സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു; റേഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിംഗ് നിര്‍ബ്ബന്ധം

തിരുവനന്തപുരം: ഇ-പിഒഎസ് സെർവറിൻ്റെ സാങ്കേതിക തകരാർ മൂലം ഏതാനും മാസങ്ങൾക്കു മുമ്പ് നിർത്തിവച്ച റേഷൻ മസ്റ്ററിംഗ് പുനരാരംഭിക്കുന്നു. സെപ്തംബർ 18 മുതൽ ഒക്‌ടോബർ 8 വരെ ഓരോ ജില്ലയിലും മസ്റ്ററിങ്ങിന് വ്യത്യസ്ത തീയതികളാണ് നിശ്ചയിച്ചിരിക്കുന്നത്. റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങൾ നിർബന്ധമായും മസ്റ്ററിംഗ് ചെയ്യണം.

മറ്റു വിഭാഗങ്ങളായ നീല, വെള്ള കാർഡ് ഉടമകൾക്കും മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. മസ്റ്ററിംഗിന് മുടക്കം വരാതിരിക്കാനായി ഇ പോസ് സർവറിന്റെ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. റേഷൻ മസ്റ്ററിംഗിനായി റേഷൻ കടകൾക്ക് പുറമേ സ്കൂളുകൾ, അങ്കന്‍‌വാടികൾ തുടങ്ങിയ സ്ഥലങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കും. കിടപ്പുരോഗികൾ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരുടെ മസ്റ്ററിംഗ് അവരവരുടെ വീടുകളിലെത്തി പൂർത്തിയാക്കും.

ഒരു കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി എത്തി മസ്റ്ററിംഗ് ചെയ്യേണ്ടത് നിർബന്ധമാണ്. ഒക്ടോബർ 3 മുതൽ 8 വരെയാണ് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ മസ്റ്ററിംഗ് നടക്കുക.

കാർഡിലെ അംഗങ്ങൾ റേഷൻ സാധനങ്ങൾ വാങ്ങുന്നതിനായി റേഷൻ കടയിൽ എത്തി ഇ പോസ് മെഷീനിൽ വിരൽ അമർത്തേണ്ടതുണ്ട്. ഇത്തരത്തിൽ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തിയതിലൂടെ 74 ലക്ഷത്തിലേറെ പേർ ഇതിനോടകം തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ഒന്നര കോടിയോളം ആളുകളുടെ മസ്റ്ററിംഗ് ആണ് മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മാത്രം ചെയ്യേണ്ടത്.

Print Friendly, PDF & Email

Leave a Comment

More News