ഹേമ കമ്മിറ്റി റിപ്പോർട്ട്: നടുമുറ്റം ഖത്തർ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

ചർച്ചാ സദസ്സിൽ നടുമുറ്റം പ്രസിഡൻ്റ് സന നസീം സംസാരിക്കുന്നു

ദോഹ: ചലച്ചിത്ര മേഖലയിലെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെ അനാവരണം ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ നടുമുറ്റം ഖത്തർ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് , പ്രവാസം പ്രതികരിക്കുന്നു എന്ന തലക്കെട്ടോടെ നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

കലാ സാംസ്കാരിക മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാനും ആഗോള തലത്തിൽ നവോത്ഥാന ചിന്തകൾ കൊണ്ടുവരാനും സിനിമകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നിരിക്കെ സിനിമാ മേഖലയിൽ നിന്ന് ഇത്തരം വാർത്തകൾ പുറത്തു വരുന്നത് നിരാശയുണ്ടാക്കുന്നുണ്ട് .

തൊഴിലിടങ്ങൾ സ്ത്രീ സൌഹൃദമായിരിക്കണം. നീതി ലഭ്യമാകുന്നിടത്ത് ആൺ പെൺ വ്യത്യാസങ്ങളുണ്ടാവാൻ പാടില്ല. സ്ത്രീകൾ തൊഴിലിടങ്ങളിൽ പാർശ്വവത്കരിക്കപ്പെടുന്നതും വേതനത്തിൻ്റെ കാര്യത്തിലടക്കം വിവേചനം നേരിടുന്നതും മറച്ചു വെക്കാൻ പറ്റാത്ത യാഥാർത്ഥ്യങ്ങളാണെന്നും അത് ഇല്ലാതാവേണ്ട സാഹചര്യങ്ങൾ സർക്കാർ സംവിധാനങ്ങളടക്കം ഒരുക്കേണ്ടതുണ്ട്. വളർന്നു വരുന്ന മക്കളെ അരുതായ്മകളോട് പ്രതികരിക്കാൻ പ്രാപ്തമാക്കേണ്ടതുണ്ട്.സിനിമ മാറ്റി നിർത്തേണ്ട കലയല്ലെന്നും ഇത്തരം അനീതികൾക്കും അക്രമങ്ങൾക്കുമെതിരെയുള്ള പ്രതിരോധം സിനിമകൾ കൊണ്ടുതന്നെ സാധ്യമാകുമെന്നും പുറത്തുവന്ന ലൈംഗിക ചൂഷണങ്ങളുൾപ്പെടെയുള്ള വെളിപ്പെടുത്തലുകളിൽ കൃത്യമായ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടികളും ഇരകൾക്ക് നീതിയും ലഭ്യമാക്കണമെന്നും ചർച്ചയിൽ സംവദിച്ചവർ പറഞ്ഞു.

ലോക കേരള സഭാംഗം ഷൈനി കബീർ, റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ, കെ എം സി സി ഖത്തർ വുമൺസ് ജനറൽ സെക്രട്ടറി സലീന കോലോത്ത്, വുമൺ ഇന്ത്യ വൈസ് പ്രസിഡൻ്റ് ത്വയ്യിബ അർഷദ്, UNIQ ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, എഴുത്തുകാരി സിദ്ദിഹ, നാടക നടി മല്ലിക ബാബു,പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറിയും ഫിലിം പ്രൊഡ്യൂസറുമായ അഹമ്മദ് ഷാഫി , ആർ ജെ തുഷാര, പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് അനീസ് റഹ്മാൻ മാള തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സദസ്സിൽ നിന്ന് ഹുമൈറ അബ്ദുൽവാഹദ്,സഹല കോലോത്തൊടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. അഹ്സന കരിയാടൻ ചർച്ച നിയന്ത്രിച്ചു. നടുമുറ്റം പ്രസിഡൻ്റ് സന നസീം ആമുഖ സംസാരവും സ്വാഗതവും നടുമുറ്റം വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News