എറണാകുളം: മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്ത നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും ഐപിസി 406 പ്രകാരം മുൻ പങ്കാളിയുമായുള്ള കരാർ ലംഘനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം നടൻ ബാലയ്‌ക്കെതിരെ പോലീസ് കേസെടുത്തു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാലക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ബാലയും മുൻ ഭാര്യയും നേരത്തെ വാദ പ്രതിവാദങ്ങൾ നടത്തിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും ബാല നടത്തിയിരുന്നു. ബാലക്കെതിരെ ഇരുവരുടെയും പ്രായപൂർത്തിയാകാത്ത മകളും ബാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഭാര്യ നിയമപരമായി ബാലക്കെതിരെ പരാതി നൽകിയത്.
ഇന്ന് പുലർച്ചെ എറണാകുളം കടവന്ത്ര പോലീസ് ബാലയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.