ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സമാപിച്ചു. പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ, ജസ്റ്റിൻ തോമസിന്റെ നേതൃത്വത്തിലുള്ള ഹൂസ്റ്റൺ വാരിയേഴ്സിനെ മൂന്നു വിക്കറ്റിനാണ് സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ബ്ലൂസ് തോൽപ്പിച്ചത്.
സെപ്റ്റംബർ 28, 29 തീയതികളിൽ രണ്ട് ഗ്രൗണ്ടുകളിൽ ആയി നടന്ന മത്സരങ്ങളിൽ, പ്രാരംഭ മത്സരങ്ങൾ പെയർലാന്റിലെ ടോം ബാസ് പാർക്കിലും, സെമിഫൈനലും ഫൈനലും സ്റ്റാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് നടന്നത്. ഫൈനലിൽ സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ബ്ലൂസ് ക്യാപ്റ്റൻ മിഖായേൽ ജോയ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൂസ്റ്റൺ വാരിയേഴ്സ് 18 ഓവറിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 182 റൺസ് നേടി. മറുപടിയായി ബാറ്റ് ചെയ്ത സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ബ്ലൂസ്, ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും 17.3 ഓവറിൽ 183 റൺസ് നേടി വിജയിച്ചു.
മാൻ ഓഫ് ദി സീരീസ് ആയി സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ബ്ലൂസിന്റെ ക്യാപ്റ്റൻ മിഖായേൽ ജോയ് (മിക്കി) തിരഞ്ഞെടുക്കപ്പെട്ടു.
ഫൈനലിലെ ട്രോഫികൾ അന്താരാഷ്ട്ര നീന്തൽ താരം, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, മുൻ ഇന്ത്യൻ അത്ലറ്റ് പത്മശ്രീ ഷൈനി വില്സൺ, മാഗ് പ്രസിഡൻറ് മാത്ത്യൂസ് മുണ്ടക്കൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവർ ചേർന്ന് വിതരണം ചെയ്തു. കാണികളും മാഗ് ബോർഡ് ഡയറക്ടേഴ്സും ട്രസ്റ്റി ബോർഡും പങ്കെടുത്ത അവാർഡ് ദാന ചടങ്ങിൽ സുജിത്ത് ചാക്കോ സ്വാഗതം അറിയിക്കുകയും ട്രസ്റ്റി ജോസ് കെ ജോൺ നന്ദി അറിയിക്കയും ചെയ്തു.
മാഗ് സ്പോർട്സ് കോഓർഡിനേറ്റർ സന്തോഷ് ആറ്റുപുറം, നവംബർ മാസത്തിൽ സോക്കർ, വോളിബോൾ ടൂർണമെന്റുകൾ നടത്തപ്പെടുമെന്ന് അറിയിച്ചു.