തിരുവോണാഘോഷ നാളില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി

തൃശ്ശൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ഗുരുവായൂര്‍ ക്ഷേത്രം. ഈ ഓണക്കാലത്തും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിവ് തിരക്ക് തന്നെയാണ് കാണപ്പെടുന്നത്. അതിനാല്‍ തന്നെ തിരുവോണ നാളിലും കഴിഞ്ഞ വര്‍ഷത്തിലേത് പോലെ തന്നെ തിരക്കുണ്ടാകും എന്ന കാര്യത്തില്‍ ഉറപ്പിച്ചിരിക്കുകയാണ് ദേവസ്വം ഭരണസമിതി.

ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ചശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി തിരുവോണം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ദേവസ്വം ഭരണസമിതിയാണ് ഈ കാര്യം അറിയിച്ചത്.

ഓണനാളുകളില്‍ ശ്രീ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ഉത്രാട ദിവസമായ നാളെ മുതല്‍ 22 വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും. പൊതു അവധി ദിനങ്ങളായ സെപ്റ്റംബര്‍ 14 (ഉത്രാടം, സെപ്റ്റംബര്‍ 15 (തിരുവോണം), സെപ്റ്റംബര്‍ 16 (അവിട്ടം), സെപ്റ്റംബര്‍ 17 (ചതയം), സെപ്റ്റംബര്‍ 21 (ശ്രീനാരായണ ഗുരു സമാധിദിനം), സെപ്റ്റംബര്‍ 22 (ഞായറാഴ്ച) എന്നീ തീയതികളില്‍ രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 വരെ വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും.

തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. കാളന്‍, ഓലന്‍, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമന്‍, മോര്, കയവറവ് ,അച്ചാര്‍, പുളിഞ്ചി ഉള്‍പ്പെടെയുളള വിഭവങ്ങള്‍ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.

തിരുവോണ നാളില്‍ (സെപ്റ്റംബര്‍ 15, ഞായറാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ ബ്രഹ്‌മശ്രീ.മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമര്‍പ്പിക്കാം.

Print Friendly, PDF & Email

Leave a Comment

More News