മെലീഹ നാഷണൽ പാർക്കിന്റെ സംരക്ഷണവേലി നിർമാണമാരംഭിച്ചു

ഷാര്‍ജ: ഷാർജയിൽ പുതുതായി പ്രഖ്യാപിച്ച മെലീഹ നാഷണൽ പാർക്കിന്റെ സംരക്ഷണവേലിയുടെ നിർമാണം ആരംഭിച്ചു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിൽ 34.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി ഒരുങ്ങുന്ന ദേശീയോദ്യാനത്തിലെ പ്രകൃതിദത്തവും ചരിത്രപരവുമായ അപൂർവകാഴ്ചകൾ സംരക്ഷിക്കാനും സന്ദർശനങ്ങൾ നിയന്ത്രിക്കാനുമാണ് പുതിയ നിർമാണം. ഷാർജ പബ്ലിക് വർക്ക് ഡിപാർട്മെന്റിന്റെ നേതൃത്വത്തിലുള്ള നിർമാണ പ്രവൃത്തികൾ ഈ വർഷം അവസാനപാദത്തോടെ പൂർത്തിയാകും.

യുഎഇയിലെയും മേഖലയിലെയും തന്നെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തുശേഷിപ്പുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മെലീഹ. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഇവിടെ ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന പ്രദേശം വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ മെയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണൽ പാർക്ക് പ്രഖ്യാപിച്ചത്.

“ഈ പ്രദേശത്തിന്റെ സാംസ്കാരികവും പ്രകൃതിദത്തവുമായ പാരമ്പര്യത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് മെലീഹ. കൃത്യമായ നിയന്ത്രണങ്ങളും സംരക്ഷണവേലിയും ഉറപ്പുവരുത്തുന്നതിലൂടെ, പകരം വയ്ക്കാനില്ലാത്തെ ഈ പ്രകൃതി വിഭവങ്ങളും ചരിത്രശേഷിപ്പുകളും വരാനിരിക്കുന്ന തലമുറകൾക്ക് വേണ്ടി കൂടി കരുതിവയ്ക്കുകയാണ് ചെയ്യുന്നത്”- ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) സിഈഓ അഹ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു. “സംരക്ഷണവേലി കെട്ടുന്നതിലൂടെ നിയന്ത്രണങ്ങൾ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്, പകരം കൂടുതൽ സുസ്ഥിരവും കേന്ദ്രീകൃതവുമായ വിനോദസഞ്ചാര മാതൃകകൾ അവതരിപ്പിക്കാനാണ്. ഇതുവഴി പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനുമാവും” – അദ്ദേഹം കൂട്ടിച്ചേർത്തു.

വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാരപ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ ‘ഹൈബ്രിഡ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മെലീഹ നാഷണൽ പാർക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ ഒരുക്കുന്ന മെലീഹ നാഷണൽ പാർക്കിൽ ഗവേഷണ അവസരങ്ങളുമുണ്ടാവും. മേഖലയുടെ ചരിത്രത്തിലും പ്രകൃതിസവിശേഷതകളിലും ​ഗവേഷണം നടത്തുന്നവർക്കും വിദ്യാർത്ഥികൾക്കുമെല്ലാം കൂടുതൽ അവസരങ്ങൾ നൽകുക വഴി, മെലീഹയുടെ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുകയാണ് ലക്ഷ്യം.

ഏതാണ്ട് രണ്ടു ലക്ഷം വർഷത്തിലേറെ പഴക്കമുള്ള, ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ മനുഷ്യ കുടിയേറ്റങ്ങളിലൊന്നിന്റെ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തിയിട്ടുള്ള മെലീഹ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രകൃതിയും പൈതൃകവും സംരക്ഷിക്കുന്നതോടൊപ്പം സുസ്ഥിരമാതൃകകൾ പിൻപറ്റുന്ന വിനോദസ‍ഞ്ചാര അനുഭവങ്ങളും ആതിഥേയത്വവും മെലീഹ ദേശീയോദ്യാനത്തിന്റെ ഭാ​ഗമാണ്. ചരിത്രകാഴ്ചകൾ അടുത്തു കാണാവുന്ന മെലീഹ ആർക്കിയോളജിക്കൽ സെന്റർ, മരുഭൂമിയിലെ ക്യാംപിങ് അനുഭവങ്ങളും സാഹസിക റൈഡുകളും വാനനിരീക്ഷണവും, ഇതിനു പുറമെ മരുഭൂമിയുടെ ആകാശക്കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ്, ആഡംബരവും ആതിഥേയത്വവും സമ്മേളിക്കുന്ന അൽ ഫായ റിട്രീറ്റ്, മൂൺ റിട്രീറ്റ് എന്നീ ഹോട്ടലുകളും മെലീഹ നാഷണൽ പാർക്കിന്റെ അനുവദനീയ സോണുകളിലുണ്ടാവും.

Print Friendly, PDF & Email

Leave a Comment

More News