വര്‍ണ്ണവിസ്മയമൊരുക്കി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഫിലഡല്‍‌ഫിയയില്‍ അരങ്ങേറി

ഫിലഡല്‍ഫിയ: ഫിലഡല്‍‌ഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം വര്‍ണ്ണോജ്വലമായി. പ്രമുഖ മലയാള നടിയും മോഡലുമായ ശ്വേതാ മേനോന്‍, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തത് പരിപാടിക്ക് മാറ്റുകൂട്ടി.

ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഈ വര്‍ഷം ആരവം 2024 എന്ന പേരിലാണ് ഓണാഘോഷ പരിപാടികള്‍ അവതരിപ്പിച്ചത്. മയൂര റസ്റ്റോറന്റ്റ് ഒരുക്കിയ ഓണ സദ്യയോടുകൂടി പരിപാടികള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയില്‍ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തില്‍ വിശിഷ്ടാതിഥികളെയും മഹാബലി തമ്പുരാനെയും വേദിയിലേക്ക് ആനയിച്ചു. ചെയര്‍മാന്‍ അഭിലാഷ് ജോണ്‍, ശ്വേതാ മേനോന്‍, നവനീത് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ബിനു മാത്യു, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, ഓണാഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ എന്നിവര്‍ ചേര്‍ന്ന് തെളിയിച്ച നിലവിളക്കിനു മുന്‍പില്‍ ലാസ്യ ഡാന്‍സ് അക്കാഡമി അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര അരങ്ങു തകര്‍ത്താടി.

വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ഐക്യദാര്‍ഢ്യം പ്രെഖ്യാപിച്ചുകൊണ്ടുള്ള മൗനാചരണത്തിനു ശേഷം ഷോണ്‍ മാത്യു അമേരിക്കന്‍ ദേശീയ ഗാനവും അബിയാ മാത്യു ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ആഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ് സ്വാഗതം ആശംസിച്ചു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിന്‍സെന്റ്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ബിനു മാത്യു, സാജന്‍ വറുഗീസ്, ജീമോന്‍ ജോര്‍ജ്, ജോര്‍ജ് നടവയല്‍, രാജന്‍ സാമുവേല്‍, സുധ കര്‍ത്താ, സുമോദ് നെല്ലിക്കാല, സാറ ഐപ്പ് എന്നിവര്‍ പബ്ലിക് മീറ്റിംഗിനും കള്‍ച്ചറല്‍ പ്രോഗ്രാമിനും ചുക്കാന്‍ പിടിച്ചു. സുരേഷ് നായര്‍ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ജനശ്രദ്ധ പിടിച്ചുപറ്റി.

ഈ വര്‍ഷത്തെ ട്രൈസ്റ്റേറ്റ് പേഴ്‌സണ്‍ ഓഫ് ദി ഈയറിനു ഡൊമിനിക് അജിത് ജോണ്‍ അര്‍ഹനായി. അവാര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കലിന്റ്റെ നേതൃത്വത്തിലുള്ള മുന്‍ ചെയര്‍മാന്മാരുടെ കമ്മിറ്റിയാണ് വിജയിയെ കണ്ടെത്തിയത്.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌ന അവാര്‍ഡ് മികച്ച കര്‍ഷകര്‍ക്ക് പതിവുപോലെ ഈ വര്‍ഷവും നല്‍കുകയുണ്ടായി. ജോര്‍ജുകുട്ടി ലൂക്കോസ്, അലക്‌സ് തോമസ്, ജോര്‍ജ് ഓലിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

മലയാളത്തനിമയില്‍ അണിഞ്ഞൊരുങ്ങി വന്ന ദമ്പതികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദമ്പതികള്‍ക്ക് ശോശാമ്മ ചെറിയാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഒരു ലക്ഷം രുപ സമ്മാനമായി നല്‍കി. ശോശാമ്മ ചെറിയാന്‍, ബ്രിജിത് വിന്‍സെന്റ്റ്, സെലിന്‍ ഓലിക്കല്‍ എന്നിവരടങ്ങിയ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

ശ്വേതാ മേനോന്‍, നവനീത് ഉണ്ണികൃഷ്ണന്‍, കലാ ഷഹി എന്നിവരാണ് അവാര്‍ഡ് ദാനം നിര്‍വഹിച്ചത്. ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ നന്ദി പ്രെകാശനം നടത്തി.

ലാസ്യ ഡാന്‍സ് അക്കാഡമി, മാതാ ഡാന്‍സ് അക്കാഡമി, ഭരതം ഡാന്‍സ് അക്കാഡമി, ബ്ലൂ മൂണ്‍, റൈസിംഗ് സ്റ്റാര്‍സ്, പിയാനോ ഉള്‍പ്പെടെ നിരവധി കലാപ്രതിഭകളുടെ നൃത്ത പരിപാടികള്‍, സിറോ മേലഡീസ് അവതരിപ്പിച്ച ഗാനസന്ധ്യ, ഓട്ടം തുള്ളല്‍ എന്നിവ അരങ്ങേറി.

താര നിശകളെ ഓര്‍മ്മപ്പെടുത്തുന്ന രീതിയുള്ള പ്രൊഫൈല്‍ വിഡിയോകളും മസാര്‍ട്ടോ ഇവന്റ്‌റ് വീഡിയോ വോളും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിന്‍സെന്റ്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചത് വിസ്മയ കാഴ്ചയായി. അരുണ്‍ കോവാട്ടായിരുന്നു പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിച്ചത്.

Print Friendly, PDF & Email

Leave a Comment

More News