“എൻ്റെ മകൻ ഒരു രാക്ഷസനല്ല”: ജോർജിയയിൽ വെടിവെപ്പ് നടത്തി നാലു പേരെ കൊലപ്പെടുത്തിയ കൗമാരക്കാരന്റെ അമ്മ ഇരകളുടെ കുടുംബത്തോട് ക്ഷമാപണം നടത്തി

ജോർജിയ: വിൻഡറിലെ അപാലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ നാലുപേരെ കൊലപ്പെടുത്തിയ 14 കാരനായ കോൾട്ട് ഗ്രേയുടെ അമ്മ മാർസി ഗ്രേ ഇരകളുടെ കുടുംബങ്ങളോട് ഹൃദയംഗമമായ മാപ്പ് പറഞ്ഞു. മാധ്യമങ്ങളുമായി പങ്കിട്ട ഒരു കത്തിൽ, ഗ്രേ അഗാധമായ പശ്ചാത്താപം പ്രകടിപ്പിക്കുകയും തൻ്റെ മകൻ ഒരു “രാക്ഷസൻ” അല്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു.

“അപാലാച്ചി ഹൈസ്‌കൂളിലെ ദാരുണമായ സംഭവങ്ങളാൽ ബാധിക്കപ്പെട്ടവരുടെ മാതാപിതാക്കളോടും കുടുംബങ്ങളോടും, എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഞാൻ ഖേദിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” മാർസി ഗ്രേ എഴുതി. രണ്ട് അദ്ധ്യാപകരുടെയും രണ്ട് വിദ്യാർത്ഥികളുടെയും മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു കാരണമായ വെടിവയ്പ്പിൻ്റെ പശ്ചാത്തലത്തിലാണ് മാര്‍സി ഗ്രേ കത്തെഴുതിയത്.

ആക്രമണത്തിന് തൊട്ടുമുമ്പ്, അപകട സൂചന നല്‍കാന്‍ സ്‌കൂളുമായി ബന്ധപ്പെടാന്‍ താൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ക്കു ശേഷമാണ് ഗ്രേയുടെ കത്ത്. വെടിവയ്പ്പിന് ഉത്തരവാദി കോൾട്ട് ഗ്രേ ആണെന്ന് അധികാരികൾ ആരോപിക്കുന്നു. കൂടാതെ, കൗമാരക്കാരന്‍ നാല് കൊലപാതക കുറ്റകൃത്യങ്ങളാണ് നേരിടുന്നുണ്ട്. പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലും കോള്‍ട്ട് ഗ്രേയെ മുതിര്‍ന്ന പൗരനായി കരുതി വിചാരണ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.

“മേസണിൻ്റെയും ക്രിസ്റ്റ്യൻ്റെയും സ്ഥാനം എനിക്ക് എടുക്കാൻ കഴിയുമെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ ചെയ്യും. ഒരു രക്ഷിതാവ് എന്ന നിലയിൽ, എൻ്റെ മക്കളിൽ ഒരാള്‍ ചെയ്ത തെറ്റ് മൂലം നിങ്ങള്‍ അനുഭവിക്കുന്ന വേദനയും നാശവും എല്ലാം ഞാനും അനുഭവിക്കുന്നു. ഞാൻ നിങ്ങളോടൊപ്പം സങ്കടപ്പെടുകയും കരയുകയും ചെയ്യുന്നു,” സംഭവത്തിൽ കൊല്ലപ്പെട്ട രണ്ട് 14 വയസ്സുകാരായ വിദ്യാര്‍ത്ഥികളെ പരാമർശിച്ച് മാര്‍സി ഗ്രേ എഴുതി.

അദ്ധ്യാപകരായ റിച്ചാർഡ് ആസ്പിൻവാൾ (39), ക്രിസ്റ്റീന ഇറിമി (53) എന്നിവരുടെ മരണത്തിലും ഗ്രേ ദുഃഖം രേഖപ്പെടുത്തി. “ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സേവനത്തിലിരിക്കുമ്പോൾ ജീവൻ നൽകിയ 2 അദ്ധ്യാപകരെ ഓർത്ത് എൻ്റെ ഹൃദയം തകരുന്നു,” അവർ പറഞ്ഞു.

തൻ്റെ കത്തിൽ, ഗ്രേ തൻ്റെ മകനെ “നിശബ്ദനും, ചിന്താശീലനും, കരുതലും, തമാശയും, അങ്ങേയറ്റം ബുദ്ധിമാനും” എന്ന് വിശേഷിപ്പിക്കുകയും കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു, “എൻ്റെ മകൻ കോൾട്ട് ഒരു രാക്ഷസനല്ല. അവൻ എൻ്റെ മൂത്ത കുട്ടിയാണ്,” മാര്‍സി ഗ്രേ എഴുതി.

വെടിവയ്പ്പ് നടന്ന ദിവസം രാവിലെ കോൾട്ടിൽ നിന്ന് മാർസി ഗ്രേയ്ക്ക് ഒരു സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, “അമ്മേ, ക്ഷമിക്കണം” എന്നായിരുന്നു ആ സന്ദേശം. ആശങ്കാകുലരായ അവർ, പോലീസ് എത്തുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ് അപകട സൂചന നല്‍കാന്‍ സ്കൂളിലേക്ക് ഫോണ്‍ ചെയ്തു. അവരുടെ മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ വെടിവെയ്പ് നടന്നിരുന്നു. ഇത് സ്കൂളിൻ്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് നയിച്ചു. സ്‌കൂളിൽ നിന്നുള്ള പ്രതികരണം വൈകിയതിൽ ആശയക്കുഴപ്പം പ്രകടിപ്പിച്ച ഗ്രേ, ഇത്രയും സമയം എടുത്തത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നും പറഞ്ഞു.

അതേസമയം, ബറോ കൗണ്ടി ഷെരീഫ് ജൂഡ് സ്മിത്ത് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ദുരന്തം നൂറു ശതമാനവും ഒഴിവാക്കാമായിരുന്നുവെന്നാണ് ഇരകളുടെ ചില കുടുംബങ്ങൾ വിശ്വസിക്കുന്നത്.

കോൾട്ട് ഗ്രേയെ കൂടാതെ, വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് നൽകിയെന്നാരോപിച്ച്, 54 കാരനായ പിതാവ് കോളിൻ ഗ്രേയ്‌ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, കുട്ടികളോടുള്ള ക്രൂരത എന്നിവ ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പിതാവും മകനും ഇപ്പോള്‍ ജയിലിലാണ്.

Print Friendly, PDF & Email

Leave a Comment

More News