ചെന്നൈ: ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച കാഞ്ചീപുരം കളക്ടർ ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങിയ നൂറിലധികം സാംസങ് യൂണിയൻ ജീവനക്കാരെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീ സിദ്ധേശ്വരർ മഹലിൽ വച്ചാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴ് ദിവസമായി സാംസങ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ച തമിഴ്നാട് തൊഴിൽ വകുപ്പ് മന്ത്രി സി വി ഗണേശനുമായി യൂണിയൻ പ്രതിനിധി തമിഴ്നാട് സെക്രട്ടേറിയറ്റിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതേത്തുടർന്ന് കാഞ്ചീപുരം നഗരത്തിൽ പ്രവേശിക്കാതെ സുങ്കുവാർച്ചത്തിരം ഫാക്ടറിക്ക് സമീപം ജീവനക്കാർ സമരം തുടർന്നു.
കാഞ്ചീപുരം ജില്ലാ കലക്‌ടർ ഓഫീസിലേക്ക് മാർച്ച് നടത്താനിരിക്കെ പോലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവ് ഇ.മുത്തുകുമാറിനെ മോചിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ജീവനക്കാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയാണെന്ന് സെൻ്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) ആരോപിച്ചു.
സിഐടിയു സംസ്ഥാന പ്രസിഡൻ്റ് എ.സൗന്ദർരാജൻ കാഞ്ചീപുരം കലക്ടർ കലൈശെൽവിയെ കണ്ട് നിവേദനം നൽകി. രണ്ട് മാസം മുമ്പാണ് യൂണിയൻ രൂപീകരിച്ചതെന്നും, യൂണിയൻ ഉപേക്ഷിക്കാൻ മാനേജ്‌മെൻ്റ് ജീവനക്കാരോട് സമ്മർദ്ദം ചെലുത്തുകയാണെന്നും, ഈ സമ്മർദത്തെ എതിർത്തവരെ ദ്രോഹിക്കുകയായിരുന്നെന്നും സൗന്ദർരാജൻ ആരോപിച്ചു.
ഒരു യൂണിയൻ രൂപീകരണം മൗലികാവകാശമാണെന്നും വിട്ടുവീഴ്ചയ്ക്ക് ഇടമില്ലെന്നും സൗന്ദർരാജൻ പറഞ്ഞു. പ്രശ്‌നം അവലോകനം ചെയ്യാമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാംസംഗ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതും ഇ.മുത്തുകുമാറിൻ്റെ അറസ്റ്റും അപലപനീയമാണെന്നും സൗന്ദർരാജൻ പറഞ്ഞു.