അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട്: സെപറ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകൾ മുഖേനയുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്. യൂണിറ്റുകളിൽ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തിനെത്തുന്ന അന്താരാഷ്‌ട്ര പ്രകീർത്തന സംഘങ്ങളുടെ മുൻ അവതരണങ്ങളും സുൽത്വാനുൽ ഉലമയുടേതടക്കം പണ്ഡിതരുടെ പ്രഭാഷണങ്ങളും ഉൾപ്പെടുത്തി സോഷ്യൽ മീഡിയ പ്രചാരവും നടക്കുന്നുണ്ട്.

സമ്മേളനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ സുന്നി നേതാക്കളുടെ സാന്നിധ്യത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. മർകസ് ഗ്ലോബൽ കൗൺസിലിന്റെ സൗദി അറേബ്യ, ഖത്വർ, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്‌റൈൻ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും സമ്മേളന വിളംബര പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനത്തെ വരവേറ്റ് പ്രചാരണ കമാനങ്ങൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ പ്രാസ്ഥാനിക ചലനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന മഹത്തുക്കളെയും വ്യക്തികളെയും അനുസ്മരിച്ചാണ് 25 ഇടങ്ങളിൽ കമാനങ്ങൾ സ്ഥാപിച്ചത്. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ജി അബൂബക്കർ, സലീം ആണ്ടോണ, എ കെ സി മുഹമ്മദ് ഫൈസി, മുനീർ സഖാഫി ഓർക്കാട്ടേരി, റാഫി അഹ്‌സനി കാന്തപുരം, യൂസുഫ് സഖാഫി കരുവൻപൊയിൽ, ബി പി സിദ്ദീഖ് ഹാജി കോവൂർ, നാസർ സഖാഫി അമ്പലക്കണ്ടി, എ സി റഹീം മൂഴിക്കൽ, എ പി അശ്‌റഫ്, ഉമ്മർ കല്ലിൽ, ഖയ്യൂം ഹാജി, അബ്‌ദുറഹ്‌മാൻ സഖാഫി, ജഅഫർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News