ഓണം പൊന്നോണം വരവായി
മാവേലി മന്നനും വരവായി
എങ്ങും കൊട്ടും കുരവയും
തട്ടുമുട്ട് താളമേളങ്ങൾ
ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ
മാവേലി രാജമന്നനെന്ന നാമമെങ്കിലും
എന്നും ജനത്തോടൊപ്പം ജനസേവകൻ
മാവേലി നാടു വാണിടും കാലം
അനീതിയില്ല ജനത്തിന് നീതി മാത്രം
ഉച്ചനീചത്വം ഇല്ലാത്ത ലോകത്ത്
ആബാലവൃന്ദം ജനം സുഖസമൃദ്ധിയിൽ
കള്ളമില്ല കൊള്ളയില്ല ചതിയില്ല വഞ്ചനയില്ല
സത്യവും നീതിയും കൊടികുത്തി വാഴും കാലം
ഉദ്യോഗസ്ഥ പരിഷകരുടെ കുതിര കയറ്റമില്ല
കൈക്കൂലിയില്ല ഫയലുകൾക്ക് താമസമില്ല
മാസപ്പടിയില്ല കള്ള കേസില്ല കുടുക്കലില്ല
പോലീസ് സ്റ്റേഷനുകളിൽ ഇടിയില്ല വിരട്ടലില്ല
തൊഴിയില്ല ഉരുട്ടലില്ല മെതിയില്ല പീഡനമില്ല
തത്വവും നീതിയും നെറിവും ഇല്ലാത്ത
രാഷ്ട്രീയ ഭരണ കോമരങ്ങൾ തൻ
കാലുവാരി കാലുമാറി അധികാര ആസനം
കരസ്ഥമാക്കി കേറി കുത്തി അടയിരുന്നു
ജനദ്രോഹികളാം ജനാധിപത്യ ലേബലിൽ
ജനത്തിന്മേൽ ആധിപത്യം പുലർത്തും
കീശ വീർപ്പിക്കും വ്യാജ സേവകരില്ല
തൊള്ള തൊരപ്പൻ മുദ്രാവാക്യങ്ങളില്ല
തള്ളലും തള്ളി കൂട്ടിക്കൊടുപ്പുമില്ല
എങ്കിലും അന്ന് പെരും കള്ളൻ വാമനൻ
മാവേലി രാജ്യം ദുഷ്ട ലാക്കിൽ പിടിച്ചടക്കാൻ
കാലുപൊക്കി ധർമ്മിഷ്ഠനാം മാവേലി തമ്പുരാനെ
ഗർത്തത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നു കഥ
ജാതിയില്ല മതമില്ല മാലോകരെല്ലാം ഒന്നുപോലെ
പൊയ്‌പോയ നല്ല നാളുകൾ ഇന്നും താലോലിക്കാം
ഈ ഓണ നാളുകളിൽ സഹചരെ മാളോരെ
നാട്ടിലും മറുനാട്ടിലും ഉയരട്ടെ ഓണത്തിൻ
സന്തോഷ ആഹ്ളാദ തുടിപ്പുകൾ തിമിർപ്പുകൾ
ഓണത്തുമ്പികളോടൊപ്പം പാറിപറന്നിടാം
ഓണത്തിൻ തേനൂറും മധുരിമ നുകർന്നിടാം
ചുവടുകൾ വയ്ക്കാം ആടിടാം പാടിടാം
കൈയ്യോട് കൈ മെയ്യോടു മെയ് ചേർത്തിടാം
മുഴങ്ങട്ടെ ഓണ മംഗള സ്നേഹാംശസകൾ