കെന്റക്കി: കെൻ്റക്കിയിലെ റൂറൽ ലോറൽ കൗണ്ടിയിൽ അന്തർസംസ്ഥാന ഹൈവേ 75-ല്‍ വാഹനമോടിക്കുന്നതിനിടെ ഏഴുപേർക്ക് വെടിയേറ്റതിനെത്തുടർന്ന് അക്രമിക്കായി തിരച്ചിൽ ഊര്‍ജ്ജിതമാക്കി. ലെക്‌സിംഗ്ടണിൽ നിന്ന് ഏകദേശം 90 മൈൽ തെക്ക് ലണ്ടൻ പട്ടണത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. വനമേഖലയിൽ നിന്നോ ഒരുപക്ഷേ മേൽപ്പാലത്തിൽ നിന്നോ ആണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ.
ഹൈവേയിൽ വാഹനങ്ങൾ ലക്ഷ്യമിട്ട് വെടിവയ്പു നടക്കുന്നു എന്ന അറിയിപ്പ് കിട്ടിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. ഏഴ് പേർക്ക് പരിക്കേറ്റതായും ചിലർക്ക് വെടിയേറ്റ മുറിവുകളുണ്ടെന്നും ലണ്ടൻ മേയർ റാൻഡൽ വെഡിൽ ഫേസ്ബുക്കിൽ സ്ഥിരീകരിച്ചു. ഭാഗ്യവശാൽ, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ നൽകിയിട്ടില്ല.
വെടിവെച്ചെന്ന് സംശയിക്കപ്പെടുന്നയാൾ ഒളിവിലാണെന്നും അപകടകാരിയാണെന്നും, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും, വീടുകള്‍ ഭദ്രമാക്കണമെന്നും മേയർ താമസക്കാരോട് അഭ്യർത്ഥിച്ചു. ഹൈവേയുടെ ഒരു ഭാഗം താൽകാലികമായി അടച്ചെങ്കിലും പിന്നീട് വീണ്ടും തുറന്നിട്ടുണ്ട്. സംശയിക്കുന്നയാൾ ഇപ്പോഴും ഒളിവിലാണ്.
അതേസമയം, ലോറൽ കൗണ്ടി ഷെരീഫിൻ്റെ ഓഫീസ് 32 വയസ്സുള്ള ജോസഫ് എ കൗച്ചിനെ വെടിവെയ്പില്‍ “താൽപ്പര്യമുള്ള വ്യക്തി” എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൗച്ച് ആയുധധാരിയും അപകടകാരിയാണെന്നും വിശേഷിപ്പിച്ചു. അയാളെ എവിടെയെങ്കിലും കാണുകയാണെങ്കില്‍ സമീപിക്കരുതെന്നും, വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രാദേശിക നിയമ നിര്‍വ്വഹണ ഏജസിക്കും കെൻ്റക്കി സ്റ്റേറ്റ് പോലീസിനും പുറമേ, ഫെഡറല്‍ ഏജന്‍സിയായ എടിഎഫ് (Bureau of Alcohol, Tobacco, Firearms and Explosives) ഏജൻ്റുമാരും അന്വേഷണത്തിൽ പങ്കു ചേര്‍ന്നിട്ടുണ്ട്. സംഭവത്തെ ‘നിർണ്ണായക’ സാഹചര്യമെന്നാണ് എടിഎഫ് വിശേഷിപ്പിച്ചത്.
ജോർജിയയിലെ സ്‌കൂൾ വെടിവയ്പ്പിന് ദിവസങ്ങൾക്ക് ശേഷം നടന്ന ഈ വെടിവയ്പ്പ് അമേരിക്കയിൽ വർദ്ധിച്ചുവരുന്ന തോക്ക് അക്രമങ്ങളുടെ ആവൃത്തിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. ഈ ഏറ്റവും പുതിയ ആക്രമണത്തിൽ അക്രമിക്കായി നിയമപാലകർ തിരച്ചിൽ തുടരുകയാണ്.