പെന്‍സില്‍വാനിയ: താൻ ഇപ്പോഴും വൈറ്റ് ഹൗസിലായിരുന്നെങ്കിൽ ഗാസയിൽ ഹമാസുമായി ഇസ്രായേൽ തുടരുന്ന യുദ്ധം ഒരിക്കലും ആരംഭിക്കില്ലായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഈ വർഷം യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസ് വിജയിച്ചാൽ, ഇസ്രായേൽ ഒരു രാഷ്ട്രമെന്ന നിലയിൽ നിലനിൽക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജൂത രാഷ്ട്രത്തെ കമലാ ഹാരിസ് വെറുക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹാരിസ് പറഞ്ഞു. പ്രത്യാക്രമണത്തിൽ, ട്രംപിൻ്റെ ഗർഭച്ഛിദ്ര നയത്തെക്കുറിച്ച് കമലാ ഹാരിസ് ചോദ്യങ്ങൾ ഉന്നയിക്കുകയും തൻ്റെ ശരീരം എന്തുചെയ്യണമെന്ന് ട്രംപിന് ഒരു സ്ത്രീയോടും പറയാന്‍ കഴിയില്ലെന്നും വിമർശിച്ചു. കമലാ ഹാരിസിൻ്റെ കീഴിൽ രണ്ട് വർഷത്തിനുള്ളിൽ ഇസ്രായേൽ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ട്രംപ് ആരോപിച്ചു.
“അവര്‍ (കമലാ ഹാരിസ്) ഇസ്രായേലിനെ വെറുക്കുന്നു. അവര്‍ പ്രസിഡൻ്റായാൽ, രണ്ടു വർഷത്തിനുള്ളിൽ ഇസ്രായേൽ ഇല്ലാതാകുമെന്ന് ഞാൻ വിശ്വസിക്കുന്നു,” പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ട്രംപ് പറഞ്ഞു.
ഹാരിസ് അറബ് ജനതയെ വെറുക്കുന്നുവെന്നും അവർ വൈറ്റ് ഹൗസിൽ ആയിരുന്ന കാലത്ത് മിഡിൽ ഈസ്റ്റ് താരതമ്യേന സമാധാനപരമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിൽ ഇറാൻ പാപ്പരായി. ഇപ്പോൾ ഇറാൻ്റെ പക്കൽ 300 ബില്യൺ ഡോളർ ഉണ്ട്, കാരണം അവർ ഞാൻ ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നീക്കി.
സത്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിൻ്റെ ശ്രമമെന്ന് കമലാ ഹാരിസ് പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്. ഈ യുദ്ധം അവസാനിപ്പിക്കണം, അത് ഉടനടി അവസാനിപ്പിക്കണം എന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് വെടിനിർത്തൽ കരാർ വേണം, ബന്ദികളെ മോചിപ്പിക്കണം. അദ്ദേഹം സ്വേച്ഛാധിപതികളെ ആരാധിക്കുന്നുവെന്നും സ്വയം ഒരു ഏകാധിപതിയാകാൻ ആഗ്രഹിക്കുന്നുവെന്നത് എല്ലാവർക്കും അറിയാമെന്നും തൻ്റെ എതിരാളിയായ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ലക്ഷ്യമാക്കി വൈസ് പ്രസിഡൻ്റ് പറഞ്ഞു.