കൊച്ചി: ലൈംഗീകാതിക്രമ കേസില്‍ യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയില്‍ സംവിധായകന് വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ ഉയരുന്ന പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നാണ് വി.കെ പ്രകാശിന്റെ ആരോപണം.
സംവിധായകന് കഥാ ചര്‍ച്ചയ്ക്ക് വേണ്ടി വിളിച്ചു വരുത്തിയ ശേഷം ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതി പരാതിപ്പെട്ടത്. സംഭവം നടക്കുന്നത് 2 വര്‍ഷം മുന്‍പ് കൊല്ലത്തുവച്ചായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കേസില്‍ ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം, മറ്റൊരു ബലാത്സംഗക്കേസില്‍ പ്രതിയായ അഭിഭാഷക അസോസിയേഷന് നേതാവ് വി.എസ്.ചന്ദ്രശേഖറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പറയും. മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നല്‍കിയത്. ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തത്. ഇത് കോടതി പ്രത്യേകം പരിഗണിച്ചിരുന്നു.