം കലക്കിയത് അജിത് കുമാര്‍ എങ്കില്‍ അതിന് പിന്നില്‍ പിണറായി വിജയന്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. അജിത് കുമാറിനെ പുറത്താക്കിയിട്ട് വേണം അന്വേഷണമെന്നും പ്രകാശ് ജാവഡേക്കര്‍ ഇ.പി.യുമായി കൂടി കാഴ്ച നടത്തിയതിന് പിന്നിലും പൂരം കലക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. പൂരം അലങ്കോലപ്പെടുത്താന്‍ നേതൃത്വം കൊടുത്തവര്‍ ആരെന്ന് പുറത്തുവരണം. അന്നുണ്ടായ സംഭവങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. അനിഷ്ട സംഭവങ്ങളുടെ പിന്നില്‍ അന്നത്തെ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാലേ ചേരയാണോ മൂര്‍ഖനാണോയെന്ന് തീരുമാനിക്കാന്‍ പറ്റൂവെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

Print Friendly, PDF & Email

Leave a Comment

More News