കോഴിക്കോട്: വിവിധ മതനേതാക്കൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലറുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ‘സമാധാനത്തിന്റെ മാർഗം: സഹവർത്തിത്വത്തിന്റെ സംഭാഷണങ്ങൾ’ എന്ന പ്രമേയത്തിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന ഇരുപതാമത് മുസ്ലിം ഇന്റർനാഷണൽ ഫോറത്തിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത നേതാക്കളുടെ സംഭാഷണങ്ങളും സംവാദങ്ങളും രാഷ്ട്രീയവും നയതന്ത്രപരവുമായ സങ്കീർണതകൾ പരിഹരിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
റിലീജ്യസ് ബോർഡ് ഓഫ് മുസ്ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെയും റഷ്യൻ മുഫ്തീസ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയായാണ് ഹുസൈൻ സഖാഫി സമ്മേളനത്തിൽ സംബന്ധിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം റഷ്യൻ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. റഷ്യൻ ഫെഡറേഷൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡോ. മറത്ത് കുസ്നുല്ലിൻ, മോസ്കോ ഇസ്ലാമിക് ഇഇൻസ്റ്റിറ്റ്യൂട്ട് റെക്ടർ ദാമിർ മുഖ്ധീം, ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. നസീർ മുഹമ്മദ് അയാദ്, കസാഖിസ്ഥാൻ സുപ്രീം മുഫ്തി ശൈഖ് നൗറൂസ്ബയ്, അസർബൈജാൻ റിലീജ്യസ് കൗൺസിൽ ചെയർമാൻ ശൈഖുൽ ഇസ്ലാം അല്ലാഹ് ശുക്കൂർ, ഫലസ്തീൻ അതോറിറ്റി സുപ്രീം ജഡ്ജ് മഹ്മൂദ് അൽ ഹബ്ബാശ്, എത്യോപ്യ ഗ്രാൻഡ് മുഫ്തി ശൈഖ് ഇബ്റാഹീം തൂഫ, അൾജീരിയ സുപ്രീം ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ഡോ. ബൂ അബ്ദുല്ല ഉൾപ്പെടെ റഷ്യക്കകത്തും പുറത്തുനിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പ്രബന്ധം അവതരിപ്പിച്ചു.