ശബരിമല നട ഇന്ന് തുറക്കും; പുതിയ മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ് നാളെ

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഇന്നില്ല. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.

മേല്‍ശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തില്‍ നിന്ന് ഋഷികേശ് വര്‍മയേയും വൈഷ്ണവിയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാകും ക്ഷേത്ര നടകള്‍ തുറക്കുക. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നവംബര്‍ 15-ന് ക്ഷേത്രനട വീണ്ടും തുറക്കും.

അതേസമയം, മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വി.ജോയിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സ്പോട്ട് ബുക്കിങ് എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചില്ലെങ്കിലും ഓൺലൈൻ റജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News