കോഴിക്കോട്: ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങളുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മതേതരത്വം, സാമൂഹ്യനീതി, വർഗീയതെക്കെതിരായ ചെറുത്തു നിൽപ്പ് എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രതിബദ്ധത എക്കാലവും സ്മരിക്കപ്പെടും. അടിച്ചമർത്തപ്പെട്ടവർക്കും, കർഷകർക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ഇടപെടലുകളും മതേതര ഇന്ത്യ എന്നും ഓർക്കുമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിൽ മർകസ് നോളജ് സിറ്റി സന്ദർശിച്ച വേളയിൽ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മർകസ് പദ്ധതികൾ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ഏറെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്. അദ്ദേഹത്തിൻ്റെ വേർപാട് പാർട്ടിക്ക് മാത്രമല്ല, ജനാധിപത്യ മൂല്യങ്ങളെയും നീതിയുക്തമായ സമൂഹത്തിനുവേണ്ടിയുള്ള പരിശ്രമത്തെയും വിലമതിക്കുന്ന എല്ലാവർക്കും നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയെ ഉൾക്കൊള്ളുകയും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.- ഗ്രാൻഡ് മുഫ്തി പറഞ്ഞു.