അന്ന (ടെക്സസ്): ടെക്സസിലെ അന്നയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ആഗസ്റ്റ് 30-നായിരുന്നു സംഭവം. അതിവേഗത്തിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് അവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവിക്ക് തീപിടിക്കുകയായിരുന്നു.
മരിച്ചവരിൽ ഹൈദരാബാദ് സ്വദേശികളായ ആര്യൻ രഘുനാഥ് ഒറമ്പട്ടിയും സുഹൃത്ത് ഫാറൂഖ് ഷെയ്‌ക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. തെലുങ്ക് വംശജനായ ലോകേഷ് പാലച്ചാർല, തമിഴ്‌നാട് സ്വദേശി ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്ക് കാർപൂൾ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്നുള്ള ആര്യൻ രഘുനാഥ് ഒരമ്പട്ടിയും സുഹൃത്ത് ഫാറൂഖ് ഷെയ്‌ഖും ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി സ്വദേശി ലോകേഷ് പാലച്ചാർളയും തമിഴ്‌നാട് സ്വദേശി ദർശിനി വാസുദേവനും സഞ്ചരിച്ചിരുന്ന എസ്‌യുവിയിലാണ് അമിതവേഗതയിൽ വന്ന ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിക്കുകയും യാത്രക്കാർ അകത്ത് കുടുങ്ങുകയും ചെയ്തു.
തൻ്റെ മകൻ അടുത്തിടെ അമേരിക്കയില്‍ എംഎസ് കോഴ്‌സ് പൂർത്തിയാക്കിയതായി ഫാറൂഖിൻ്റെ പിതാവ് മസ്താൻ വലി തൻ്റെ ദുഃഖം പങ്കുവെയ്ക്കവേ പറഞ്ഞു. അമേരിക്കയില്‍ താമസിക്കുന്ന ഫാറൂഖിൻ്റെ സഹോദരി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ഹൈദരാബാദിൽ മാക്‌സ് അഗ്രി ജനറ്റിക് പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ ആര്യൻ്റെ പിതാവ് സുഭാഷ് ചന്ദ്ര റെഡ്ഡി തൻ്റെ മകൻ അടുത്തിടെ കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠത്തിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയതിനുശേഷമാണ് അമേരിക്കയിലെത്തിയതെന്നും, ഡാളസിലെ ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും, എന്നാല്‍ ജോലി പരിചയം നേടുന്നതിനായി രണ്ട് വർഷം കൂടി യുഎസിൽ തുടരാൻ തീരുമാനിച്ചെന്നും പറഞ്ഞു.
ലോകേഷ് ബെൻ്റൺവില്ലിലുള്ള ഭാര്യയെ കാണാൻ പോകുകയായിരുന്നു. ടെക്സസ് യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിനിയായ ദർശിനി അമ്മാവനെ കാണാൻ പോകുകയായിരുന്നു.
അഞ്ച് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ഇരകള്‍ യാത്ര ചെയ്തിരുന്ന എസ്‌യുവിയുടെ വേഗത കുറയ്ക്കാൻ കഴിയാതെ അമിതവേഗതയിൽ വന്ന ട്രക്കില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ എസ്‌യുവിക്ക് തീ പിടിക്കുകയും അകത്തുള്ളവര്‍ കുടുങ്ങുകയുമായിരുന്നു. ശക്തമായ തീപിടിത്തത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞു. കാർപൂളിംഗ് ആപ്പിൻ്റെ ഉപയോഗമാണ് ഇരകളെ പെട്ടെന്ന് തിരിച്ചറിയാൻ അധികാരികളെ സഹായിച്ചത്.
അപകടത്തിന് തൊട്ടുമുമ്പ് വരെ ദർശിനിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ദർശിനിയുടെ മാതാപിതാക്കൾ സഹായത്തിനായി ഇന്ത്യന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചു.