അമേരിക്കയുടെ അധോഗതിക്ക്‌ ഒരു മുഖവുര!, ട്രം‌പിന്റെ തിരിച്ചുവരവ്! (ലേഖനം) ജോർജ് നെടുവേലിൽ

അമേരിക്കൻ നിവാസികളായ നമുക്ക് അചിന്ത്യമായ ഒന്നാണ് രാജ്യം അധോഗതിലേക്കു ആണ്ടു പോകുകയെന്നത്. അപ്രകാരമുള്ള ചിന്ത മനസ്സിൽ കടന്നുവരുന്നതു പോലും ഭീതിജനകമാണ്. ദൈവത്തിൻറെ സ്വന്തം നാടിനോടു വിടചൊല്ലി, സർവശക്തനായ ഡോളറിൻ വിശ്വാസവും ആശ്വാസവും അർപ്പിച്ചു കുടിയേറിയ മലയാളിയുടെ കാര്യം പറയുകയും വേണ്ട! എങ്കിലും, ശീർഷകത്തിൽ “അമേരിക്കയുടെ അധോഗതിക്ക്‌” എന്നു പ്രയോഗിക്കാതെ വയ്യ എന്ന നിലയിലേക്ക് സ്ഥിതിഗതികൾ കുതിക്കുമോയെന്ന സന്ദേഹം ഈ ലേഖനത്തിനു പ്രേരിപ്പിച്ചുവെന്ന് പറയേണ്ടിയിരിക്കുന്നു.

ഒരു ഭരണകർത്താവിൻറെ സ്വഭാവ വൈകല്യംമൂലം തകർന്നടിഞ്ഞു പോയ നിരവധി സംസ്ക്കാരങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ദുഃഖകരമായ ചരിത്രം നമുക്കറിവുള്ളതാണ്. ഉദാഹരണം തേടി ചരിത്രത്തിൻറെ ആഴങ്ങളിലേക്കു കുതിക്കണമെന്നില്ല. ഒരു കാലത്ത് അയൽ രാജ്യങ്ങൾ അസൂയയോടെ നോക്കിക്കണ്ടിരുന്ന സാമ്രാജ്യമായിരുന്നു പടിഞ്ഞാറൻ റോമാ സാമ്രാജ്യം. കൊമോഡോസ് ചക്രവർത്തി സിംഹാസനാരോഹണം ചെയ്യുമ്പോൾ സാമ്പത്തിക ശക്തിയിലും സൈനിക ശക്തിയിലും അസൂയാർഹമായ അതുല്യ സ്ഥാനം അലങ്കരിച്ചിരുന്നു. എന്നാൽ, കൊമോഡോസ് അവസരത്തിനൊത്തു് ഉയർന്നില്ല. കൊളീസിയത്തിൽ ഗ്ലാഡിയേറ്റർ കളിച്ചും, യവനഭീമനായ ഹെർക്കുലീസിനു സമാനനാണെന്നു ഭാവിച്ചും അദ്ദേഹം സമയം കളഞ്ഞു. പ്രജകൾക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസം നശിച്ചു. കുശുകുശുക്കലുകളും കുറ്റകൃത്യങ്ങളും ഉപജാപങ്ങളും ഉത്തരോത്തരം ഉയർന്നുവന്നു. ഇവ ചക്രവർത്തിയെ ഒരു സ്വേച്ഛാധിപതിയാക്കിമാറ്റി. മടുത്ത പ്രജകൾ അദ്ദേഹത്തെ കൈകാര്യം ചെയ്തു. കുറ്റകൃത്യങ്ങളിലും, കലാപങ്ങളിലും, അഴിമതിയിലും, മഹത്തായ ഒരു സംസ്ക്കാരവും സാമ്രാജ്യവും മുങ്ങിത്താഴ്ന്നു പോയതായി ചരിത്രം സാക്ഷിക്കുന്നു. ഒരു ഭരണാധികാരി വരുത്തിവെച്ച വിന! അമേരിക്കൻ ജനാധിപത്യത്തിന് അമ്മാതിരി ഒരു ദുര്യോഗം സംഭവിക്കരുതേയെന്ന് നമുക്ക് ആശിക്കാം!

രണ്ടാമതൊരു തവണ ട്രം‌പിന് വൈറ്റ്ഹൗസിൽ പ്രവേശനം തരപ്പെട്ടാൽ കൊമോഡോസ് ചക്രവർത്തിയുടെ വാഴ്ചക്കാലത്തു റോമാ സാമ്രാജ്യത്തിനു സംഭവിച്ചതിനേക്കാൾ ദോഷകരമായ സംഭവ വികാസങ്ങൾക്ക് നാം സാക്ഷികളാവേണ്ടി വന്നേക്കാം! ട്രമ്പുമായി തട്ടിച്ചുനോക്കുമ്പോൾ കൊമോഡോസിന്റെ സ്വാഭാവ വൈകല്യങ്ങൾ നിസ്സാരമായിരുന്നു. തന്റെ കായബലം കാണികളെ കാണിച്ചു കൈയ്യടി വാങ്ങിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു ഭ്രമം. അതിനിടയിൽ അദ്ദേഹം പ്രജകളെ മറന്നു. പ്രജകൾ അദ്ദേഹത്തെയും. ഫലമോ? മഹത്തായ ഒരു സാമ്രാജ്യം ശിഥിലമായി. സഹസ്രാബ്ദങ്ങൾ കഴിഞ്ഞെങ്കിലും ഏവർക്കും അതൊരു ഒരു ഗുണപാഠമായി നിലകൊള്ളുന്നു.

തൻറെ കായികാരോഗ്യത്തിൻറെ കാര്യത്തിൽ ട്രമ്പ് സംശയാലുവാണ്. നല്ലൊരു ശതമാനം ജനങ്ങളും അദ്ദേഹത്തിൻറെ ആരോഗ്യ വിഷയത്തിൽ സംശയാലുക്കളാണ് – പ്രത്യേകിച്ചും മാനസികാരോഗ്യത്തിൽ. അദ്ദേഹത്തിൻറെ പ്രവർത്തികളും സംസാരരീതിയും സംശയത്തിന് ബലമേകുന്നു. അമേരിക്കൻ പ്രസിഡണ്ടിന്റെ ഭാരിച്ച ചുമതലകൾ കൈയ്യാളാനുള്ള കരളുറപ്പും, കരുത്തും മാനസികാവസ്ഥയും തനിക്കുണ്ടെന്നു ആരോഗ്യ വിദഗ്ദ്ധന്മാർ അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്ന ആരോഗ്യരേഖ പുറത്തു കാണിക്കാൻ ട്രമ്പ് പേടിക്കുന്നു. മടിക്കുന്നു. തന്നെ ചുറ്റിപ്പറ്റിയുള്ള സുപ്രധാന രേഖകളും വിവരങ്ങളും ജനമറിയുന്നത് ട്രമ്പിനിഷ്ടമല്ല. എന്നാൽ, ജനങ്ങളെ സേവിക്കാൻ വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കുന്നതാണ് തൻറെ ജീവിതമെന്ന് നാഴികയ്‌ക്കു നാല്പതു വട്ടം അദ്ദേഹം തട്ടിവിടുകയും ചെയ്യുന്നു.

പ്രജകൾക്കിടയിൽ തലയുയർത്തിയ നിയമനിഷേധ പ്രവണതകളാണ് കൊമോഡോസ് ചക്രവർത്തിയെ ഒരു സ്വേച്ഛാധിപതിയുടെ വേഷം എടുത്തണിയാൻ നിർബന്ധിച്ചത്. കൊല്ലാനും കൊല്ലിക്കാനും, പ്രജകളുടെ സമ്പാദ്യവും, ഭാര്യമാരെപ്പോലും സ്വന്തമാക്കാനും അധികാരവും അവകാശവുമുള്ള ചക്രവർത്തി സ്വേച്ഛാധിപതിയായി മാറിയതിൽ അത്ഭുതത്തിനാവകാശമില്ല!എന്നാൽ, ജനാധിപത്യത്തിൽ അത് സംഭവിച്ചുകൂടാ. ജന്മനാ സ്വേച്ഛാധിപത്യ പ്രവണതയുള്ള വ്യക്തിയാണ് ട്രമ്പ്. പിതാവിൽനിന്നും കിട്ടിയതാണെന്ന്‌ സമ്മതിച്ചിട്ടുമുണ്ട്. താൻ സർവജ്ഞനാണെന്നും, സർവ്വകലാവല്ലഭനാണെന്നും, തന്നെ എല്ലാവരും ഏതു കാര്യത്തിനും പുകഴ്ത്തണമെന്നും തൻറെ അപ്രമാദിത്വത്തെ ആരും ചോദ്യം ചെയ്തുകൂടെന്നും അദ്ദേഹത്തിനു നിർബന്ധമാണ്. പുകഴ്ത്തലിൻറെ പുൽകലിൽ പുളകിതനായി സ്വയം മറക്കുന്ന ട്രമ്പിനെ ഏതു വേഷത്തിലും വളച്ചൊടിക്കാമെന്നാണ് വൈറ്റ് ഹൗസിൽ അദ്ദേഹത്തിൻറെ സഹപ്രവർത്തകരായിരുന്ന ചിലരുടെ മതം. പ്രസിഡണ്ടിന്റെ സുപ്രധാന നയങ്ങളെ അപകടകരമാം വിധം സ്വാധീനിക്കാൻ ഇത് ഇടയാക്കിയേക്കാമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. വിടുവായത്തം ട്രമ്പിൻറെ ജന്മനായുള്ള രീതിയാണെന്നു കരുതുന്നതിൻ പതിരില്ല. നിയന്ത്രണമില്ലാത്ത നാക്കിൻറെ ഉടമ അമേരിക്കൻ പ്രസിഡണ്ടും കമാൻഡർ ഇൻ ചീഫും ആയിരിക്കുന്നത് രാജ്യത്തിനും ലോകത്തിനും അപകടകരമാണ്. നമ്മുടെ ഇടപെടലുകളിൽ ചിലപ്പോൾ തെറ്റുകൾ സംഭവിക്കാം. വ്യാപാരങ്ങളിൽ തോൽവി നേരിടേണ്ടി വന്നേക്കാം. തെറ്റുകൾ സമ്മതിച്ചും തിരുത്തലുകൾ നടത്തിയും മുന്നോട്ടു പോകേണ്ടത് അധികാരസ്ഥാനത്തു വിരാജിക്കുന്നവർക്കു അവശ്യമാണ്. തോൽവിയെ ഭയപ്പെടുന്നവർക്കായി ഒരു മത്സരമുണ്ടെങ്കിൽ ഒന്നാം സമ്മാനം ട്രമ്പിനായിരിക്കുമെന്നതിൽ രണ്ടു പക്ഷമില്ല! അമേരിക്കയിലെ പരാജയ കേസരി-greatest looser-എന്ന വിശേഷണം ട്രമ്പിനു ചാർത്തിക്കൊടുത്തത് തികച്ചും ന്യായവും യുക്തവുമാണെന്നു സമ്മതിക്കാതെ വയ്യ! രണ്ടായിരത്തി ഇരുപതിലെ പരാജയത്തിൽ, വൃദ്ധനും മനസിക വിഭ്രാന്തിയിൽ ഉഴലുന്നവനുമായ ട്രമ്പ് കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ അമേരിക്കൻ ജനാധിപത്യ വ്യവസ്ഥിതിക്കുണ്ടാക്കിയ ഉലച്ചിലും അന്താരാഷ്ട്രീയ തലത്തിലുണ്ടാക്കിയ നാണക്കേടും ചെറുതല്ല. ഇന്നും ഇളിപ്പില്ലാതെ അതിൻറെ പേരിൽ പൊറുപൊറുത്തു നടക്കുന്ന വ്യക്തിത്വമാണ് വൈറ്റ് ഹൗസിൽ വീണ്ടും കണ്ണുനട്ടിരിക്കുന്നത്. അമേരിക്കൻ ജനതയ്ക്ക് ഇതുണ്ടാക്കുന്ന നാണക്കേട്, നാണമെന്താണെന്നറിയാത്ത ട്രമ്പിനു മനസിലാകുകയില്ല! കേഴുക; പ്രിയ നാടേ!

വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1987-ൽ, ട്രമ്പിന്, പേരും പെരുമയും പണവും നേടിക്കൊടുത്ത ഒരു രചനയാണ്‌ ദി ആര്‍ട്ട് ഓഫ് ദി ഡീൽ. ട്രമ്പിൻറെ സഹായത്തോടു കൂടി ടോണി ഷ്വാർട്സ് എന്നൊരു പത്രപ്രവർത്തകനാണ് പുസ്തക രചന നടത്തിയത്. ട്രമ്പിൻറെ ബിസിനസ് കാര്യങ്ങളും ജീവിതവുമായിരുന്നു പ്രമേയം. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ മാസങ്ങളോളം ഒന്നാം സ്ഥാനത്തു തുടർന്ന കൃതിയാണത്. ട്രമ്പുമായുള്ള ദീർഘകാലത്തെ സഹകരണവും സംഭാഷണവും അദ്ദേഹത്തെ ശരിയാംവിധം മനസ്സിലാക്കുവാൻ ടോണിക്ക് അവസ്സരം നൽകി. ട്രമ്പിനെപ്പറ്റിയുള്ള ടോണിയുടെ അഭിപായം ശ്രദ്ധിക്കുക: “സാമൂഹ്യ വിരുദ്ധ മനോഭാവമുള്ളവരുടെ മിക്കവാറുമെല്ലാ സ്വഭാവ ദൂഷ്യങ്ങളും–കാപട്യം, വരുംവരാഴ്കകൾ ചിന്തിക്കാതെയുള്ള എടുത്തു ചാട്ടം, നിസ്സംഗ മനോഭാവം, ആക്രമണ വാസന, നിയമപരമായ സാമൂഹ്യ മര്യാദകൾ പാലിക്കുന്നതിലുള്ള വൈമുഖ്യം, കമ്മിയായ ചുമതലാ ബോധം. അപരാധബോധമില്ലായ്ക”- ഇവയൊക്കെ ട്രമ്പിൽ ദർശിക്കുവാൻ എനിക്ക് ഇടയായി. “കുറ്റബോധമില്ലായ്കയായിരുന്നു മറ്റെല്ലാ വൈകല്യങ്ങളും തോന്നുംപടി തുടരാൻ ട്രമ്പിനെ പ്രേരിപ്പിച്ചിരുന്നത്. ആത്മാർത്ഥത/കൂറ്, ട്രമ്പിന്‌ വൺവേ ട്രാഫിക് ആയിരുന്നു.” ടോണി നിരീക്ഷിക്കുന്നു. ഡൊണാൾഡ് ട്രമ്പിനെ മനസ്സിലാക്കാൻ മെനക്കെടുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രത്യേക കാര്യം ന്യൂസ്‌ഡേ പത്രത്തിൻറെ പ്രസാധകനും, പുലിറ്റ്‌സർ സമ്മാന ജേതാവുമായ മൈക്കൾ.ഡി. അന്തോണിയോ വെളിവാക്കിത്തരുന്നു. 2015-ൽ അദ്ദേഹം, Never Enough എന്ന പേരിലുള്ള ട്രമ്പിൻറെ ജീവചരിത്രത്തിനായി ട്രമ്പുമായി നടത്തിയ അഭിമുഖത്തിൽ ട്രംപ് മനസ്സുതുറന്നതിങ്ങനെ: “When I look at myself in the First Grade and I look at myself now, I am basically the same.”ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു കുട്ടി വളർന്നു, വലിയ ആളായി, ഉന്നത പദവികൾ വഹിച്ചു. 69-ാം വയസ്സിൽ രാജ്യത്തിലെ ഏറ്റവുമുന്നത പദവി ലക്ഷ്യമിടുന്നു. ആ അവസരത്തിൽ പരസ്യമായി പറയുന്നു ”ഒരു മൂക്കാതെ പഴുത്ത കനിയാണ്” താനെന്ന്.

ട്രമ്പിൻറെ വിടുവായത്തത്തിൽ മയങ്ങിയ ജനത്തിന്, വായ് തുറന്നു പറഞ്ഞ ഏക സത്യം കേൾക്കാനുള്ള ചെവിയില്ലാതെ പോയി. അവർ, അദ്ദേഹത്തെ പ്രസിഡണ്ട് പദവിയിലേക്ക് ആനയിച്ചു. മണ്ടത്തരം മനസ്സിലായപ്പോൾ ഇറക്കിവിട്ടു. ഇന്നിതാ വീണ്ടും ആ പദവിയിൽ അണയാൻ കിണഞ്ഞു പരിശ്രമിക്കുന്നു. പൂർവാധികം വായ്ത്താരികളുമായി, വാഗ്‌ദാനങ്ങളുമായി.

പ്രിയ സഹോദരീ സഹോദരൻമാരെ പഴയ അമളി ആവർത്തിക്കാതെ സൂക്ഷിക്കുക. എൺപതോടടുത്തിട്ടും എട്ടു വയസ്സുകാരൻറെ ബുദ്ധിയും വിവേകവുമാണോ കൈമുതൽ എന്നാരാഞ്ഞിട്ട് വോട്ടും നോട്ടും കൊടുക്കുന്നതല്ലേ ബുദ്ധി! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് പറയാറില്ലേ?

 

Print Friendly, PDF & Email

Leave a Comment

More News