സൗഹാർദ്ദം കൊണ്ട് പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് പ്രവാസി വെൽഫെയർ ടേബിൾ ടോക്ക്

ദോഹ: മലപ്പുറം ജില്ലയെ ഉന്നം വെച്ചുള്ള തെറ്റായ പ്രചാരണങ്ങളുടെയും രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ജില്ലയെ ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിലും സൗഹാർദ്ദം കൊണ്ട് പ്രതിരോധം തീർക്കാൻ പ്രവാസി വെൽഫെയർ ഖത്തർ “സമകാലിക കേരളം- മലപ്പുറത്തിന് പറയാനുള്ളത് “ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ആഹ്വാനം ചെയ്തു .

മുഖ്യമന്ത്രി ഉൾപ്പടെ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നുണ്ടാവുന്ന വംശീയ പ്രസ്താവനകളും കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുകൾ അടക്കം ഒരു ജില്ലയോട് ചേർത്ത് വെക്കുന്നതും സംഘ് പരിവാർ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഹീന ശ്രമങ്ങൾ ആണ്. ജില്ലയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളും ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയുകയും പോലീസിലെ അടക്കം സംഘ് പരിവാർ സ്വാധീനങ്ങൾ പുറത്ത് കൊണ്ടു വരും വിധം കൃത്യമായ അന്വേഷണം നടക്കുകയും വേണം. ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ലയിലെ പ്രവാസി സമൂഹത്തിൽ നിന്നും കൂടുതൽ പ്രതികരണങ്ങൾ ഉയർന്നു വരണമെന്നും ജില്ലയുടെ നന്മകൾ പ്രചരിപ്പിച്ചും വിവിധ മണ്ഡലങ്ങളിൽ നിർമാണാത്മകമായ പ്രവർത്തനങ്ങൾ കൊണ്ട് മാതൃക തീർത്തും ഇനിയും ജാതി-മത ഭേദമില്ലാതെ ജില്ലയിലെ നിവാസികൾ മുന്നോട്ട് പോവണമെന്ന് ടേബിൾ ടോക്കിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് റഷീദലി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു.

കെ എം സി സി മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയംങ്കോട്, ICBF മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, ഇൻകാസ് ജില്ല സെക്രട്ടറി ആഷിഖ് തിരൂർ , ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ , മെജസ്റ്റിക് മലപ്പുറം ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ, മഷൂദ് തിരുത്തിയാട് , ചാലിയാർ ദോഹ പ്രസിഡന്റ് സിദ്ദിഖ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

പ്രവാസി വെൽഫെയർ ജില്ല ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള സമാപനവും നിർവഹിച്ചു.

റഫീഖ് മേച്ചേരി, അഷ്‌ഹർ അലി, കബീർ പൊന്നാനി, ശാക്കിർ മഞ്ചേരി, സൈഫുദ്ധീൻ, റഹ്മത്തുള്ള എന്നിവർ നേതൃത്വം നൽകി.

VIDEO LINK
Print Friendly, PDF & Email

Leave a Comment

More News