കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്നേഹവും വത്തിക്കാനിൽ മാർപാപ്പ യോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍.കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫ്രാന്‍സീസ് പാപ്പായ്ക്ക് ലഭിച്ച ഊഷ്മള വരവേല്പുകളുടെയും ലോകം നല്‍കിക്കൊണ്ടിരിക്കുന്ന വന്‍ ആദരവുകളുടെയും കത്തോലിക്കാ സഭയുടെ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ബന്ധങ്ങളുടെയും പിന്നിൽ മോണ്‍. കൂവക്കാട്ടിന്റെ മികച്ച സംഘാടകത്വവും നയതന്ത്രവും പ്രഗൽഭ്യവും വ്യക്തമാണ്. ലോകത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലും കത്തോലിക്കാസഭകള്‍ക്കുള്ളിലും കൂടുതല്‍ ഐക്യവും അനുരഞ്ജനവും സമാധാനവും ഊട്ടിയുറപ്പിക്കുവാനും പരസ്പര കൂട്ടായ്മയ്ക്കും വളര്‍ച്ചയ്ക്കും കരുത്തേകുവാനും അദ്ദേഹത്തിന്റെ കര്‍ദ്ദിനാള്‍ പദവിയും തുടര്‍പ്രവര്‍ത്തനങ്ങളും ഇടയാകട്ടെയെന്നും വി.സി.സെബാസ്റ്റ്യന്‍ ആശംസിച്ചു.

Print Friendly, PDF & Email

Leave a Comment

More News