ഒളിവില്‍ പോയ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രപ്പരസ്യം നല്‍കി പോലീസ്

കൊച്ചി: നടന്‍ സിദ്ദീഖിനെതിരെ പത്രങ്ങളിലും ലുക്കൗട്ട് നോട്ടീസ്. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജ്ജി തള്ളിയതോടെ സിദ്ദീഖ് ഒളിവിലാണ്. അതിനാല്‍ നേരത്തെ തന്നെ എല്ലാ സ്‌റ്റേഷനിലേക്കും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോഴിതാ പത്രമാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇപ്പോള്‍ സുപ്രീം കോടതിയെ ആണ് സിദ്ദീഖ് സമീപിച്ചിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടനെ കണ്ടെത്താനായിട്ടില്ല. കൊച്ചിയില്‍ അടക്കം തിരച്ചില്‍ നടത്തിയിരുന്നു. താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്ന് സിദ്ദീഖ് ആരോപിക്കുന്നു. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയര്‍ത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ 65 വയസുള്ള, മുതിര്‍ന്ന അംഗമാണ് താന്‍. നിരവധി പുരസ്‌കാരങ്ങളും അംഗീകാരവും ലഭിച്ച തന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസ് ഇല്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.

സുപ്രിം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചാല്‍ തീരുമാനം ഉണ്ടാകുന്നത് വരെ അറസ്റ്റ് ഒഴിവാക്കുന്നതാണ് കീഴവഴക്കം . സ്ത്രീ പീഡനക്കേസില്‍ കോടതി പരിസരത്ത് നിന്ന് പോലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ള കേരള പൊലീസ്, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ എത്തുന്നത് വരെ സിദ്ദീഖിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചെന്നും ആക്ഷേപമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News