ബംഗ്ലാദേശിലെ ബൈത്തുൽ മുഖറം പള്ളിക്കുള്ളിൽ രണ്ട് ഖത്തീബുമാരുടെ അനുയായികള്‍ ഏറ്റുമുട്ടി; അമ്പതിലധികം വിശ്വാസികള്‍ക്ക് പരിക്കേറ്റു

ധാക്ക: ബൈത്തുൽ മുഖറം ദേശീയ മസ്ജിദിനുള്ളിൽ ജുമാ നമസ്കാരത്തിന് മുമ്പ് നിലവിലെ ഖത്തീബ് വലിയുർ റഹ്മാൻ്റെയും മുൻ ഖത്തീബ് റൂഹുൽ അമീൻ്റെയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടലിൽ അമ്പതിലധികം വിശ്വാസികൾക്ക് പരിക്കേറ്റു.

ഉച്ചയ്ക്ക് 12.30 ഓടെ ഖത്തീബ് വലിയുർ റഹ്മാൻ വിശ്വാസികൾക്ക് ജുമാ പ്രഭാഷണം നടത്തുന്നതിനിടെയാണ് സംഭവം.

ജുമുഅഃ നമസ്‌കാരം ആരംഭിക്കുന്നതിന് മുമ്പ് ഖത്തീബ് വലിയുർ റഹ്മാൻ ഖാൻ പ്രസംഗിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആ സമയം ഖത്തീബ് മൗലാന മുഫ്തി റൂഹുൽ അമീൻ തൻ്റെ അനുയായികളോടൊപ്പം ബൈത്തുൽ മുഖർറം മസ്ജിദിൽ പ്രവേശിച്ച് ഖത്തീബിൽ നിന്ന് മൈക്ക് തട്ടിയെടുക്കുകയും പ്രസംഗപീഠത്തിന് സമീപം ഇരുന്ന വിശ്വാസികളെയും കാര്യസ്ഥരെയും (ഖാദെം) ആക്രമിക്കുകയും ചെയ്തു. ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലിൽ 50ലധികം പേർക്ക് പരിക്കേറ്റു.

ഇത് വലിയ സംഭവമല്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. “ഞങ്ങൾ വിഷയം പരിശോധിച്ചുവരികയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈത്തുൽ മുഖറം നോർത്ത് ഗേറ്റിലും പൾട്ടാൻ കവലയിലും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡിഎംപിയുടെ മുതിർന്ന ഉദ്യോഗസ്ഥരും സേനാംഗങ്ങളും അവിടെയുണ്ട്.

നിലവിലെ ഖത്തീബ് മുഫ്തി ഖാൻ പതിവ് പ്രസംഗം നടത്തുമ്പോൾ മുൻ ഖത്തീബ് തൻ്റെ അനുയായികളോടൊപ്പം വന്ന് നിലവിലെ ഖത്തീബിൻ്റെ മൈക്ക് പിടിച്ചെടുത്തതാണ് സംഘർഷത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഇരുപക്ഷത്തെയും പിന്തുണയ്ക്കുന്നവർ തമ്മിൽ വാക്കേറ്റമുണ്ടായി, ഇത് കൈയ്യാങ്കളിയിലേക്ക് നയിച്ചു, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഷൂ സ്റ്റാന്‍ഡില്‍ നിന്ന് ഷൂസ് എടുത്ത് അങ്ങോട്ടുമിങ്ങോട്ടും എറിയാന്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ആ സമയത്ത് അദ്ദേഹം പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിനിടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു.

ബൈത്തുൽ മുഖറം പരിസരത്ത് ഡ്യൂട്ടിക്ക് പോലീസുകാരുണ്ടായിരുന്നു. എപിസി കാറുകൾ, ജലപീരങ്കികൾ, ജയിൽ വാനുകൾ എന്നിവയും വിന്യസിച്ചു.

Print Friendly, PDF & Email

Leave a Comment

More News