മുഖ്യമന്ത്രി സംഘ്പരിവാറിന്റെ മാധ്യമ വക്താവായി തരം താഴ്ന്നു; സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കും:- റസാഖ്‌ പാലേരി

മലപ്പുറം : ആർ എസ് എസ്സിന്റെ കേരളത്തിലെ മാധ്യമവക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ തരം താഴ്ന്നിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ വിവിധ കോണുകളിൽ നിന്നുയർന്ന ഗുരുതരമായ ആരോപണങ്ങളെ ജനാധിപത്യപരമായ രീതിയിൽ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിക്കും ഇടതുപക്ഷ സർക്കാറിനുമെതിരെ ജനകീയ പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ സംഘ്പരിവാർ രാഷ്ട്രീയത്തിനനാണ് ആത്യന്തികമായി ഗുണം ചെയ്യുക. കുറ്റകൃത്യങ്ങളുടെയും സ്വർണ്ണക്കടത്തിന്റെയും കേന്ദ്രമായി മലപ്പുറം ജില്ലയെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ കഴിഞ്ഞ കാലങ്ങളിൽ തുടർന്നു പോരുന്നുണ്ട്. അതിന് മെലൊപ്പ് ചാർത്തുകയാണ് പിണറായി വിജയൻ ചെയ്തിരിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. രാജ്യവ്യാപകമായ പ്രചാരണങ്ങൾക്ക് സംഘ്പരിവാർ ഉപയോഗിക്കാൻ പോകുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ തന്നെ വാക്കുകൾ ആയിരിക്കും. ലവ് ജിഹാദ് വിഷയത്തിൽ മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാക്കുകളുടെ പ്രചാരകനായി പിന്നീട് മാറിയത് യോഗി ആദിത്യനാഥായിരുന്നു. സമാനമായ പ്രചാരണങ്ങളാണ് മലപ്പുറത്തെ മുൻനിറുത്തി നടക്കാൻ പോകുന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരുന്ന സ്വർണ്ണക്കടത്ത് സംഭവങ്ങൾ മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തിയുള്ള കേസുകൾ ആയി മാറുന്നതിന്റെ പിറകിലുള്ള പോലീസ് ഓപ്പറേഷനുകൾ അന്വേഷിക്കുകയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിടിക്കപ്പെടുന്ന സ്വർണത്തിന് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് അൻവർ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ വരേണ്ട കേസുകൾ കൃത്യമായ ഗൂഢാലോചനയിലൂടെ കേരള പോലീസിന്റെ കേസുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. പിടിക്കപ്പെടുന്ന സ്വർണ്ണത്തിന്റെ വലിയ വിഹിതം പോലീസുകാർക്കിടയിൽ തന്നെ വീതം വെക്കപ്പെടുന്നു. പോലീസിന്റെ ആത്മവീര്യം ചോർത്തുന്നു എന്ന ഒറ്റമൂലി ന്യായീകരണം കൊണ്ട് വിഷയത്തിന്റെ ഗൗരവം കുറക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.

ആർ എസ് എസ്സിനെയും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട വാർത്താസമ്മേളനം ആയിരുന്നു. ആരോപണങ്ങളെയും ചർച്ചകളെയും സംബന്ധിച്ച് നിഷ്പക്ഷമായും ഉത്തരവാദിത്വ ബോധത്തോടെയും സമീപിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയല്ല, സംഘ്പരിവാറിന്റെയും ആരോപണ വിധേയരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമവക്താവിന്റെ റോളിൽ ഇരുന്നു കൊണ്ടാണ് മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചത്. പോലീസ് ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ എതിരിൽ ഗുരുതരസ്വഭാവത്തിലുള്ള ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അവരെ സ്ഥാനത്ത് നിന്ന് മാറ്റി നിറുത്തുക എന്നത് സാമാന്യ സ്വഭാവത്തിലുള്ള ആദ്യനടപടിയാണ്. എന്നാൽ, ആരോപണം ഉന്നയിച്ച പി വി അൻവറിനെതിരിൽ നടപടി എടുത്തിട്ടാണെങ്കിലും എം ആർ അജിത് കുമാറിനെ പോലെയുള്ളവരെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സി പി എമ്മിന്റെ നിലപാടാണോ എന്ന് സി പി എമ്മിലെ മുതിർന്ന നേതാക്കൾ ആലോചിക്കുകയും വ്യക്തമാക്കുകയും വേണം.

സംസ്ഥാന ഭരണകൂടത്തിനകത്തും ആഭ്യന്തരവകുപ്പിനകത്തും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയ ഭരണപക്ഷത്ത് തന്നെയുള്ള എം എൽ എ യെ പൂർണമായും നിശബ്ദമാക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കാണിച്ചിരിക്കുന്നത്. സി പി എമ്മിനും ഇടതുമുന്നണിക്കും അകത്ത് പിണറായി വിജയൻ എന്ന വ്യക്തിയുടെ വ്യക്തി താൽപര്യങ്ങൾ മാത്രമാണ് നടപ്പിലാക്കുന്നത്. വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി കേരളത്തെ ആർ എസ് എസ്സിന് പണയപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ആർ എസ് എസും പിണറായിയും ചേർന്നുള്ള അദൃശ്യമുന്നണിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്.

തൃശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ പ്രഹസനമാണ്. ആരോപണ വിധേയനായ അജിത് കുമാർ തന്നെയാണ് അന്വേഷണം നടത്തിയിരിക്കുന്നത്. തൃശൂർ മണ്ഡലത്തിൽ ബി ജെ പി ക്ക് അനുഗുണമാകുന്ന രീതിയിൽ പൂരത്തെ അട്ടിമറിച്ചു എന്ന ആരോപണത്തിൽ ആർ എസ് എസ് ദേശീയ ജനറൽ സെക്രട്ടറിയുമായി രഹസ്യ ചർച്ച നടത്തിയ അജിത് കുമാർ അന്വേഷണം നടത്തിയാൽ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാം. അന്വേഷണത്തിന്റെ സാംഗത്യവും നിഷ്പക്ഷതയും ഏറ്റവും കുറഞ്ഞത് മുന്നണിയിലെ പ്രബല ഘടക കക്ഷിയായ സി പി ഐ യെ എങ്കിലും ബോധ്യപ്പെടുത്താൻ പിണറായി വിജയന് കഴിയണമായിരുന്നു. വി എസ് സുനിൽ കുമാർ അടക്കമുള്ള എല്ലാ സി പി ഐ നേതാക്കളും പൂരം അട്ടിമറി വിഷയത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഇടതു മുന്നണിയിലെ രണ്ടാം ഘടകകക്ഷി ആർ എസ് എസ് ആണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയുടെ ചൂണ്ടുവിരലിനു മുമ്പിൽ പി വി അൻവർ കീഴ്ടങ്ങിയാലും സംസ്ഥാനത്തെ ജനങ്ങൾ കീഴ്ടങ്ങിയിട്ടില്ല എന്ന് പിണറായി വിജയൻ ഓർക്കണം. ആരോപണ വിധേയരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നടത്തണം, മുഖ്യമന്ത്രി സ്ഥാനം ഒഴിയണം, തൃശൂർ പൂരം അട്ടിമറി ഉൾപ്പെടെ പോലീസിനെതിരിൽ ഉയർന്നു വന്ന വിവിധ ആരോപണങ്ങളിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങൾ മുൻനിറുത്തി സംസ്ഥാന വ്യപകമായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ വെൽഫെയർ പാർട്ടി തുടരും.

വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
റസാഖ് പാലേരി ( വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് )
കെ വി സഫീർ ഷാ ( വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി )
മുനീബ് കാരക്കുന്ന് ( വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ട്രഷറർ )
കൃഷ്ണൻ കുനിയിൽ ( വെൽഫെയർ പാർട്ടി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് )
ആരിഫ് ചുണ്ടയിൽ ( വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറി )

Print Friendly, PDF & Email

Leave a Comment

More News