അമേരിക്കന്‍ സര്‍‌വ്വകലാശാലകളിലൂടെ…. (യാത്രാ വിവരണം): പ്രൊഫ. എം പി ലളിതാ ബായ്

അമേരിക്കയിലുള്ള എന്റെ മകള്‍ വിനിയുടെ അടുത്ത് പോകുമ്പോഴെല്ലാം സഞ്ചാര പ്രിയയായ എന്നെ അവൾ പല സ്ഥലങ്ങളും കാണാൻ കൊണ്ടുപോകുന്നത് പതിവാണ്. അങ്ങനെ ഒരുപാട് അമേരിക്കൻ കാഴ്‌ചകൾ ഇതിനകം കണ്ടുകഴിഞ്ഞു. എങ്കിലും ഒരധ്യാപികയായതു കൊണ്ടാകാം എനിക്ക് ഏറെ ചാരിതാർത്ഥ്യവും അഭിമാനവും സംതൃപ്‌തിയുമെല്ലാം ഒരേ സമയത്ത് തോന്നിയത് അവിടുത്തെ ചില സർവ്വകലാശാലകൾ സന്ദർശിച്ചപ്പോഴാണ്. ബോസ്റ്റണിലെ ഹാർവർഡ് യൂണിവേഴ്‌സിറ്റി, വാഷിംഗ്‌ടൺ ഡി.സി.യിലെ ജോർജ്ജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി, ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റി, റഡ്ഗേഴ്‌സ് യൂണിവേഴ്‌സിറ്റി തുടങ്ങിയ മഹാകലാലയങ്ങൾ കാണാൻ കഴിഞ്ഞു. അമേരിക്കയിലെ മാസച്യൂസെറ്റ്സ് സംസ്ഥാനത്തിൻ്റെ തലസ്ഥാനം ബോസ്റ്റൻ നഗരം പൊതുവെ അറിയപ്പെടുന്നത് സർവ്വകലാശാലകളുടെ നഗരം എന്നാണ്. ഭാഷ, സാഹിത്യം, ചരിത്രം, ശാസ്ത്രം, വൈദ്യ ശാസ്ത്രം, സംഗീതം, നൃത്തം, നാടകം, ചലച്ചിത്രം തുടങ്ങിയ എല്ലാം പഠിപ്പിക്കുന്ന വിശ്വവിദ്യാലയങ്ങൾ നിരവധിയാണിവിടെ. കായലും കടലും പുണർന്നു കിടക്കുന്ന ഈ നഗരം തുറമുഖ നഗരമെന്ന നിലയിലും പ്രസിദ്ധം. ബോസ്റ്റൻ ടീ പാർട്ടി എന്ന വിളിപ്പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ ഉയിർത്തെഴുന്നേൽപ്പുമായി ബന്ധപ്പെട്ട സമരങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

ബോസ്റ്റണിലേക്കുള്ള യാത്ര എൻ്റെ തുമ്പിമോളുടെ ഒപ്പമായിരുന്നു. അവിടെ കാണാൻ നിരവധി കാഴ്‌ചകൾ. എങ്കിലും ആദ്യം ഹാർവർഡ് യൂണിവേഴ്‌സിറ്റിയിൽ പോകണമെന്ന എൻ്റെ ആഗ്രഹം അവർ സാധിച്ചുതന്നു. ഹാർവർഡിനെക്കുറിച്ച്‌ എൻ്റെ മനസ്സിൽ പല സങ്കൽപ ചിത്രങ്ങൾ ഞാൻ വരച്ചും മായ്ച്ചും കൊണ്ടേയിരുന്നു. കണ്ടപ്പോൾ എൻ്റെ ചെറിയ മനസ്സിനും ചുരുങ്ങിയ ഭാവനയ്ക്കുമൊന്നും തിട്ടപ്പെടുത്താൻ പറ്റാത്തതാണ് ആ മഹാസ്ഥാപനമെന്ന് ബോധ്യപ്പെട്ടു. അയ്യായിരം ഏക്കറിൽ കൂടുതൽ വിസ്‌താരമുണ്ട് സർവ്വകലാശാല കാമ്പസിന്. കാറിൽ പോയിട്ടും അതിനെ ചുറ്റി വരാൻ ഏറെ സമയമെടുത്തു. പ്രധാനഗേറ്റ് ഏതെന്ന് കണ്ടുപിടിക്കാനുമായില്ല. അങ്ങിനെ അതിവിസ്തൃതമായ ഒരു ഭൂവിഭാഗമാകെ വ്യാപിച്ചുകിടക്കുന്ന കാമ്പസ്. ബഹുനിലകെട്ടിടങ്ങളല്ല മൂന്നും നാലും നിലകളുളള കെട്ടിടങ്ങളാണധികവും. സകലമാന വിഷയങ്ങളും അവിടെ പഠിപ്പിക്കുന്നു. ഞങ്ങൾ പോയ ദിവസം അവധിക്കാലമായതിനാൽ വിദ്യാർത്ഥികൾ ഓടിനടക്കുന്ന ശബ്‌ദായമാനമായ ഒരു കാമ്പസ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. എങ്കിലും സന്ദർശകരെക്കൊണ്ട് അവിടം നിറഞ്ഞുകവിഞ്ഞിരുന്നു. പല പല കെട്ടിടങ്ങൾ കണ്ട് ഞങ്ങൾ അവിടത്തെ പ്രധാന ലൈബ്രറിയുടെ മുമ്പിലെത്തി. അതുതന്നെ നമ്മുടെ ഒരു യൂണിവേഴ്‌സിറ്റിയെക്കാൾ വലുപ്പം വരും. പ്രൗഢി കൊണ്ടും വലുപ്പം കൊണ്ടും ഗാംഭീര്യം കൊണ്ടും തലപൊക്കി നിൽക്കുന്ന ആ മന്ദിരത്തിൻ്റെ വിശാലമായ പടിക്കെട്ടുകളിൽ നിന്ന് പലരും കയ്യിൽ Harvard എന്ന പ്ലക്കാർഡുമേന്തി ബിരുദദാന ചടങ്ങിൻ്റെ വേഷഭൂഷകളണിഞ്ഞ് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഹാർവർഡിൽ നിന്ന് ഡിഗ്രിയെടുക്കാൻ കഴിഞ്ഞ ആ ഭാഗ്യവാൻമാരെ ഞാൻ ആരാധനയോടെയാണ് നോക്കിയത്. ലോകപ്രസിദ്ധരായ ശാസ്ത്രജ്ഞൻമാർ, നൊബേൽ സമ്മാന ജേതാക്കൾ, ചരിത്രകാരന്മാർ, തത്വചിന്തകന്മാർ, സാഹിത്യകാരന്മാർ, രാഷ്ട്രീയ നിപുണന്മാർ, ഭിഷഗ്വരൻമാർ തുടങ്ങി എത്രയോ വിജ്ഞാനദാഹികൾക്ക് അമ്യതുട്ടിയ കലാലയമാതാവ്. അവരുടെ പിൻഗാമികളായി ബിരുദം സ്വീകരിച്ചവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കണമെന്ന് എനിക്ക് മോഹം. അപ്പോഴാണ് ഞാൻ അറിയുന്നത് സന്ദർശകരാണ് വാടകക്ക് ലഭിക്കുന്ന കോസ്റ്റ്യൂം അണിഞ്ഞ് ഫോട്ടോ എടുക്കുന്നതെന്ന്!

സർവ്വകലാശാല സമുച്ചയത്തിന് ചുറ്റാകെ ഒരു വൻ Township രൂപം കൊണ്ടിരിക്കുന്നു. ട്രെയിൻ സ്റ്റേഷനുകൾ, സബ്‌വേ സ്റ്റേഷനുകൾ, നിരവധിയായ കടകമ്പോളങ്ങൾ, ആശുപത്രികൾ, ഭക്ഷണശാലകൾ എന്നുവേണ്ട ഒരു സമ്പൂർണജീവിതം ആസ്വദിക്കാനുള്ള എല്ലാമെല്ലാം ചുറ്റിനുമുണ്ട്. ഇല്ലായ്‌മകൾ ഇല്ലേയില്ല. മനോജ്ഞങ്ങളായ പൂവാടികളും അവയ്ക്കരികിലൂടൊഴുകുന്ന പുഴയും, അവിടവിടെയായി കാണുന്ന ജലാശയങ്ങളും വിശാലമായ വീഥികളും എല്ലാം ചേർന്ന് സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരവും സർവ്വകലാശാലയും. കെട്ടിടങ്ങളുടെ എണ്ണവും വൈപുല്യവും സമയക്കുറവും കാരണം കുരുടൻ ആനയെ കണ്ടതുപോലെ മാത്രമേ ഞങ്ങൾക്ക് കലാശാലയെ അറിയാൻ കഴിഞ്ഞുള്ളൂ.

അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി. സന്ദർശിക്കാൻ പോയപ്പോൾ ഞങ്ങൾ താമസിച്ചത് ജോർജ്ജ് വാഷിംഗ്‌ടൻ യൂണിവേഴ്‌സിറ്റിയുടെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലാണ്. ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നാൽ യൂണിവേഴ്‌സിറ്റിയുടെ ഒരു ഭാഗം നന്നായി കാണാം. അറ്റമോ അരികോ ആയിരിക്കും എൻ്റെ കാഴ്‌ചയ്ക്ക് നേരെ വന്നത്. അതൊരു വേനൽക്കാലമായതുകൊണ്ട് ചുറ്റുപാടും സജീവമായിരുന്നു. പടർന്നു പന്തലിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ, പരിസരമാകെ പിങ്ക് നിറം കൊണ്ട് തോരണം ചാർത്തുന്ന ചെറിബ്ലോസം ചെടികൾ, അതിവിശാലമായ റോഡുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, പുൽത്തകിടികൾ, ഊർജ്ജസ്വലരായി ഓടി നടക്കുന്ന വിദ്യാർത്ഥികളും, അധ്യാപകരും അക്കൂട്ടത്തിലുണ്ടാകും. അങ്ങനെ പുറംകാഴ്‌ചകൾ തന്നെ വിസ്‌മയകരം. തലസ്ഥാന നഗരം ചുറ്റിക്കാണുന്നതിന് വേണ്ടി ഞങ്ങൾ പുറത്തേക്കിറങ്ങി. രാത്രി വളരെ വൈകിയാണ് മുറിയിലെത്തിയത്. വന്ന ഉടനെ ഞാൻ ബാൽക്കണിയിൽ ചെന്ന് നോക്കി നിൽപ്പായി. പകലു കണ്ടതുപോലെ സജീവം. പകൽ വെളിച്ചത്തിന് പകരം വൈദ്യുതി വെളിച്ചം, അത്രയുമേ വ്യത്യാസമുള്ളൂ. കാറുകൾ വന്നു നിൽക്കുന്നു, പോകുന്നു, ആളിറങ്ങുന്നു, കയറുന്നു. മുറികളിലാകെ വെളിച്ചം, രാപ്പകൽ വ്യത്യാസമില്ലാത്ത കാമ്പസ്.

പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റി കാണാൻ പോയതും അവധിക്കാലത്തായതിനാൽ അവിടം ഏറെക്കുറെ വിജനമായിരുന്നു. നിരനിരയായി നിൽക്കുന്ന ഗംഭീരങ്ങളായ കെട്ടിടങ്ങളും മറ്റും കണ്ട് തിരിച്ചുപോന്നു. എങ്കിലും കാമ്പസ്സിന് തൊട്ടടുത്തുള്ള ആൽബർട്ട് ഐൻസ്റ്റൻ്റെ വീട് കാണാൻ സാധിച്ചു. ആ ചെറിയ വീട്ടിലിരുന്നാണല്ലോ നിദ്രാവിഹീനങ്ങളായ രാത്രികളും ചിന്ത കൊണ്ട് ചൂടേറിയ പകലുകളും, ചിന്തിച്ചും പ്രയ ത്നിച്ചും നിരവധി പരീക്ഷണങ്ങൾ നടത്തിയും അദ്ദേഹം ലോകത്തിന് മുമ്പിൽ മഹാസിദ്ധാന്തങ്ങൾ സമർപ്പിച്ചത് എന്ന് ഓർത്തുപോയി ഞാൻ. ആ മഹാമനീഷിയുടെ ഓർമ്മയ്ക്ക് മുമ്പിൽ പ്രണമിച്ചു.

ഞങ്ങളുടെ വീടിനടുത്തുള്ള Rutgers യൂണിവേഴ്‌സിറ്റിയും എൻ്റെ കൊച്ചുമകൻ അരിൻ പഠിക്കുന്ന ന്യൂയോർക്ക് നഗരത്തിന് തൊട്ടടുത്തുള്ള Stevens Institute of Technology എന്ന കോളേജിലും പോവുകയുണ്ടായി. അരിൻ്റെ കോളേജ് എൻജിനീയറിംഗിൻ്റെ വിവിധ ശാഖകൾക്ക് പ്രാമുഖ്യം നൽകി പഠിപ്പിക്കുന്ന സ്ഥാപനമാണ്. അതുകൊണ്ട് താരതമ്യേന ചെറുത്. വീട്ടിൽ നിന്ന് ഒരു മണിക്കൂർ ഡ്രൈവ് ചെയ്‌താൽ കോളേജിലെത്താം. പക്ഷേ പല ദിവസങ്ങളിലും രാവേറെ ചെല്ലുന്നതുവരെ എന്തെങ്കിലും ചെയ്യാൻ കാണും. Artificial Intelligence ഉപയോഗിച്ച് കൊണ്ടുള്ള റിസേർച്ചുകൾ വിവിധ ലാബുകളിൽ ഉണ്ട്, അരിൻ അതിൽ പങ്കാളിയാണ്. പിന്നെ സംവാദങ്ങൾ, ക്വിസ് മത്സരം, പ്രോജക്‌ട് തയ്യാറാക്കൽ, ചില ദിവസങ്ങളിൽ കലാപരിപാടികൾ. ഇതൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നേരം പുലരാറാകും. അതുകൊണ്ട് അവനെ ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുന്നു. ഒരു ദിവസം രാത്രിയിൽ അവനെ കൂട്ടിക്കൊണ്ടുവരാൻ വേണ്ടി ഞങ്ങൾ പോയിരുന്നു. ആ സമയത്തും ഓഡിറ്റോറിയത്തിലേക്കും ക്ലാസ്സ് മുറികളിലേക്കും ലൈബ്രറികളിലേക്കും ലാബുകളിലേക്കുമെല്ലാം കുട്ടികളും അധ്യാപകരും ഓടി നടക്കുന്നു. ചിലർ അപ്പോൾ വന്നിറങ്ങുന്നു. ചിലർ പോകുന്നു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വീട്

യു.എസ്സിൽ സ്കൂളുകളിൽ മാത്രമേ തുടങ്ങുന്നതിനും ഒടുങ്ങുന്നതിനും നിശ്ചിത സമയമുള്ളൂ. കലാലയങ്ങളിൽ സമയം ഒരു പ്രശ്‌നമോ വിഷയമോ അല്ല. അറിവ് നേടാനുള്ള അവകാശത്തെ, ആഗ്രഹത്തെ സമയത്തിൻ്റെ തടവറയിൽ തളയ്ക്കാറില്ല. ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണത്തോടെ മാത്രമേ പഠനം അവസാനിക്കുന്നുള്ളൂ. ക്ലാസ്‌മുറികളിൽ തന്നെയിരുന്ന് എപ്പോഴും പഠിക്കണമെന്നും നിർബന്ധമില്ല. സെമിനാറുകൾ, മത്സരങ്ങൾ, പ്രത്യേക വിഷയങ്ങൾ തുടങ്ങിയവയ്ക്കൊക്കെ മാത്രമേ ക്ലാസ്സിലിരുപ്പ് നിർബന്ധമാകുന്നുള്ളൂ, എവിടെ എങ്ങനെ പഠിച്ചാലും സ്വീകാര്യം. വിദ്യാർത്ഥികൾക്ക് വിഷയത്തിൽ ആഴത്തിലുള്ള അറിവ് നേടുക, എവിടെ ചെന്നാലും മത്സരങ്ങളിൽ വിജയിക്കുക. വ്യക്തിത്വവികസനം, സംവേദനക്ഷമത എന്നിങ്ങനെയുള്ള അടിസ്ഥാന സംഗതികളിൽ കൂടി മികവ് തെളിയിക്കുന്നയാളാണ് നല്ല വിജയം നേടുന്നത്. പുസ്‌തകം കാണാതെ പഠിച്ച് നൂറിൽ നൂറ് മാർക്ക് വാങ്ങുന്നതല്ല ഇവിടത്തെ വിദ്യാഭ്യാസം. ഓർമ്മശക്തിയെ പരിശോധിക്കാനുള്ളതുമല്ല. കാമ്പസ്സുകളിലെ രാത്രികാഴ്‌ചകൾ കണ്ടപ്പോൾ വൈകിട്ട് മൂന്നരമണിക്ക് ഹാജർ ബുക്കിൽ ഒപ്പിട്ടിട്ട് ഓടാൻ ചുമലിൽ ബാഗും തൂക്കി കയ്യിൽ ഊരിപ്പിടിച്ച പേനയുമായി നിൽക്കുന്ന ഞാനെന്ന അധ്യാപികയെക്കുറിച്ച് ഓർത്ത് ഞാൻ ലജ്ജിച്ചു.

അമേരിക്കയിലെ സർക്കാർ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ്സ് വരെ സൗജന്യ വിദ്യാഭ്യാസം ലഭിക്കും. പക്ഷെ കോളേജ് വിദ്യാഭ്യാസം വളരെ ചെലവ് പിടിച്ചതാണ്. പല വിദ്യാർഥികളും ലോൺ എടുത്തു പഠിക്കുന്നവരാണ്. പഠന ശേഷം ജോലിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ലോൺ അടയ്ക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News