പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാംകൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു .

പാലക്കാട് സീറ്റിൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം എ.ഐ.സി.സി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ പി. സരിൻ തീരുമാനമെടുത്തതിലുള്ള തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.

വടകര മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി നേതാവ് ഷാഫി പറമ്പിൽ ഒഴിഞ്ഞതിനെ തുടർന്നാണ് ഈ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അനിവാര്യമായത്.

ഏതാനും വ്യക്തികളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി പാർട്ടിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരെ പാർട്ടി തിരുത്തിയില്ലെങ്കിൽ, പാലക്കാട് മറ്റൊരു ഹരിയാനയായി മാറിയേക്കാമെന്ന് മണ്ഡലത്തിലേക്കുള്ള കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി നിർണയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സരിൻ ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്നെയുമല്ല, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിയമസഭാ സീറ്റിൽ എത്തിച്ചതിൽ ഷാഫി പറമ്പിലിൻ്റെ പങ്കിനെക്കുറിച്ച് പരോക്ഷമായി അതൃപ്തി അറിയിച്ചു.

വളരെ കരുതലോടെയാണ് സരിന്‍റെ നീക്കം എന്നത് ഇന്ന് (ഒക്‌ടോബർ 16) പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്നു വ്യക്തമാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ തയ്യാറാകാതെ തന്ത്രപരമായി അഭിപ്രായ പ്രകടനം നടത്തുമ്പോഴും 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനമുണ്ടാകണം എന്നൊരു നിലപാട് ഏതാണ്ട് അന്ത്യശാസനം എന്ന നിലയില്‍ സരിന്‍ മുന്നോട്ടു വെച്ചു. നിലവിലെ സാഹചര്യത്തില്‍ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ത്ഥിയെ മാറ്റുക എന്നത് അസംഭവ്യം എന്ന കാര്യം സരിനറിയാം.

അപ്പോള്‍ 48 മണിക്കൂറിനു ശേഷം സ്വാഭാവികമായും സരിന്‍ നിലപാട് ആവര്‍ത്തിക്കുന്നതോടെ കോണ്‍ഗ്രസ് നേതൃത്വം സരിനെതിരെ രംഗത്തു വരികയും സരിനെ തള്ളിപ്പറയുകയും ചെയ്യും. ഈ അവസരം മുതലാക്കി രക്തസാക്ഷി പരിവേഷത്തോടെ സിപിഎമ്മിലേക്കു പോകുക എന്നതു തന്നെയാകും സരിന്‍റെ നിലപാട് എന്നതാണ് വരുന്ന സൂചനകള്‍.

നേരത്തെ തന്നെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ നേരില്‍ കണ്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താൽപര്യം സരിന്‍ അറിയിച്ചിരുന്നു. സുധാകരന് സരിന്‍റെ കാര്യത്തില്‍ അനുകൂല നിലപാടുമായിരുന്നു. ഇക്കാര്യത്തില്‍ താന്‍ ഒപ്പമാണെന്നറിയിച്ച സുധാകരന്‍, ഡല്‍ഹിയിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ട് ഇതേ ആവശ്യം ഉന്നയിക്കാന്‍ സരിനോടു നിര്‍ദേശിച്ചു. ഇതനുസരിച്ച് ഡല്‍ഹിയിലെത്തിയ സരിന്‍, കെസി വേണുഗേപാലിനെയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെയും കണ്ട് തന്‍റെ ആഗ്രഹം അറിയിച്ചു.

പാലക്കാട്ടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അതെങ്ങനെ തനിക്കനുകൂലമാകുമെന്നതും അദ്ദേഹം ഇരു നേതാക്കളോടും വിശദീകരിച്ചു. അനുകൂല നിലപാടുണ്ടാകും എന്ന ഉറപ്പില്‍ സരിന്‍ കേരളത്തിലേക്കു മടങ്ങിയെങ്കിലും 14 നു ചേര്‍ന്ന കെപിസിസി സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി യോഗത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഷാഫി പറമ്പിലിന്‍റെ കടുത്ത സമ്മര്‍ദ്ദം കണക്കിലെടുത്ത് വി ഡി സതീശന്‍ ശക്തമായി രാഹുല്‍ മാങ്കൂട്ടത്തിലിനായി നിലകൊണ്ടു. ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഉയര്‍ത്തിയ വാദങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല. അവസാനം പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം സതീശനും ഷാഫി പറമ്പിലിനുമായിരിക്കുമെന്ന മുന്നറിയിപ്പോടെ സുധാകരന്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മതം മൂളി.

അവസാന നിമിഷം വരെ പ്രതീക്ഷയോടെ കാത്തിരുന്ന സരിന്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടി. ഇതോടെ ക്ഷുഭിതനായ സരിന്‍ പരസ്യമായി വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തുകയായിരുന്നു. മാത്രമല്ല, ജില്ലയില്‍ ദീര്‍ഘകമാലമായി ഷാഫി പറമ്പിലിന്‍റെ എതിര്‍ ചേരിയില്‍ നിന്ന് പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപാടുപെടുന്ന സരിന്‍ ഇതു തന്നെ അവസരമായി കാണുകയും ചെയ്‌തു. സരിന്‍റെ ഈ നീക്കത്തോടെ മണ്ഡലത്തില്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സിപിഎം നേതൃത്വത്തിന് ഇതൊരു കച്ചിത്തുരുമ്പായി. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി സിപിഎം ജില്ലാ നേതൃത്വം ആശയ വിനിമയം നടത്തിയപ്പോള്‍ തുടര്‍ നീക്കങ്ങളുമായി മുന്നോട്ടു പോകാനുള്ള നിര്‍ദേശം ലഭിച്ചു.

ഇതോടെ സിപിഎം ജില്ലാ നേതൃത്വം സരിന് രഹസ്യ പിന്തുണ വാഗ്‌ദാനം ചെയ്‌തു. ഇതോടെയാണ് വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനും അതേ സമയം പരസ്യമായി കോണ്‍ഗ്രസിനെ തള്ളാതെയും സരിന്‍ രംഗത്തിറങ്ങിയത്. തന്നെ മനപൂര്‍വം വെട്ടി നിരത്താന്‍ ഷാഫി രംഗത്തിറക്കിയ തുറുപ്പു ചീട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നത് സരിന് കൃത്യമായറിയാം. ഈ സാഹചര്യത്തില്‍ രാഹുലിനെ പരാജയപ്പെടുത്തുന്നതിലൂടെ ഷാഫിക്ക് കനത്ത പ്രഹരമേല്‍പ്പിക്കാമെന്ന കണക്കു കൂട്ടലും സരിനുണ്ട്. ഇതു സംബന്ധിച്ച് ഇന്നും നാളെയും കോണ്‍ഗ്രസ് നേതൃത്വം എന്തു നിലപാടു സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. അതുണ്ടായില്ലെങ്കില്‍ പിന്നെ പന്ത് പതിക്കുക സിപിഎമ്മിന്‍റെ കോര്‍ട്ടിലാകും.

പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്‍റും എംഎല്‍എയുമായ എ വി ഗോപിനാഥും ഇത്തരത്തില്‍ കലാപക്കൊടിയുയര്‍ത്തി നിരന്തരമായി പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. അതിനു പിന്നാലെയാണ് ജില്ലയില്‍ നിന്നുള്ള മറ്റൊരു കരുത്തുറ്റ യുവ നേതാവായ സരിന്‍ കൂടി കോണ്‍ഗ്രസിനു മുന്നില്‍ അന്ത്യശാസനവുമായി എത്തുന്നത്. ജില്ലയില്‍ പാര്‍ട്ടിക്ക് ഒരു ലോക്‌സഭാംഗമുണ്ടെന്നതു ശരിയാണെങ്കിലും നിയമസഭാ മണ്ഡലങ്ങളില്‍ പാലക്കാടും മണ്ണാര്‍ക്കാടുമൊഴികെ മുഴുവന്‍ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണ്. 2021 ല്‍ ഷാഫിയാകട്ടെ ബിജെപി സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരനോടു വിയര്‍ത്തു കുളിച്ചാണ് കടന്നു കൂടിയത്.

ഈ സാഹചര്യത്തില്‍ സരിന്‍ കോണ്‍ഗ്രസിനു വെല്ലുവിളി ഉയര്‍ത്തി എതിര്‍ ചേരിയിലെത്തിയാല്‍ അതു പാലക്കാട് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. പക്ഷേ അന്തിമ വിജയം സിപിഎമ്മിനായിരിക്കുമോ ബിജെപിക്കായിരിക്കുമോ എന്നതു പ്രവചിക്കുക അസാധ്യമായിരിക്കും.

അതേസമയം, തന്നെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്താലുള്ള നേട്ടങ്ങൾ വിശദീകരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തെഴുതിയതായി സരിൻ പറഞ്ഞു.

സരിൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ മാങ്കൂട്ടത്തില്‍ വിസമ്മതിച്ചു, സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്തായിരുന്നു, ഇന്നും നാളെയും അങ്ങനെ തന്നെ തുടരുമെന്നും പറഞ്ഞു.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടുനിന്ന് മാങ്കൂട്ടത്തിലിൻ്റെയും ചേലക്കര നിയമസഭാ മണ്ഡലത്തിൽ നിന്ന് മുൻ എം.പി. രമ്യ ഹരിദാസിൻ്റെയും സ്ഥാനാർത്ഥിത്വം ചൊവ്വാഴ്ച വൈകീട്ടാണ് കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്.

നവംബർ 13-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

Print Friendly, PDF & Email

Leave a Comment

More News