തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള യു ഡി എഫ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസ് ആലോചനകൾ പൂർത്തിയാക്കി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ മുൻ എംപി രമ്യാ ഹരിദാസും യു ഡി എഫ് സ്ഥാനാർത്ഥികളായേക്കും.
വിജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ നിര്‍ണ്ണയിക്കുന്നത്. എഐസിസി നിയോഗിച്ച സർവേ ഏജൻസിയുടെ സർവേയും നിർണായകമാണ്. കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയായിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. പാലക്കാട്ടെ പ്രാദേശിക എതിർപ്പുകൾ മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത്. ഷാഫി പറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ പിന്തുണയും രാഹുലിന് തുണയായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യക്ക് കോൺഗ്രസ് ഒരവസരം കൂടി നല്‍കുകയാണ്. മുൻ എം.പി കൂടിയായ രമ്യ ഹരിദാസ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിക്കുകയും എൽഡിഎഫിന്റെ കെ. രാധാകൃഷ്ണനോട് തോൽക്കുകയും ചെയ്തിരുന്നു. കെ. രാധാകൃഷ്ണൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതിനു പിന്നാലെയാണ് ചേലക്കര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, ചേലക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുന്‍ എംഎല്‍എ യു.ആര്‍ പ്രദീപിനാണ് സാദ്ധ്യത. മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസാംഗമായിരുന്ന അദ്ദേഹം 2021ല്‍ കെ രാധാകൃഷ്ണന് മത്സരിക്കുന്നതിന് വേണ്ടി മാറി നില്‍ക്കുകയായിരുന്നു. മുന്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതനാണ് പ്രദീപ്. അതുകൊണ്ട് തന്നെ ഇവിടെ മറ്റൊരു പേരിലേക്കും പാര്‍ട്ടിയുടെ ചര്‍ച്ചകള്‍ കടന്നില്ല.