കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകളിലൂടെ (പുസ്തക പരിചയം): മിനി സുരേഷ്‌

ലോക സഞ്ചാര ഭൂപടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ലോകസഞ്ചാരികളുടെ പ്രമുഖ കേന്ദ്രമാണ്‌ ഡ്രാക്കുള കോട്ട സ്ഥിതിചെയ്യുന്ന കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകള്‍. ഹിമാലയ പര്‍വ്വതങ്ങള്‍ക്ക്‌ സമാനമായി മഞ്ഞുറഞ്ഞു കിടക്കുന്ന യൂറോപ്പിലെ വന്യമലകളായ കാര്‍പ്പാത്തിയന്‍ പര്‍വ്വതനിരകളെക്കുറിച്ച്‌ സമഗ്രമായി പഠിക്കുവാന്‍ വളരെ ദീപ്തിമത്തായുള്ള ഒരു വൈജ്ഞാനിക ഗ്രന്ഥമാണ്‌ ലോക സഞ്ചാരിയായ ശ്രീ കാരൂര്‍ സോമന്‍ രചിച്ച “കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകള്‍, റൊമാനിയ’ യാത്രാ വിവരണം.

റൊമാനിയന്‍ പര്‍വ്വത നിരകളിലെ ഡ്രാക്കുള കോട്ടക്കുള്ളില്‍ കാണുന്നത്‌ പ്രേതഭൂതങ്ങളുടെ മരണ സൌന്ദര്യമാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൊറര്‍ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത്‌ ഡ്രാക്കുളയെ അനുകരിച്ചാണ്‌. ഡ്രാക്കുള കോട്ട നേരില്‍ കണ്ട്‌ അവിടുത്തെ നേര്‍ക്കാഴ്ചകള്‍ മനുഷ്യ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന വിധം വികാര നിര്‍ഭരമായി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ഈ ഭയം, ഭീതി, ആകാംക്ഷ കാരൂരിന്റെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങളിലും കാണാം.

മിനി സുരേഷ്‌

വിദേശ രാജ്യങ്ങളുടെ ചരിത്ര സാക്ഷ്യങ്ങളെ സ്വന്തം അനുഭവത്തിലൂടെ വരച്ചു കാട്ടുന്നതില്‍ യു.ആര്‍.എഫ്‌ ലോക റെക്കാര്‍ഡ്‌ ജേതാവ്‌ കാരൂര്‍ സോമന്റെ ആഖ്യാന പാടവം അത്ഭുതാവഹമാണ്‌. യൂറോപ്പ്‌, ആഫ്രിക്കയെക്കുറിച്ച്‌ അദ്ദേഹം എഴുതുമ്പോള്‍ ആ രാജ്യത്ത്‌ പോകാതെ തന്നെ സൂക്ഷ്മമായി ആ രാജ്യത്തെ അനാവരണം ചെയ്യുവാന്‍ സാധിക്കുന്നുണ്ട്‌. ആ രാജ്യങ്ങളുടെ സമഗ്ര ചിത്രം തന്നെയാണ്‌ വായനക്കാരന്‌ ലഭിക്കുന്നതെന്ന്‌ ശ്രീ. സി. രാധാകൃഷ്ണനും, ശ്രീ. സിപ്പി പള്ളിപ്പുറവും എഴുതിയത്‌ വായിച്ചിട്ടുണ്ട്‌. എസ്‌.കെ പൊറ്റക്കാടിന്‌ ശേഷം ഓരോ രാജ്യത്തെക്കുറിച്ചും വളരെ സമഗ്രമായി എഴുതി കണ്ടിട്ടുള്ളത്‌ കാരുരാണെന്ന്‌ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

കാരൂരിന്റെ ആത്മകഥ “കഥാകാരന്റെ കനല്‍ വഴികള്‍ ‘കഴിഞ്ഞ വര്‍ഷമാണ്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയില്‍ നിന്നും വായിച്ചത്‌. ശക്തമായ നിലപാടുകളോടെ മുഖം നോക്കാതെ സമൂഹത്തിലെ അനീതികള്‍ക്കെതിരെ ശബ്ദിക്കുന്ന കാരൂരിന്റെ തൂലിക മലയാള ഭാഷയ്ക്കു തന്നെ ഒരു മുതല്‍കൂട്ടാണ്‌. പത്തിലധികം സാഹിത്യ മേഖലകളില്‍ കയ്യൊപ്പ്‌ ചാര്‍ത്തിയിട്ടുള്ള കാരൂരിന്റെ ലേഖനങ്ങള്‍, ഇംഗ്ലീഷ്‌ നോവലുകള്‍ തുടങ്ങിയവയിലെല്ലാം അപൂര്‍വ്വങ്ങളില്‍ അപൂര്‍വുമായ പ്രതിഭയുടെ അത്ഭുതക്കാഴ്ചകളാണ്‌ ദര്‍ശിക്കുവാന്‍ സാധിക്കുന്നത്‌. നോവലുകളിലും, കഥകളിലും യാതൊരു കൃത്രിമത്വവുമില്ലാതെ മനുഷ്യരുടെ പച്ചയായ ജീവിതമാണ്‌ വെളിപ്പെടുത്തുന്നത്‌.

ലളിതവും,സുന്ദരവുമായ രചനാശൈലിയാണെങ്കിലും കൊടുങ്കാറ്റിനകത്ത്‌ പെട്ട പ്രതീതിയാണ്‌ അദ്ദേഹത്തിന്റെ ഓരോ പുസ്തകവും വായനക്കാരന്‌ പകര്‍ന്നു നല്‍കുന്നത്‌. ആഫ്രിക്കയടക്കം പത്തോളം വിദേശ യാത്രാ വിവരണങ്ങള്‍ ആമസോണ്‍, പ്രഭാത്‌ ബുക്സിലുണ്ട്‌. ഇത്ര മാത്രം സൌന്ദര്യാനുഭൂതിയോടെ ഒരു രാജ്യത്തിന്റെ ചരിത്രമടക്കം വിശകലനം ചെയ്യുന്ന യാത്രാവിവരണങ്ങളെഴുതുവാന്‍ സര്‍ഗാത്മക സാഹിത്യ രചനകള്‍ രചിക്കുന്നവര്‍ക്ക്‌ മാത്രമേ സാധിക്കു.

“കാര്‍പ്പാത്തിയന്‍ മലനിരകളിലൂടെ റൊമാനിയ’യുടെ യാത്രാ വിവരണത്തിലും പ്രകൃതിസന്ദര്യവും, രാഷ്ട്രീയ ചരിത്രവും, സ്മാരകങ്ങളും, മ്യൂസിയങ്ങളും എല്ലാം കണ്‍മുന്നിലെന്ന പോലെ ദൃശ്യാവിഷ്കാര ഭംഗിയോടെ അവതരിപ്പിച്ചിട്ടുണ്ട്‌. ആകാംക്ഷാ ഭരിതമായ അദ്ധ്യായങ്ങളിലൂടെയാണ്‌ കാരൂരിനൊപ്പം ‘കാര്‍പ്പാത്തിയന്‍ പര്‍വ്വതനിരകളിലൂടെ യാത്ര ചെയ്യേണ്ടത്‌. ഡ്രാക്കുള കോട്ടയിലെ നിഗുഡതകള്‍ തെല്ലൊരു വിസ്മയത്തോടെ മാത്രമേ വായിക്കാനാകു. ഡ്രാക്കുള നോവലിലെ വീരോതിഹാസ വ്ലാഡ്‌ ഡ്രാക്കുള രാജാവ്‌ ശത്രുക്കളെ സംഹരിച്ച്‌ ഭൂത പ്രേതചെകുത്താനായി ആരെയെങ്കിലും അമ്പരപ്പിക്കുന്നുണ്ടെങ്കില്‍ അതിലൊരു പങ്ക്‌ ഈ പര്‍വ്വത ശിഖരങ്ങള്‍ക്കുമുണ്ടെന്നാണ്‌ ഗ്രന്ഥകാരന്‍ പറയുന്നത്‌.

താഴ്‌വാരത്തില്‍ നിന്ന്‌ 2500 അടി ഉയരത്തിലുള്ള മലമുകളിലെ ഓക്കു മരത്തില്‍ കാണുന്ന ക്രൂരഭാവമുള്ള നത്തിനെയും, കാതുകളില്‍ ആഴ്ന്നിറങ്ങുന്ന ചെന്നായയുടെ നടുക്കുന്ന ഗര്‍ജ്ജനത്തെക്കുറിച്ചുമെല്ലാം വായനക്കാരന്റെ മനസ്സില്‍ ഭീതി നിറയ്ക്കുന്ന ചെകുത്താന്മാരുടെ ഡ്രാക്കുള കോട്ടയില്‍ എന്ന അദ്ധ്യായം വായിക്കുമ്പോള്‍ കാരൂരിന്‌ ഹൊറര്‍ സാഹിത്യവും നന്നായി വഴങ്ങുമെന്ന്‌ ഏതൊരു വായനക്കാരനും സമ്മതിക്കും. രാജ ഭരണത്തില്‍ നിന്ന്‌ കമ്മ്യൂണിസത്തിലേക്ക്‌, റൊമാനിയയിലെ ചരിത്ര മ്യൂസിയം, ബുക്കാറെസ്റ്റില്‍ പുലരി പോലൊരു മ്യൂസിയം തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഗ്രന്ഥകാരന്റെ ഗവേഷണ നിപുണതക്കു മുന്‍പില്‍ നമിച്ചു പോകും.

സഞ്ചാര പഥങ്ങളില്‍ മാതൃഭാഷ വികാര സാന്ദ്രമായി പങ്കു വയ്ക്കുവാന്‍ മടിയില്ലാത്തവര്‍ക്കും, വിദേശഭാഷാ പരിജ്ഞാനം മുന്തിരിച്ചാറു പോലെ ഊറ്റിക്കുടിച്ചിട്ടുള്ളവര്‍ക്കും സിരകളില്‍ കത്തിപ്പടരുന്ന വികാരമാണ്‌ മാതൃഭാഷ. മലയാള ഭാഷാ സാഹിത്യത്തിനു വേണ്ടി വിദേശത്തിരുന്ന്‌ ത്യാഗോജ്ജലമായ പരിശ്രമങ്ങളാണ്‌ കാരൂര്‍ സോമന്‍ നടത്തുന്നത്‌.

വരും തലമുറക്കാര്‍ക്ക്‌ വിജ്ഞാനം പകരുന്ന ഒട്ടേറെ വിവരങ്ങള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്‌. പ്രമേയ സ്വീകരണത്തിലും വൈവിധ്യം കാത്തുസൂക്ഷിക്കുന്ന കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകളിലൂടെയുള്ള സഞ്ചാരം ഒരു ഡിറ്റക്ടീവ്‌ നോവല്‍ വായിക്കുന്ന ആവേശത്തോടെ അനുഭവിക്കാവുന്ന വ്യത്യസ്ത യാത്രാ വിവരണമാണ്‌.

പ്രഭാത്‌ ബുക്സ്‌, ആമസോണ്‍ പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണം മലയാള ഭാഷക്കൊരു മുതല്‍കൂട്ടാണ്‌.

 

Print Friendly, PDF & Email

Leave a Comment

More News