ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് സാമുദായിക സംഘർഷം. ഇന്നലെ (ഒക്ടോബർ 12 ന്) ഗോണ്ടയിലെ നാഗർ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഘോഷയാത്ര ഖൈറ മന്ദിർ തലാബിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. നൂറുകണക്കിന് ഭക്തരാണ് ഈ ഘോഷയാത്രയിൽ പങ്കെടുത്തത്.
മുസ്ലീം ആധിപത്യമുള്ള മൊഹല്ല ഘോസിയാനയിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് ഭക്തർക്ക് നേരെ കല്ലേറുണ്ടായതായി പരാതിപ്പെട്ടത്. ഭക്തർ അതൃപ്തി പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതും തുടര്‍ന്ന് സമീപത്തെ പച്ചക്കറി വണ്ടികള്‍ മറിഞ്ഞതും സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കി. സംഭവസ്ഥലത്തിനടുത്തുള്ള തക്കിയ മസ്ജിദിനു സമീപം രോഷാകുലരായ ഭക്തർ ധർണ നടത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചു. പോലീസും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു, കുറച്ച് സമയത്തിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലായി. ഒടുവിൽ കനത്ത പോലീസ് സുരക്ഷയിലാണ് വിഗ്രഹ നിമജ്ജനം പൂർത്തിയാക്കിയത്.
കല്ലേറ് നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് സൂപ്രണ്ട് ഐപിഎസ് വിനീത് ജയ്സ്വാൾ പറഞ്ഞു. നിമജ്ജന പാതയിൽ സ്ഥിതി ചെയ്യുന്ന 2-3 നില വീടുകളിൽ നിന്ന് കല്ലേറുണ്ടായെങ്കിലും ഘോഷയാത്ര സുരക്ഷിതമായി പൂർത്തിയാക്കിയതായും പോലീസ് പറഞ്ഞു