മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; വട്ടടി കടവിൽ ഉദ്യോഗസ്ഥര്‍ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി

എടത്വ :പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വട്ടടി പാലം സമ്പാദക സമതി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടർന്ന് നടപടികള്‍ ആരംഭിച്ചു.

പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ് ) വിഭാഗം ഓവർസിയർമാരായ അജിമോൻ, ശ്രീജിത്ത് എന്നിവർ വട്ടടി കടവിലെത്തി റിപ്പോർട്ട് തയ്യാറാക്കി. സമ്പാദക സമിതിയുടെ നേതൃത്വത്തിൽ ജനകീയ യോഗം വിളിച്ച് ചേർത്ത് പ്രദേശവാസികളുടെ ഒപ്പു ശേഖരണം നടത്തിയിരുന്നു. സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ്, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, സിനു രാധേയം എന്നിവർ പാലത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് വിശദീകരണം നല്‍കി. തുടർന്ന് സ്ഥലത്തെ കടത്തു വള്ളത്തിന്റെ സഹായത്തോടെ മറുകരയായ പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിലും സന്ദർശനം നടത്തിയിട്ടാണ് മടങ്ങിയത്.

പാലം യാഥാർഥ്യമായാൽ ഇരു ജില്ലകളിലെയും യാത്രക്കാർക്ക് ഏറെ ഗുണകരമാകും. തലവടി പ്രദേശത്തെ യാത്രക്കാർക്ക് വീയപുരം, ഹരിപ്പാട് പ്രദേശമായും, നിരണം പഞ്ചായത്തു വഴി തിരുവല്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. നിരണം, വീയപുരം പ്രദേശത്തുള്ളവർക്ക് കുട്ടനാട്ടിലേക്കുള്ള എളുപ്പ വഴിയാണ് ഇത്.

നിലവിൽ കടത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മഴക്കാലം എത്തുന്നതോടെ നദിയിൽ ജലനിരപ്പ് ഉയർന്ന് കടത്തു വള്ളത്തിൻ്റെ പ്രവർത്തനം തടസ്സമായി തീരും. പമ്പാനദിയുടെ പ്രധാന ജലപാതയായതിനാൽ ചെറു വെള്ളപ്പൊക്കത്തിൽ പോലും ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്.പൊതുമരാമത്ത് വകുപ്പിൻ്റെ നിയന്ത്രണത്തിൽ കടത്ത് വള്ളം ഉണ്ടെങ്കിലും വൈകിട്ട് 6 മണിക്ക് ശേഷം കടത്ത് വള്ളം ഇവിടെ പ്രവർത്തിക്കുന്നില്ല.

Print Friendly, PDF & Email

Leave a Comment

More News