“അമ്മേ, എന്നോട് ക്ഷമിക്കൂ”: ജോര്‍ജിയ ഹൈസ്കൂളില്‍ വെടിവെയ്പ് നടത്തി നാലു പേരെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍ അമ്മയ്ക്കയച്ച ക്ഷമാപണം

ജോര്‍ജിയ: ജോർജിയയിലെ ഹൈസ്കൂളില്‍ കോൾട്ട് ഗ്രേ എന്ന 14 കാരനായ വിദ്യാർത്ഥി തൻ്റെ സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയും രണ്ട് അദ്ധ്യാപകരെയും വെടിവച്ചു കൊലപ്പെടുത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് തന്റെ അമ്മ മാര്‍സി ഗ്രേയ്ക്ക് ഒരു സന്ദേശമയച്ചതായി കോള്‍ട്ട് ഗ്രേയുടെ മുത്തച്ഛൻ ചാൾസ് പോൾഹാമസ് പറഞ്ഞു. “അമ്മേ, എന്നോട് ക്ഷമിക്കൂ” എന്നായിരുന്നു ആ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ടെക്സ് മെസേജ് ലഭിച്ചയുടന്‍ മാര്‍സി ഗ്രേ ഒരു ദുരന്തം ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മാർസി ഗ്രേ സ്‌കൂളിലേക്ക് നിരവധി തവണ ഫോണ്‍ ചെയ്ത് “അപകടത്തെക്കുറിച്ച്” മുന്നറിയിപ്പ് നൽകിയെന്നു പറയുന്നു. തൻ്റെ സഹോദരിയെ വിളിച്ച് തൻ്റെ മകനെ കണ്ടെത്താൻ ആവശ്യപ്പെട്ടതും, സ്കൂൾ കൗൺസിലറെ ഉടൻ വിവരം അറിയിച്ചതെങ്ങനെയെന്നും അവര്‍ വിശദീകരിച്ചു. അവര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും സ്‌കൂൾ അധികൃതർക്ക് കൃത്യസമയത്ത് കോള്‍ട്ട് ഗ്രേയുടെ അടുത്തെത്താന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞു.

ഭയാനകമായത് എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു ഭയന്ന മാര്‍സി, സ്കൂളിലേക്ക് പാഞ്ഞു. പക്ഷെ, യാത്രാമധ്യേ, നാല് പേർ അതിനകം കൊല്ലപ്പെട്ടതായി അവര്‍ അറിഞ്ഞതായി മാധ്യമങ്ങളോട് പറഞ്ഞു.

വെടിവയ്പുമായി ബന്ധപ്പെട്ട് കോൾട്ട് ഗ്രേയും പിതാവും ഇപ്പോൾ കൊലപാതകക്കുറ്റം നേരിടുകയാണ്. വെടിവെപ്പിന് ഉപയോഗിച്ച എആർ-15 ശൈലിയിലുള്ള റൈഫിൾ കോൾട്ടിൻ്റെ പിതാവിൻ്റെ ക്രിസ്മസ് സമ്മാനമായി മകന് നല്‍കിയതാണെന്ന് അധികൃതർ വെളിപ്പെടുത്തി.

അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തെക്കുറിച്ചും മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഈ ദുരന്തം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News